INDIA

ബുർഖ ധരിച്ച സ്ത്രീയെ 'ജയ് മാതാ ദി' എന്ന് വിളിപ്പിച്ചു; ട്രെയിനിലെ വെടിവയ്പ്പ് വിദ്വേഷ പ്രവൃത്തിയെന്നതിന് കൂടുതൽ തെളിവ്

വെബ് ഡെസ്ക്

ഓടിക്കൊണ്ടിരിക്കെ ജയ്പൂർ - മുംബൈ എക്സ്പ്രസിൽ ആര്‍പിഎഫ് കോൺസ്റ്റബിൾ കൂട്ടക്കൊല നടത്തിയത് വിദ്വേഷ പ്രവൃത്തിയെന്ന വാദം ശക്തമാക്കി തെളിവുകൾ. ട്രെയിനിലുണ്ടായിരുന്ന ബുർഖ ധരിച്ച യാത്രക്കാരിയെ പ്രതിയും ആര്‍പിഎഫ് കോൺസ്റ്റബിളുമായ ചേതൻ സിൻഹ് ഭീഷണിപ്പെടുത്തിയതിന് തെളിവ് ലഭിച്ചു. തോക്കുചൂണ്ടിയ ശേഷം 'ജയ് മാതാ ദി' എന്ന് വിളിക്കാൻ ഇവരോട് ആവശ്യപ്പെടുകയായിരുന്നു.

ബി - 3 കോച്ചിലായിരുന്നു ബുർഖ ധരിച്ച സ്ത്രീയെ ചേതൻ സിൻഹ് കണ്ടത്. തനിക്ക് നേരെ തോക്ക് ചൂണ്ടി 'ജയ് മാതാ ദി' എന്ന് പറയാൻ ചേതൻ സിൻഹ് ഭീഷണിപ്പെടുത്തിയെന്ന് യുവതി അന്വേഷണ സംഘത്തിന് മൊഴി നൽകി. ഉച്ചത്തിൽ എല്ലാവരും കേൾക്കെ പറയണമെന്നായിരുന്നു നിർദേശം. യുവതിയുടെ മൊഴി സാധൂകരിക്കുന്ന ട്രെയിനിലെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു.

ജൂലൈ 31നാണ് ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ ആര്‍പിഎഫ് കോൺസ്റ്റബിൾ ചേതൻ സിൻഹ് വെടിയുതിർത്തത്. ബി - 5, ബി -2, കോച്ചുകളിലാണ് യാത്രക്കാർക്കും ആർപിഎഫ് ഉദ്യോഗസ്ഥർക്കും നേരെ ഇയാൾ വെടിയുതിർത്തത്. തന്റെ ഉയർന്ന ഉദ്യോഗസ്ഥൻ ആർപിഎഫ് സീനിയർ സബ് ഇൻസ്പ്കെടർ ടിക്കാറാം മീണയെയാണ് ബി -5 കോച്ചിൽ ആദ്യം കൊലപ്പെടുത്തിയത്. പിന്നാലെ യാത്രക്കാരനായ അബ്ദുൾ ഖാദർ മുഹമ്മദ് ഹുസൈനെതിരെ വെടിയുതിർത്തു. പിന്നീട് ബി - 2 കോച്ചിലെത്തി സെയ്ഫുദ്ദീനെന്ന യാത്രക്കാരനെ കൊലപ്പെടുത്തി. പാൻട്രി ജീവനക്കാരനായിരുന്ന അബ്ബാസ് അലി ഷെയ്ഖിനേയും വെടിവച്ച് കൊലപ്പെടുത്തി.

ചേതൻ സിൻഹിന്റേത് വർഗീയ പകപോക്കലായിരുന്നുവെന്ന ആരോപണം ശക്തമാണ്. ഗൗരവതരമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളും രംഗത്തുണ്ട്. നാലുപേരെ വെടിവച്ച് കൊലപ്പെടുത്തിയതിന് ശേഷം തോക്കുമായി നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും പ്രകീർത്തിക്കുന്ന ചേതൻ സിൻഹിന്റെ വീഡിയോ പുറത്തുവന്നിരുന്നു. മോദിയേയും യോഗിയേയും അംഗീകരിക്കുന്നെങ്കിൽ മാത്രം ഇന്ത്യയിൽ ജീവിച്ചാൽ മതി എന്നായിരുന്നു വീഡിയോയുടെ ഉള്ളടക്കം.

ചേതൻ സിൻഹിന് മാനസികപ്രശ്നങ്ങളില്ലെന്ന് ആദ്യം റെയിൽവെ വ്യക്തമാക്കിയിരുന്നു. പിന്നീട് ഈ പ്രസ്താവന പിൻവലിച്ചു. എന്നാൽ പ്രതിക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് കേസ് അന്വേഷണ സംഘത്തിന്റെ ആദ്യഘട്ട കണ്ടെത്തൽ. വർഗീയ വിദ്വേഷം നിറഞ്ഞ വീഡിയോയെ കുറിച്ച് എവിടെയും പരാമർശമില്ല. ഉന്നത ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയത് ജോലിയുമായി ബന്ധപ്പെട്ട തർക്കത്തിന്റെ പേരിലാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. എന്നാൽ പുതിയ മൊഴി ചേതൻ സിൻഹിന് തിരിച്ചടിയാകും.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?