INDIA

പാര്‍ട്ടി പിളരാതിരിക്കാന്‍ 'കോല്‍ഹാന്‍ കടുവ'യെ മുഖ്യമന്ത്രിയാക്കി ഷിബു സോറന്‍; സീതയെ ചാക്കിലാക്കുമോ ബിജെപി?

സീതാ സോറനെ കൂടെക്കൂട്ടാനാകും ബിജെപിയുടെ നീക്കങ്ങള്‍ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്

പൊളിറ്റിക്കൽ ഡെസ്ക്

ഹേമന്ത് സോറന്‍ രാജിവച്ചാല്‍ ഭാര്യ കല്‍പന സോറന്‍ പകരം മുഖ്യമന്ത്രിയാകുമെന്നായിരുന്നു ജാര്‍ഖണ്ഡില്‍ നിന്ന് അവസാന നിമിഷം വരെ പുറത്തുവന്നിരുന്ന റിപ്പോര്‍ട്ടുകള്‍. ഹേമന്തിനെ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ, അപ്രതീക്ഷിത രാഷ്ട്രീയ കരുനീക്കങ്ങളാണ് നടന്നത്. ഏവരെയും അമ്പരപ്പിച്ചുകൊണ്ട് ആ പ്രഖ്യാപനം നടന്നു; ചംപയ് സോറന്‍, 'കോല്‍ഹാന്‍ കടുവ' ജാര്‍ഖണ്ഡിന്റെ പുതിയ മുഖ്യമന്ത്രി.

അധികാരത്തിന് വേണ്ടി കലഹിച്ച ഹേമന്തിന്റെ സഹോദരന്‍ ബസന്ത് സോറനും മറ്റൊരു സഹോദരന്‍ അന്തരിച്ച ദുര്‍ഗ സോറന്റെ ഭാര്യ സീതാ സോറനും ആ പ്രഖ്യാപനത്തോടെ മുഖ്യമന്ത്രിക്കസേരയ്ക്കു വേണ്ടിയുള്ള വടംവലിയില്‍ നിന്ന് താത്കാലികമായെങ്കിലും പിന്‍മാറി. ജാര്‍ഖണ്ഡിന്റെ രാഷ്ട്രീയ അതികായനും മുന്‍ മുഖ്യമന്ത്രിയും ജെഎംഎം സ്ഥാപകനുമായ ഷിബു സോറന്, ഹേമന്തിന് പകരം ബസന്ത് മുഖ്യമന്ത്രി പദത്തില്‍ എത്തണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍, ഹേമന്തിന്റെ നീക്കങ്ങള്‍ക്ക് മുന്നില്‍ ഷിബു സോറനും മൗനിയായി. കലഹിച്ചു നില്‍ക്കുന്ന സോറന്‍ കുടുംബത്തെ പിരിച്ചു ജെഎംഎം പിളര്‍ത്തി പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി ശ്രമിച്ചേക്കും. സീതാ സോറനെ കൂടെക്കൂട്ടാനാകും ബിജെപിയുടെ നീക്കങ്ങള്‍ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

ആരാണ് ചംപയ് സോറന്‍?

അര്‍ജുന്‍ മുണ്ട, രഘുബര്‍ ദാസ്, മധു കോട, തുടങ്ങിയ രാഷ്ട്രീയ അതികായന്‍മാരെ സൃഷ്ടിച്ച ധാതു സമ്പന്നമായ കോല്‍ഹാന്‍ ഡിവിഷനില്‍ നിന്നാണ് ചംപയ് സോറന്റെ വരവ്. 68 വയസുകാരനായ ചംപയ്, സെരായ്‌കേല മണ്ഡലത്തില്‍ നിന്ന് ആറാം തവണയാണ് നിയമസഭയിലെത്തുന്നത്. അവിഭക്ത ബിഹാര്‍ നിയമസഭയില്‍ 1991-ല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചു ജയിച്ചാണ് ചംപയുടെ തുടക്കം. 2000-ല്‍ ബിഹാര്‍ വിഭജിച്ച് ജാര്‍ഖണ്ഡ് രൂപീകരിച്ച തിരഞ്ഞെടുപ്പില്‍ മാത്രമാണ് ചംപയ് തോല്‍വി അറിഞ്ഞത്.

