INDIA

ഡല്‍ഹി മദ്യനയക്കേസ്: കെജ്‌രിവാളിനൊപ്പം ആം ആദ്മി പാര്‍ട്ടിയെയും പ്രതിപ്പട്ടികയില്‍ ചേര്‍ത്ത് ഇ ഡി

കെജ്‌രിവാളും ഹവാല ഇടപാടുകാരും ചാറ്റിലൂടെ പരസ്പരം ബന്ധപ്പെട്ടതിനു തെളിവുകളുണ്ടെന്നും ഇ ഡി സുപ്രീംകോടതിയിൽ പറഞ്ഞിരുന്നു

വെബ് ഡെസ്ക്

ഡൽഹി മദ്യനയകേസിൽ ആദ്യമായി ആം ആദ്മി പാർട്ടിയെയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും പ്രതി ചേർത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഡൽഹിയിലെ കോടതിയിൽ പുതുതായി ഫയൽ ചെയ്ത അനുബന്ധ കുറ്റപത്രത്തിലാണ് കെജ്‌രിവാളിനെയും പാർട്ടിയെയും പ്രതി ചേർത്തത്.

കേസിൽ ഏഴാമത്തെ അനുബന്ധ കുറ്റപത്രമാണ് ഇ ഡി ഇപ്പോൾ സമർപ്പിച്ചിരിക്കുന്നത്. ഇ ഡി അറസ്റ്റിനെതിരായ കെജ്‌രിവാളിന്റെ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലാണുള്ളത്. കേസിൽ എഎപിയെ പ്രതിസ്ഥാനത്ത് ചേർക്കുമെന്ന് കെജ്‌രിവാളിന്റെ ഹർജി പരിഗണിക്കവെ ഇ ഡി ഇന്നു രാവിലെ ഇഡി സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

കെജ്‌രിവാളും ഹവാല ഇടപാടുകാരും ചാറ്റിലൂടെ പരസ്പരം ബന്ധപ്പെട്ടതിനു തെളിവുകളുണ്ടെന്ന് ഇ ഡി സുപ്രീംകോടതിയെ അറിയിച്ചിരുന്നു. കെജ്‌രിവാൾ തന്റെ ഇലക്ട്രോണിക് ഡിവൈസുകളുടെ പാസ്‌വേഡ് നൽകാത്തതിനാൽ ഹവാല ഇടപാടുകാരിൽ നിന്നാണ് തങ്ങൾ ചാറ്റിന്റെ വിവരങ്ങൾ ശേഖരിച്ചതെന്നും ഇഡി കോടതിയെ അറിയിച്ചു.

കെജ്‌രിവാളിന് ജൂൺ ഒന്നു വരെ സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. മാർച്ച് 21 ന് രാത്രി ഇ ജി അറസ്റ്റ് ചെയ്ത കെജ്‌രിവാളിന് മേയ് 10നാണ് ഇടക്കാല ജാമ്യം ലഭിച്ചത്.

കെജ്‌രിവാളിനെക്കൂടാതെ എഎപി നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിങ് എന്നിവരും കേസിൽ പ്രതികളാണ്. സിസോദിയ ജയിലിൽ തുടരുകയാണ്. സഞ്ജയ് സിങ്ങിന് സുപ്രീം കോടതി അടുത്തിടെ ജാമ്യം അനുവദിച്ചിരുന്നു.

ഡൽഹി മുൻഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ പരിഗണിക്കവെ ആം ആദ്മി പാർട്ടിയെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് ഇ ഡി നേരത്തെ ഡൽഹി ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. സിസോദിയയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത ഇഡി ആം ആദ്മ പാര്‍ട്ടിയെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കാനൊരുങ്ങുകയാണെന്നും കേസില്‍ അടുത്ത സിറ്റിങ്ങിന് മുമ്പ് കുറ്റപത്രം സമര്‍പ്പിക്കുമെന്നും ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മയ്ക്കു മുമ്പാകെ ഇഡിക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സൊഹേബ് ഹൊസൈന്‍ പറഞ്ഞു.

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിക്കൊണ്ട് നേരത്തെ ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മയാണ് കള്ളപ്പണ നിരോധന നിയമപ്രകാരം രാഷ്ട്രീയ പാര്‍ട്ടികളെയും കേസില്‍ പ്രതിചേര്‍ക്കാമെന്ന് പറഞ്ഞത്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ പാര്‍ട്ടിയെ ഇഡി പ്രതിപ്പട്ടികയില്‍ ഉൾപ്പെടുത്തിയിരിക്കുന്നത്.

ആം ആദ്മി പാര്‍ട്ടി നടത്തിയ ഇടപാടുകളുടെ എല്ലാ ഉത്തരവാദിത്തവും നേതൃത്വവും അരവിന്ദ് കെജ്‌രിവാളിനാണെന്ന് ഇഡി സമര്‍പ്പിച്ച രേഖകളില്‍ നിന്ന് പ്രഥദൃഷ്ട്യ ബോധ്യപ്പെട്ടെന്നും അതിനാല്‍ത്തന്നെ ആം ആദ്മി പാര്‍ട്ടിക്കും ഇടപാടുകളില്‍ പങ്കുണ്ടെന്ന് വ്യക്തമാണെന്നും അതിനാല്‍ പാര്‍ട്ടിയെ കള്ളപ്പണ നിരോധന നിയമത്തിലെ 70-ാം വകുപ്പ് പ്രകാരം പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കഴിയുമെന്നുമാണ് അന്ന് ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മ നിരീക്ഷിച്ചത്.

ഇക്കാര്യം സുപ്രീം കോടതിയെയും ഇഡി അറിയിച്ചിരുന്നു. കള്ളപ്പണ നിരോധന നിയമത്തിലെ 70-ാം വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് പാര്‍ട്ടിയുടെ ഇടപെടലുകളെക്കുറിച്ച് അന്വേഷണം നടത്തുമെന്നാണ് ഇ ഡി സുപ്രീം കോടതിയില്‍ പറഞ്ഞത്.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം