INDIA

'അഗ്നിപരീക്ഷയ്ക്ക് തയാർ'; മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്ന് പ്രഖ്യാപിച്ച് അരവിന്ദ് കെജ്‍‌രിവാള്‍

വെബ് ഡെസ്ക്

ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്ന് പ്രഖ്യാപിച്ച് അരവിന്ദ് കെജ്‌രിവാള്‍. രണ്ട് ദിവസത്തിനുള്ളില്‍ രാജിവെക്കുമെന്നാണ് കെജ്‌‍രിവാള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഡല്‍ഹിയിലെ പാർട്ടി ആസ്ഥാനത്ത് അണികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഡല്‍ഹി മുഖ്യമന്ത്രിയുടെ വാക്കുകള്‍. ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ജാമ്യം ലഭിച്ചതിന് ശേഷം ആദ്യമായി സംസാരിക്കുകയായിരുന്നു കെജ്‍രിവാള്‍.

"രണ്ട് ദിവസത്തിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനം ഞാൻ രാജിവെക്കും. ജനവിധിയുണ്ടാകുന്നതുവരെ ഞാൻ ആ കസേരയില്‍ തുടരില്ല. ഡല്‍ഹി തിരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. എനിക്ക് കോടതിയില്‍ നിന്ന് നീതി ലഭിച്ചു, ഇനി ജനങ്ങളില്‍ നിന്നും നീതി ലഭിക്കേണ്ടതുണ്ട്. ജനങ്ങളുടെ തീരുമാനത്തിന് ശേഷമായിരിക്കും ഞാൻ ഇനി മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുക," കെജ്‌‍രിവാള്‍ കൂട്ടിച്ചേർത്തു.

തന്റെ രാജിക്ക് ശേഷം പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നും കെജ്‌രിവാള്‍ പറഞ്ഞു. ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി പിന്തുണ തേടുമെന്നാണ് കെജ്‌രിവാള്‍ പറയുന്നത്. ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് നവംബറില്‍ നടത്തണമെന്ന ആവശ്യവും കെജ്‌രിവാള്‍ ഉന്നയിച്ചിട്ടുണ്ട്.

ബിജെപിയെ ഉന്നംവെച്ചും രൂക്ഷവിമർശനങ്ങള്‍ കെജ്‌രിവാള്‍ ഉയർത്തി. "അവർക്ക് പാർട്ടിയെ തകർക്കണം, കെജ്‌രിവാളിന്റെ ധൈര്യവും മനോവീര്യവും തകർക്കണം. അവരൊരു ഫോർമുല സൃഷ്ടിച്ചിട്ടുണ്ട്. പാർട്ടികളെ തകർക്കുക, എംഎല്‍എമാരെ ഭിന്നിക്കുക, നേതാക്കന്മാരെ ജയിലിലയക്കുക. കെജ്‍രിവാളിനെ ജയിലിലയച്ചുകൊണ്ട് ഡല്‍ഹിയില്‍ സർക്കാർ രൂപീകരിക്കാമെന്നാണ് അവർ കരുതിയത്. പക്ഷേ, നമ്മുടെ പാർട്ടിയെ തകർക്കാൻ അവർക്കായില്ല, പാർട്ടി അണികള്‍ക്കിടയില്‍പ്പോലും ചലനം സൃഷ്ടിക്കാൻ സാധിച്ചില്ല," കെജ്‌രിവാള്‍ വ്യക്തമാക്കി.

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ കെജ്‌രിവാളിന് കഴിഞ്ഞ ദിവസമാണ് ജാമ്യം ലഭിച്ചത്. സുപ്രീംകോടതി ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്വല്‍ ഭുയാന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെതാണ് ഉത്തരവ്. അഞ്ചരമാസത്തിനു ശേഷമാണ് കെജ്‌രിവാൾ ജയിൽ മോചിതനായക്.

നേരത്തേ, ഇതേകേസില്‍ എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കെജ്രിവാളിന് സുപ്രീംകോടതി ഇടക്കാലജാമ്യം അനുവദിച്ചിരുന്നു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും