അരവിന്ദ് കെജ്‍രിവാൾ  
INDIA

കര്‍ശനവ്യവസ്ഥകളോടെ കെജ്‍രിവാള്‍ പുറത്തിറങ്ങി; തലസ്ഥാന നഗരിയിലെ ഭരണം ഇനി എങ്ങനെ?

വെബ് ഡെസ്ക്

ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ എന്‍ഫോഴ്‌സ്‌മെനറ് ഡയരക്ടറേറ്റും (ഇഡി) സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനും(സിബിഐ) അറസ്റ്റ് ചെയ്ത് അഞ്ചര മാസത്തിനുശേഷം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ പുറത്തിറങ്ങി. മദ്യനയഅഴിമതിക്കേസില്‍ ഡല്‍ഹി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 21നായിരുന്നു ഇഡി കെജ്‍രിവാളിനെ അറസ്റ്റ് ചെയ്തത്. ഇഡിയുടെ കസ്റ്റഡിയിലായിരിക്കെ ജൂണ്‍26ന് സിബിഐ അറസ്റ്റ് ചെയ്ത കെജ്‍രിവാളിന് ഇന്നാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.

നേരത്തേ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കെജ്‍രിവാളിന് സുപ്രീംകോടതി ഇടക്കാല ജാമ്യം നല്‍കിയിരുന്നു. മേയ് പത്തിനായിരുന്നു കെജ്‍രിവാള്‍ ജയില്‍ മോചിതനായത്. ജൂണ്‍ രണ്ട് വരെയായിരുന്നു ഇടക്കാല ജാമ്യം.

ഇന്ന് സുപ്രീംകോടതി അനുവദിച്ച ജാമ്യത്തില്‍ കര്‍ശന വ്യവസ്ഥകളാണ് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ പോകാനോ ഫയലുകളില്‍ ഒപ്പുവയ്ക്കാനോ പാടില്ലെന്നതുള്‍പ്പെടെ മുഖ്യമന്ത്രിയെന്ന നിലയില്‍ തന്‌റെ ചുമതലകള്‍ നിര്‍വഹിക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യം നല്‍കാത്ത വ്യവസ്ഥകളോടെയാണ് ജാമ്യം.

'മുഖ്യമന്ത്രിക്ക് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്താന്‍ കഴിയില്ലെന്നാണോ ഉദ്ദേശിച്ചിരിക്കുന്നതെന്നത് സംബന്ധിച്ച് നിയമോപദേശം തേടി. അദ്ദേഹത്തെ സെക്രട്ടേറിയറ്റിലേക്ക് പോകാന്‍ അനുവദിക്കാത്തത് യഥാര്‍ഥത്തില്‍ ഒരു പ്രശ്‌നമല്ല. ഇതിനുമുന്‍പ് നിരവധി യോഗങ്ങള്‍ അദ്ദേഹത്തിന്‌റെ വീട്ടില്‍ നടന്നിട്ടുണ്ട്. ഏത് സാഹചര്യത്തിലും മന്ത്രിസഭാതീരുമാനങ്ങള്‍ ഉത്തരവിലൂടെ അന്തിമമാക്കാനുള്ള ഓപ്ഷന്‍ ഉണ്ട്. അതായത് ഫയല്‍ നീക്കുകയും അഭിപ്രായങ്ങള്‍ തേടുകയും അനുമതിക്കായി ആവശ്യാനുസരണം ലഫ്റ്റന്‌റ് ഗവര്‍ണര്‍ക്ക് അയയ്ക്കുകയും ചെയ്യാം' ഒരു മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകന്‍ പറഞ്ഞു.

ഡല്‍ഹി കാബിനറ്റ് മീറ്റിങ്, നാഷണല്‍ ക്യാപിറ്റല്‍ സിവില്‍ സര്‍വീസ് അതോറിറ്റി(എന്‍സിസിഎസ്എ) യോഗം, മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഉള്‍പ്പെടുത്താന്‍ ഡല്‍ഹി മന്ത്രിമാരുടെ കൗണ്‍സില്‍ പുനഃസംഘടന എന്നീ മൂന്ന് പ്രധാന കാര്യങ്ങളാണ് കെജ്‍രിവാളിന് തലസഥാന ഭരണവുമായി ബന്ധപ്പെട്ടുള്ളത്. ഈ വര്‍ഷമാദ്യം സാമൂഹികക്ഷേമ മന്ത്രി രാജ്കുമാര്‍ ആനന്ദ് രാജിവെച്ചതിനെത്തുടര്‍ന്ന് ഏഴംഗ ഡല്‍ഹി മന്ത്രിസഭയിലെ ഒരു കാബിനറ്റ് നിലവില്‍ ഒഴിഞ്ഞുകിടക്കുകയാണ്.

'മുഖ്യമന്ത്രിക്ക് പദവി ഉപയോഗിക്കാന്‍ സാധിക്കാത്തതിനാല്‍ തലസ്ഥാന ഭരണത്തെ സംബന്ധിച്ചിടത്തോളം കാര്യമായ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ നിരവധി സുപ്രധാന തീരുമാനങ്ങള്‍ തീര്‍പ്പുകല്‍പിക്കാതെ കിടക്കുകയാണ്' ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. എജിഎംയുടി കേഡറിന്‌റെ അധികാര പരിധിയിലുള്ള വിവിധ സ്ഥലങ്ങളില്‍നിന്ന് ഇന്നലെ ഡല്‍ഹിയിലേക്ക് മാറ്റപ്പെട്ട ഐഎഎസ് ഓഫിസര്‍മാരുടെ നിയമനം പോലുള്ളവയുമുണ്ട്- ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഡല്‍ഹി സെക്രട്ടേറിയറ്റും മുഖ്യമന്ത്രിയുടെ ഓഫീസും സന്ദര്‍ശിക്കുന്നതില്‍ നിയമതടസം ഉള്ളതിനാല്‍ ഫയല്‍ സര്‍ക്കുലേഷന്‍ വഴി ഇവ ചെയ്യേണ്ടി വരും. ഭരണപരമായ തീരുമാനങ്ങളുമായി ബന്ധപ്പെട്ട മിക്കവാറും എല്ലാ ഫയലുകളും പ്രത്യേകിച്ച് ഭൂമി, പോലീസ്, ക്രമസമാധാനം തുടങ്ങിയ നിക്ഷിപ്ത വിഷയങ്ങളുമായി ബന്ധപ്പെട്ടവ എല്‍ജിയുടെ അടുത്തേക്ക് എത്തുന്നുണ്ട്. അവ അങ്ങനെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ അഭാവത്തില്‍, ബന്ധപ്പെട്ട മന്ത്രിമാരില്‍നിന്ന് ഇത്തരം ഫയലുകള്‍ സ്വീകരിച്ചശേഷം അനുമതിക്കായി ചീഫ് സെക്രട്ടറി ഇവ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സെക്രട്ടേറിയറ്റിലേക്ക് അയയ്ക്കുന്നു. അതും തുടരാന്‍ സാധ്യതയുണ്ട്. എല്‍ജിയുടെ അംഗീകാരത്തിന് അയയ്ക്കും മുന്‍പ് ഫയല്‍ സര്‍ക്കുലേഷനിലൂടെ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്ന ഡല്‍ഹി കാബിനറ്റിന് അത്തരം കാര്യങ്ങള്‍ എങ്ങനെ ചര്‍ച്ച ചെയ്യാമെന്നതാണ് ഇനി കാണാനുള്ളത്- ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും