ചെറിയ പ്രായത്തിൽ അച്ഛനില്‍ നിന്ന് ലൈംഗിക അതിക്രമം നേരിട്ടിരുന്നെന്ന് വെളിപ്പെടുത്തി ദേശീയ വനിതാ കമ്മീഷന്‍ അംഗവും സിനിമാ താരവുമായ ഖുശ്ബു. എട്ട് വയസ്സ് മുതല്‍ ലൈംഗിക ചൂഷണം നേരിട്ടിരുന്നു , എന്നാൽ 15 വയസ്സിന് ശേഷം മാത്രമേ ചൂഷണത്തിനെതിരെ സംസാരിക്കാന്‍ പോലും സാധിച്ചുള്ളെന്നും ഖുശ്ബു പറഞ്ഞു. ബര്‍ഖ ദത്തിന്റെ മോജൊ സ്‌റ്റോറിക്ക് നല്‍കിയ അഭിമുഖത്തിലാണ് നേരിട്ട ദുരനുഭവം ഖുശ്ബു തുറന്ന് പറഞ്ഞത് .
ഖുശ്ബുവിന്റെ വാക്കുകൾ
'ഒരു കുട്ടി ലൈംഗിക അതിക്രമത്തിന് ഇരയാകുമ്പോള്‍, അതവരുടെ ജീവിതത്തെ വ്രണപ്പെടുത്തുന്നുവെന്ന് ഞാന്‍ കരുതുന്നു, അത് പെണ്‍കുട്ടിയോ ആണ്‍കുട്ടിയോ എന്നതിനെ കുറിച്ചല്ല. എന്റെ അമ്മ ഏറ്റവും മോശമായ ദാമ്പത്യത്തിലൂടെയാണ് കടന്നുപോയത്. ഭാര്യയെ തല്ലുന്നതും മക്കളെ തല്ലുന്നതും ഏക മകളെ ലൈംഗികമായി പീഡിപ്പിക്കുന്നതും തന്റെ ജന്മാവകാശമാണെന്ന് കരുതിയിരുന്ന ഒരാളായിരുന്നു എന്റെ പിതാവ്. ആദ്യമായി ഞാൻ ലൈംഗിക ചൂഷണം നേരിടുമ്പോൾ എനിക്ക് വെറും 8 വയസ്സായിരുന്നു, 15 വയസ്സ് വരെ അയാൾക്കെതിരെ സംസാരിക്കാൻ പോലും എനിക്ക് ധൈര്യമുണ്ടായില്ല .' എന്നായിരുന്നു ഖുശ്ബുവിന്റെ വാക്കുകള്‍.
പറഞ്ഞാല്‍ അമ്മ വിശ്വസിക്കില്ല എന്നതായിരുന്നു പീഡനം നേരിട്ടത് തുറന്ന് പറയുന്നതിൽ നിന്നും തന്നെ പിന്തിരിപ്പിച്ചതെന്നും അവര്‍ വ്യക്തമാക്കി. എന്ത് സംഭവിച്ചാലും കുഴപ്പമില്ല, എന്റെ ഭര്‍ത്താവാണ് എന്റെ ദൈവം എന്ന ചിന്താഗതിയായിരുന്നു അമ്മയുടേതെന്നും ഖുശ്ബു പറയുന്നു. എന്നാല്‍ തന്റെ പതിനഞ്ചാം വയസ്സില്‍ പിതാവിന്റെ ക്രൂരതയ്‌ക്കെതിരെ പോരാടാന്‍ തീരുമാനിച്ചെന്നും ഖുശ്ബു തുറന്നു പറയുന്നു