കേന്ദ്ര നിയമ-നീതിന്യായ മന്ത്രാലയത്തിൽനിന്ന് അപ്രതീക്ഷിതമായി പടിയിറങ്ങിയിരിക്കുകയാണ് കിരണ്‍ റിജിജു. താരതമ്യേന അപ്രധാനമായ ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ചുമതലയിലേക്കാണ് റിജിജുവിനെ മാറ്റം 'തരംതാഴ്ത്തൽ' എന്ന തരത്തിലാണ് വിലയിരുത്തപ്പെടുന്നത്.
അര്‍ജുന്‍ റാം മേഘ്‌വാളാണ് പുതിയ നിയമ മന്ത്രി. പാർലമെന്ററികാര്യ സഹമന്ത്രിയായ മേഘ്‌വാളിന് നിലവിലെ വകുപ്പുകൾക്ക് പുറമെയാണ് നിയമന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതല നൽകിയിരിക്കുന്നത്. സമീപകാല ചരിത്രത്തിൽ ഇതാദ്യമായാണ് ക്യാബിനറ്റ് പദവിയിലില്ലാത്ത ഒരാൾ നിയമമന്ത്രിയാവുന്നത്.
മന്ത്രിതലത്തില്‍ കാര്യമായ അഴിച്ചു പണിയില്ലാതെ കിരണ്‍ റിജിജുവിനെ മാത്രം മാറ്റുന്നതിലെ കാരണം കേന്ദ്രസർക്കാരോ ബി ജെ പിയോ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അതേസമയം, സമീപകാലത്ത് സുപ്രീംകോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരുടെ നിയമനം ഉള്‍പ്പെടെയുള്ള സുപ്രധാന വിഷയങ്ങളിൽ സുപ്രീകോടതിയുമായി പലവട്ടം ഏറ്റുമുട്ടിയ ചരിത്രമുണ്ട് റിജിജുവിന്.
സുപ്രീംകോടതിയും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള തര്‍ക്കത്തില്‍ വിവാദ പ്രസ്താവനകളുമായി പലപ്പോഴും മുന്നില്‍നിന്നത് കിരണ്‍ റിജിജുവാണ്. സുപ്രീംകോടതി കൊളീജിയം സംവിധാനത്തിന്റെ പ്രവർത്തനത്തോടുള്ള കേന്ദ്രസർക്കാരിന്റെയും ബി ജെ പിയുടെയും ആശയപരമായ വിയോജിപ്പ് റിജിജു നിരന്തരം പരസ്യമായി തന്നെ പ്രകടപ്പിച്ചു. കൊളീജിയത്തിനെതിരായ ഉന്നത പദവിയിലിരിക്കുന്നവരുടെ ആക്രമണത്തിൽ സുപ്രീം കോടതി നീരസം പ്രകടിപ്പിക്കുന്ന സ്ഥിതിയുമുണ്ടായി.
സുപ്രീംകോടതിയേയും നിയമ സംവിധാനത്തേയും വിമർശനവിധേയമാക്കുന്ന ഭരണാധികാരി എന്ന നിലയ്ക്കാണ് റിജിജു മാധ്യമങ്ങളിൽ നിറഞ്ഞത്. ഇത്തരം തുറന്ന വിമർശനങ്ങളാണ് റിജിജുവിന്റെ സ്ഥാനചലനത്തിന് ആധാരമെന്നാണ് സൂചനകൾ. ജുഡീഷ്യറിയുമായി നിരന്തര ഭിന്നതകൾക്ക് പകരം സമവായത്തിന്റെ പാത കേന്ദ്രസർക്കാർ തിരഞ്ഞെടുക്കുന്നതിന്റെ സൂചനയായി ഈ തീരുമാനത്തെ വിലയിരുത്തുന്നവരുണ്ട്.
