പര്‍ദ ധരിച്ച വിദ്യാര്‍ഥികള്‍ ബസ് തടഞ്ഞതിനെ വര്‍ഗീയ പ്രചാരണത്തിനുള്ള ആയുധമാക്കി സംഘപരിവാര്‍ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍. കോളജിന് മുന്നില്‍ നിര്‍ത്താതെ പോയ ബസ് തടഞ്ഞ് ജീവനക്കാരോട് കയര്‍ത്ത വിദ്യാര്‍ഥിനികളുടെ വീഡിയോ ഉപയോഗിച്ചാണ് വര്‍ഗീയ പ്രചാരണം. കാസര്‍ഗോഡ് കൻസ വനിതാ കോളേജിലെ വിദ്യാര്‍ഥികളുടെ ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് പര്‍ദയിടാത്തതിന് ഹിന്ദു സ്ത്രീയോട് തട്ടിക്കയറുന്നു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത്. വിഷയം ഓൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ കഴിഞ്ഞ ദിവസംതന്നെ വിഷയം കേരളാ പോലീസ് ഉൾപ്പെടെയുള്ള അധികൃതരെ ടാഗ് ചെയ്ത് എക്സില്‍ പങ്കുവച്ചിരുന്നു.
കുമ്പള - മുള്ളേരിയ കെഎസ്ടിപി റോഡിൽ ഭാസ്ക്കര നഗറിൽ ഒക്ടോബർ 22 ന് നടന്ന സംഭവമാണ് വ്യാജ പ്രചാരണത്തിന് ഉപയോഗിക്കുന്നത്. നിര്‍ത്താതെ നിർത്താതെ പോയ സ്വകാര്യ ബസ് ഒരുകൂട്ടം കോളേജ് വിദ്യാർഥികൾ തടഞ്ഞ് പ്രതിഷേധിക്കുകയായിരുന്നു. ഇതിനിടെ പർദ്ദ ധരിച്ച ഒരുകൂട്ടം പെൺകുട്ടികൾ സാരിയുടുത്ത ഒരു മധ്യവയസ്കയുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയും ചെയ്യുന്നുണ്ട്. എന്നാല്‍ സ്ത്രീ പർദ്ദയിടാത്തതിന് അവരോട് തട്ടിക്കയറുകയാണെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു.
ബിജെപി ദേശീയ സെക്രട്ടറി അനിൽ കെ ആന്റണി ഉൾപ്പെടെ വ്യാജ പ്രചാകരങ്ങള്‍ ഏറ്റുപിടിച്ച് വീഡിയോ പങ്കുവയ്ക്കുകയും ചെയ്തു. പിന്നാലെയാണ് വസ്തുതാന്വേഷണ സെറ്ററായ ഓൾട്ട് ന്യൂസ് വീഡിയോയുടെ വസ്തുത പങ്കുവച്ച് രംഗത്തെത്തിയത്. ഇതിനിടെ അനിൽ കെ ആന്റണി ഷെയര്‍ ചെയ്ത വീഡിയോ ഡിലീറ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ ഇതിന്റെ സ്ക്രീന്‍ ഷോട്ട് ഉള്‍പ്പെടെ ഇപ്പോഴും ലഭ്യമാണ്.
' ഇന്ത്യയിൽ ഒരിടത്ത് ബസിൽ പർദയിടാതെ സഞ്ചരിച്ചതിന് മുസ്ലിം പെൺകുട്ടികൾ തട്ടിക്കയറുന്നു' എന്ന തലക്കെട്ടോടുകൂടി ഈ ദൃശ്യങ്ങൾ അമേരിക്കൻ മാധ്യമപ്രവർത്തക എമി മേക് കഴിഞ്ഞ ദിവസം എക്‌സിൽ പോസ്റ്റ് ചെയ്തിരുന്നു. ഇത് പിന്നീട് ഇന്ത്യയിലെ സംഘപരിവാർ പ്രൊഫൈലുകൾ ഏറ്റെടുക്കുകയായിരുന്നു. 'കേരളത്തിൽ പർദ്ദ ഇടാൻ ഹിന്ദു സ്ത്രീയെ മുസ്ലിം പെൺകുട്ടികൾ നിർബന്ധിക്കുന്നു' എന്ന കുറിപ്പോടുകൂടി നിരവധി പേർ ഇതേ ദൃശ്യങ്ങൾ പങ്കുവച്ചിരുന്നു.
കൻസ വനിതാ കോളേജിന് സമീപമുള്ള ബസ് സ്റ്റോപ്പിൽ ആർടിഒയുടെ നിർദേശം ഉണ്ടായിട്ടും ബസ് നിർത്താതെ പോകുകയായിരിരുന്നു. ഇതേ തുടർന്നാണ് ഒരുകൂട്ടം വിദ്യാർഥികൾ സംഘടിച്ചെത്തി ബസ് തടഞ്ഞത്. ഇതിനിടെ വിദ്യാർഥികളും ബസ് ജീവനക്കാരും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും ചെയ്തിരുന്നു. ഒടുവിൽ പോലീസെത്തി പ്രശ്നപരിഹാരം ഉണ്ടാക്കിയതോടെയാണ് വിദ്യാർഥികൾ പിരിഞ്ഞുപോയത്. ഇതിനെപറ്റി നിരവധി വാർത്തകളും മലയാളം മാധ്യമങ്ങളിൽ വന്നിരുന്നു.