INDIA

കരിമ്പ് കര്‍ഷകര്‍ മുതല്‍ യുവാക്കള്‍ വരെ; കെസിആറിന് എതിരെ വന്‍ 'സ്വതന്ത്രനിര'

തെലങ്കാനയില്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന് എതിരെ മത്സരിക്കാനായി നാമനിര്‍ദേശപത്രിക നല്‍കിയിരിക്കുന്നത് 100ല്‍ ഏറെ സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍

വെബ് ഡെസ്ക്

തെലങ്കാനയില്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന് എതിരെ മത്സരിക്കാനായി നാമനിര്‍ദേശപത്രിക നല്‍കിയിരിക്കുന്നത് നൂറിലേറെ സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍. കരിമ്പ് കര്‍ഷകര്‍ അടക്കമുള്ളവരാണ് മുഖ്യമന്ത്രിക്ക് എതിരെ സ്വതന്ത്രരായി മത്സര രംഗത്തെത്തിയിരിക്കുന്നത്. ഗജ്‌വേല്‍, കാമറെഡ്ഡി മണ്ഡലങ്ങളില്‍ നിന്നാണ് കെസിആര്‍ ജനവിധി തേടുന്നത്. ഈ രണ്ടു മണ്ഡലങ്ങളിലുമായി നൂറിലേറെ സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്ക് എതിരെ വന്‍ മത്സരം കാഴ്ചവയ്ക്കാനല്ല, കര്‍ഷക പ്രശ്‌നങ്ങളിലുള്ള പ്രതിഷേധമായിട്ടാണ് കര്‍ഷക സംഘടനകള്‍ മത്സരത്തിന് ഇറങ്ങിയിരിക്കുന്നത്.

കരിമ്പ് കര്‍ഷകരുടെ രോഷം

ഗജ്‌വേല്‍ മണ്ഡലത്തില്‍ കെസിആര്‍ ഉള്‍പ്പെടെ 154 സ്ഥാനാര്‍ത്ഥികളാണുള്ളത്. മുത്യാപെട്ടില്‍ നിന്നുള്ള കരിമ്പ് കര്‍ഷകരാണ് ഇതില്‍ അധികവും. സര്‍ക്കാരിന് എതിരെ കരിമ്പ് കര്‍ഷകരുടെ പ്രതിഷേധം ശക്തമാണ്. നിസാമാബാദ് ജില്ലയിലെ നിസാം ഡെക്കാന്‍ ഷുഗര്‍ ഫാക്ടറി വീണ്ടും പ്രവര്‍ത്തനം ആരംഭിക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. മോശം കാലാവസ്ഥയെ തുടര്‍ന്ന് നശിച്ച വിളകള്‍ക്ക് കൃത്യമായ നഷ്ടപരിഹാരം നല്‍കിയിട്ടില്ലെന്നും കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ മുഖ്യമന്ത്രിക്ക് എതിരെ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് നേരത്ത തന്നെ കര്‍ഷക സംഘടനകള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ തെലങ്കാന സര്‍ക്കാര്‍ പരാജയപ്പെട്ടു. കാമറെഡ്ഡി ഫാര്‍മേഴ്‌സ് ജോയിന്റ ആക്ഷന്‍ കമ്മിറ്റി അംഗങ്ങളാണ് സ്വതന്ത്രരായി മത്സരിക്കുന്നവരില്‍ ഭൂരിഭാഗവും.

സംസ്ഥാന സിവില്‍ സര്‍വീസ് പരീക്ഷകളില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് സമരം ചെയ്യുന്ന യുവാക്കളും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി രംഗത്തുവന്നിട്ടുണ്ട്. പരീക്ഷകള്‍ നടത്തുന്നതില്‍ വീഴ്ച വരുന്നതും ചോദ്യ പേപ്പറുകള്‍ ചോര്‍ന്നതും അടക്കമുള്ള വിഷയങ്ങളില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കിടയില്‍ കടുത്ത അമര്‍ഷമുണ്ട്. തെലങ്കാന സംസ്ഥാന രൂപീകരണ പ്രക്ഷോഭത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് തൊഴില്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുന്നവരും മുഖ്യമന്ത്രിക്ക് എതിരെ മത്സരിക്കുന്നുണ്ട്.

2014ല്‍ 44.06 ശതമാനം വോട്ട് നേടിയാണ് കെസിആര്‍ ഗജ്‌വേലില്‍ വിജയിച്ചത്. 2018ല്‍ 1.25 ലക്ഷം വോട്ട് നേടിയായിരുന്നു ജയം. 60.45 ശതമാനം വോട്ട് കെസിആര്‍ നേടി. കാമറെഡ്ഡിയില്‍ ആദ്യമായാണ് കെസിആര്‍ മത്സരത്തിനിറങ്ങുന്നത്. കെസിആര്‍ ഉള്‍പ്പെടെ 102പേരാണ് ഇവിടെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്.

കാമറെഡ്ഡിയില്‍ കെസിആറിന് എതിരെ പ്രധാനമായി മത്സരിക്കുന്നത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രേവന്ത് റെഡ്ഡിയാണ്. കൊടംഗലില്‍ നിന്നും രേവന്ത് റെഡ്ഡി ജനവിധി തേടുന്നുണ്ട്. കെ വെങ്കട രമണ റെഡ്ഡിയാണ് ബിജെപി സ്ഥാനാര്‍ത്ഥി. തംകുണ്ട നര്‍സ റെഡ്ഡിയാണ് ഗജ്‌വേലില്‍ കെസിആറിന് എതിരായ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. എതലാല്‍ രാജേന്ദര്‍ ആണ് ബിജെപി സ്ഥാനാര്‍ത്ഥി. നവംബര്‍ 30നാണ് തിരഞ്ഞെടുപ്പ്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