കിരൺ റിജിജുവിനെ നിയമമന്ത്രി സ്ഥാനത്തുനിന്ന് നീക്കി; പകരം അർജുൻ റാം മേഘ്‌വാൾ
സുപ്രീംകോടതി കൊളീജിയം സുതാര്യമല്ലെന്ന് ചൂണ്ടിക്കാട്ടിയ റിജിജു ജുഡീഷ്യറിയാണോ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരാണോ രാജ്യത്ത് ഭരണം നടത്തേണ്ടതെന്ന ചോദ്യമുയർത്തി. അനാവശ്യമായ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും കോടതികള്‍ നടത്തേണ്ടതില്ലെന്ന തരത്തില്‍ മൂര്‍ച്ചയേറിയ വിമര്‍ശനങ്ങൾ അദ്ദേഹം ഉന്നയിച്ചു.
ഒരു ജഡ്ജി തന്റെ വിധികളിലൂടെയാണ് സംസാരിക്കേണ്ടത്. വാക്കാലുള്ള പരാമര്‍ശങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തുന്ന രീതിയിലുള്ള ഇടപെടലുകള്‍ കോടതി നടത്തരുതെന്നാണ് തനിക്ക് നല്‍കാനുള്ള ഉപദേശമെന്നും പല ഘട്ടങ്ങളില്‍ കോടതിയെ വിമര്‍ശിച്ച് റിജിജു പറഞ്ഞു. അങ്ങനെ പല രീതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ വക്താവായി കിരണ്‍ റിജിജു സുപ്രീം കോടതിയുമായി വാക്പോരിലേര്‍പ്പെട്ടു.
എക്‌സ്‌ക്യൂട്ടീവിന്റെ അധികാര പരിധിയില്‍ കൈകടത്തി നീതിന്യായ സംവിധാനം അതിന്റെ പരിധി ലംഘിക്കരുത്, കൊളീജിയം സംവിധാനം സുതാര്യവും ഉത്തരവാദിത്വമുള്ളതല്ല, കോളീജിയത്തിലെ ജഡ്ജിമാര്‍ക്ക് അറിയുന്നവരെ മാത്രമാണ് അവര്‍ നിയമിക്കുന്നത്. ഇതല്ല വേണ്ടതെന്നും അര്‍ഹതയുള്ളവരെയാണ് പരിഗണിക്കേണ്ടതെന്നാണ് കിരണ്‍ റിജിജു ഉന്നയിച്ച വാദം.
പിന്നെയും പല വിഷയങ്ങളിലും കേന്ദ്രത്തിന്റെ പ്രതിഷേധം റിജിജുവിന്റെ നേരിട്ടുള്ള വിമര്‍ശങ്ങളിലൂടെ പുറത്തുവന്നു. രാജ്യദ്രോഹ നിയമം പുനഃപരിശോധിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നിരാശപ്പെടുത്തിയെന്ന റിജിജുവിന്‍റെ ട്വീറ്റുകള്‍ വന്നു. ഇത്തരം ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതില്‍നിന്ന് കോടതിക്ക് വിട്ടുനില്‍ക്കാമായിരുന്നുവെന്ന തരത്തില്‍ ഉപദേശങ്ങളും റിജിജുവിൽനിന്നുണ്ടായി.
ബി ബി സി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് ജുഡീഷ്യറിയെ വിമർശിച്ചും കേന്ദ്ര സര്‍ക്കാരിനെ വെള്ളപൂശിക്കൊണ്ടുള്ള പരാമര്‍ശങ്ങളും റിജിജു നടത്തി. 'ആയിരക്കണക്കിന് സാധാരണ പൗരന്മാര്‍ നീതിക്കായി ദിവസങ്ങള്‍ കാത്തിരിക്കുന്ന ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ വിലപ്പെട്ട സമയം അവര്‍ പാഴാക്കുന്നത് ഇങ്ങനെയാണ്' എന്നായിരുന്നു കിരണ്‍ റിജിജുവിന്റെ ട്വീറ്റ്.
ബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് ഹര്‍ജികള്‍ സുപ്രീം കോടതി പരിഗണിക്കാനിരിക്കേയായിരുന്നു കിരണ്‍ റിജിജുവിന്റെ വിമര്‍ശനം.
2021ന് ജൂലൈ എട്ടിനാണ് നിയമമന്ത്രിയായി കിരണ്‍ റിജിജു സ്ഥാനമേല്‍ക്കുന്നത്. 2019 മുതല്‍ യുവജനകാര്യ സഹമന്ത്രിയായിരുന്നു കിരണ്‍ റിജിജു.