INDIA

കെജ്‌രിവാളിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍; അറസ്റ്റ് ചെയ്യാന്‍ സിബിഐ, ഡല്‍ഹി മുഖ്യമന്ത്രിക്ക് നിര്‍ണായക ദിനം

വെബ് ഡെസ്ക്

മദ്യനയ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ജയിലിലെത്തി ചോദ്യം ചെയ്ത് സിബിഐ. ഇന്ന് വിചാരണ കോടതിയില്‍ ഹാജരാക്കി കെജ്‌രിവാളിന്റെ അറസ്റ്റ് രേഖപ്പെടുത്താനാണ് കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ നീക്കം. വിചാരണ കോടതി നല്‍കിയ ജാമ്യം സ്‌റ്റേ ചെയ്ത ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് സിബിഐ നീക്കം. പത്തുമണിക്കാണ് സുപ്രീംകോടതി ഹര്‍ജി പരിഗണിക്കുന്നത്. അതേസമയം തന്നെ സിബിഐ അദ്ദേഹത്തെ വിചാരണ കോടതിയില്‍ ഹാജരാക്കും.

കോടതിയില്‍ നിന്ന് പ്രൊഡക്ഷന്‍ വാറന്റിനുള്ള അനുമതി വാങ്ങിയതിന് ശേഷമാണ് സിബിഐ ജയിലിലെത്തി കെജ്‌രിവാളിന്റെ മൊഴി രേഖപ്പെടുത്തിയത്. റോസ് അവന്യു കോടതിയാണ് ജൂണ്‍ 20ന് കെജ്‌രിവാളിന് ജാമ്യം അനുവദിച്ചത്. എന്നാല്‍, ഇഡി നല്‍കിയ ഹര്‍ജി പരിഗണിച്ച ഡല്‍ഹി ഹൈക്കോടതി, ജാമ്യം സ്‌റ്റേ ചെയ്തു.

ഇ ഡിയുടെ വാദങ്ങള്‍ വിചാരണക്കോടതി ജഡ്ജി പരിഗണിച്ചില്ലെന്നും അതിനാല്‍ ഉത്തരവ് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. മുഴുവന്‍ രേഖകളും പരിശോധിച്ചിട്ടില്ലെന്ന വിചാരണകോടതി ജഡ്ജിയുടെ നിരീക്ഷണം ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, ശരിയായ കാര്യങ്ങള്‍ മനസിലാക്കാതെയാണ് ജാമ്യം അനുവദിച്ചത് എന്നാണ് സൂചിപ്പിക്കുന്നതെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.ഇതിന് പിന്നാലെയാണ് കെജ്‌രിവാള്‍ സുപ്രീംകോടതിയെ സമീപിച്ചത്.

മൂന്നുമാസം മുന്‍പാണ് ഡല്‍ഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് കെജ്രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാനായി നേരത്തെ അദ്ദേഹത്തിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. ജൂണ്‍ രണ്ടിനാണ് ജാമ്യം അവസാനിച്ച് കെജ് രിവാള്‍ തീഹാര്‍ ജയിലില്‍ മടങ്ങിയെത്തിയത്. രണ്ടാമതും ജാമ്യം അനുവദിച്ചതിന് ശേം, കെജ് രിവാള്‍ ജയില്‍ മോചിതനാകാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയായിരുന്നു ഹൈക്കോടതി ജാമ്യം താത്ക്കാലികമായി സ്റ്റ് ചെയ്തത്. കേസ് വിധി പറയാന്‍ വേണ്ടി 25-ലേക്ക് മാറ്റിയിരുന്നു.

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്