INDIA

കോണ്‍ഗ്രസ് ഇതര പ്രതിപക്ഷ കൂട്ടായ്മ; കപില്‍ സിബലിന്റെ 'ഇന്‍സാഫി'ന് പിണറായിയുടെ പിന്തുണ

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു 'ഇന്‍സാഫ്' ( നീതി) എന്ന പേരില്‍ ബിജെപി സര്‍ക്കാരിന്റെ അനീതികള്‍ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കണമെന്ന് സിബല്‍ ആഹ്വാനം ചെയ്തത്.

വെബ് ഡെസ്ക്

ബിജെപിക്കെതിരെ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ഇതര പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിക്കാനുള്ള കോണ്‍ഗ്രസ് മുന്‍ നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന കപില്‍ സിബലിന്റെ ആഹ്വാനത്തിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ഇന്‍സാഫ് ( നീതി) എന്ന പേരില്‍ ബിജെപി സര്‍ക്കാരിന്റെ അനീതികള്‍ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കണമെന്ന് സിബല്‍ ആഹ്വാനം ചെയ്തത്. മാര്‍ച്ച് 11ന് ആരംഭിക്കുന്ന ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ തേടി മുതിര്‍ന്ന അഭിഭാഷകന്‍ കൂടിയായ കപില്‍ സിബല്‍ കോണ്‍ഗ്രസ് ഇതര പ്രതിപക്ഷപാര്‍ട്ടികളുടെയും, മുഖ്യമന്ത്രിമാരുടെയും പിന്തുണ തേടിയിരുന്നു. ഇതിന് മറുപടിയായാണ് പിണറായി വിജയന്‍ പിന്തുണ പ്രഖ്യാപിച്ചത്. ട്വിറ്ററിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

ഇന്ത്യയില്‍ നിലനില്‍ക്കുന്ന അനീതികളെ ചെറുക്കുന്നതിനും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും സമത്വപൂര്‍ണ്ണവുമായ ഒരു സമൂഹത്തെ വളര്‍ത്തിയെടുക്കാനും കൂട്ടായ ജനാധിപത്യ മുന്നേറ്റത്തിന് ആവശ്യമായ ഇടപെടലുകള്‍ അത്യന്താപേക്ഷിതമാണ്. ഇത്തരം ഒരു നീക്കമാണ് കപില്‍ സിബലിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. ജനങ്ങളെ ഒന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ഉദ്യമത്തിന് ആശംസകള്‍. എന്നായിരുന്നു മുഖ്യമന്ത്രിയുടെ ട്വീറ്റ്. നേരത്തെ ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളും കപില്‍ സിബലിന് പിന്തുണയറിയിച്ച് രംഗത്തെത്തിയിരുന്നു.

പുതിയ രാഷ്ട്രീയ മുന്നേറ്റത്തിന് മാര്‍ച്ച് 11ന് ന്യൂഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ സംഘടിപ്പിക്കുന്ന പൊതു പരിപാടിയില്‍ ഇന്‍സാഫിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിക്കുമെന്നായിരുന്നു മുന്‍ കോണ്‍ഗ്രസ് നേതാവിന്റെ പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കാനല്ല, അദ്ദേഹത്തെ പരിഷ്‌കരിക്കാനാണ് താന്‍ മുന്നിട്ടിറങ്ങുന്നത് എന്നായിരുന്നു ഇന്‍സാഫ് മുന്നേറ്റം പ്രഖ്യാപിച്ച വാര്‍ത്താസമ്മേളനത്തില്‍ കപില്‍ സിബല്‍ നടത്തിയ പ്രതികരണം. രാജ്യത്തെ പൗരന്മാര്‍, സ്ഥാപനങ്ങള്‍, മാധ്യമപ്രവര്‍ത്തകര്‍, അധ്യാപകര്‍, ഇടത്തരം-ചെറുകിട വ്യവസായികള്‍, പ്രതിപക്ഷ നേതാക്കള്‍ എന്നിവരോടെല്ലാം കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്നത് കടുത്ത അനീതിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തുടർന്നാണ് രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ പരിപാടിയിലേക്ക് ക്ഷണിച്ചത്.

രാഷ്ട്രീയ മുന്നേറ്റം ഏകോപിപ്പിക്കുന്നതിനായി 'ഇന്‍സാഫ് കെ സിപാഹി' എന്ന വെബ്സൈറ്റും തയ്യാറാക്കിയിട്ടുണ്ട്. അതില്‍ ആര്‍ക്കും രജിസ്റ്റര്‍ ചെയ്യാം. എവിടെ അനീതി നടന്നാലും അതിനെതിരെ പോരാടണമെന്ന തീരുമാനമാണ് ഇത്തരം ഒരു നീക്കത്തിന് പിന്നില്‍ എന്നും കപില്‍ സിബല്‍ വിശദീകരിച്ചിരുന്നു.

മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസിലെ വിമത നേതാവുമായ കപില്‍ സിബല്‍ കഴിഞ്ഞ മേയ് മാസമാണ് പാര്‍ട്ടി വിട്ടത്. ഇതിന് പിന്നാലെ സമാജ് വാദി പാര്‍ട്ടി പിന്തുണയോടെ യുപിയില്‍ നിന്നും രാജ്യ സഭയിലേക്ക് എത്തുകയും ചെയ്തു. രാജ്യത്ത് എല്ലായ്പ്പോഴും സ്വതന്ത്ര ശബ്ദമാകാന്‍ ആഗ്രഹിക്കുന്നു എന്ന പ്രഖ്യാപനത്തോടെയായിരുന്നു അദ്ദേഹം പാര്‍ട്ടി വിട്ടത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