1995-ല്‍ ആണ് അദ്ദേഹം ജെഎംഎമ്മില്‍ ചേരുന്നത്. നിയമസഭ തിരഞ്ഞെടുപ്പില്‍ തേരോട്ടം നടത്തിയിട്ടുണ്ടെങ്കിലും 1999, 2019 ലോക്‌സഭ തിരഞ്ഞെടുപ്പുകളില്‍ തോറ്റു മടങ്ങാനായിരുന്നു ചംപയുടെ വിധി. 2010-ലെ അര്‍ജുന്‍ മുണ്ട മന്ത്രിസഭയില്‍ അംഗമായ ചംപയ്, 2013-ലും 2019-ലും മന്ത്രിയായി തുടര്‍ന്നു.

എണ്‍പതുകളില്‍ ഷിബു സോറനൊപ്പം ജാര്‍ഖണ്ഡ് സംസ്ഥാന രൂപീകരണത്തിനായുള്ള പോരാട്ടത്തില്‍ അണിനിരന്നുകൊണ്ടായിരുന്നു ചാംപയുടെ രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവ്. നിരന്തരമായ സമരങ്ങളും തീപ്പൊരി പ്രസംഗങ്ങളും ചംപയ് സോറന് 'കോല്‍ഹാന്‍ കടുവ' എന്ന വിളിപ്പേര് ചാര്‍ത്തിക്കൊടുത്തു.

പത്താംക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ചംപയ്, കര്‍ഷക കുടുംബത്തില്‍ നിന്നാണ് ജാര്‍ഖണ്ഡിലെ മുഖ്യധാരയിലേക്ക് എത്തിയത്. ആദിവാസി അവകാശങ്ങള്‍ക്ക് വേണ്ടി നിരന്തരം ശബ്ദമുയര്‍ത്തുന്ന അദ്ദേഹം, ട്രേഡ് യൂണിയന്‍ രംഗത്തും സജീവമാണ്.

ഷിബു സോറനൊപ്പം ചംപയ് സോറന്‍

ഫസ്റ്റ് 'ഫാമിലിയിലെ' പൊട്ടിത്തെറി

ജാര്‍ഖണ്ഡിലെ 'ഫസ്റ്റ് ഫാമിലി' എന്നാണ് ഷിബു സോറന്റെ കുടംബം അറിയപ്പെടുന്നത്. പ്രത്യേക ജാര്‍ഖണ്ഡിന് വേണ്ടി പോരാടാന്‍ സ്ഥാപിതമായ പാര്‍ട്ടി പിന്നീട് ഷിബു സോറന്റെ കൈകളില്‍ എത്തുകയായിരുന്നു. അവിടെനിന്ന്, സോറന്‍ കുടുംബം തന്നെയാണ് പാര്‍ട്ടിയുടെ അവസാന വാക്ക്.

കല്‍പന സോറനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കത്തെ സീതാ സോറന്റെ നേതൃത്വത്തിലുള്ള വിഭാഗം നഖശിഖാന്തം എതിര്‍ക്കുകയായിരുന്നു. സീതയുമായി അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും കല്‍പനയുടെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള വരവ് തടുക്കാന്‍ ബസന്ത് സോറനും സീതയ്‌ക്കൊപ്പം നിന്നു. എംഎല്‍എ പോലുമല്ലാത്ത കല്‍പനയെ മുഖ്യമന്ത്രിയാക്കാന്‍ ശ്രമിക്കുന്നത് വലിയ തിരിച്ചടിയാകും എന്ന നിലപാടില്‍ ഇവര്‍ ഉറച്ചുനിന്നതോടെ, ബസന്തിന്റെ പേര് ഷിബു സോറന്‍ മുന്നോട്ടുവച്ചു. എന്നാല്‍, ഇത് അംഗീകാരിക്കാന്‍ ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള പക്ഷം തയാറായില്ല. തുടര്‍ന്നാണ് ഇരുപക്ഷത്തിനും ഒരുപോലെ പ്രിയങ്കരനായ ചംപയ് സോറനെ മുഖ്യമന്ത്രിയാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്.

ഷിബു സോറന്റെ പിന്‍ഗാമിയായി കരുതിയിരുന്നത് ദുര്‍ഗ സോറനെയായിരുന്നു. 2005-ലെ തിരഞ്ഞെടുപ്പില്‍ തോറ്റുകൊണ്ടു തുടങ്ങിയ ഹേമന്ത് സോറന്‍, 2009-ല്‍ ദുര്‍ഗയുടെ മരണത്തോടെ പാര്‍ട്ടിയുടെ മുഖ്യധാരയിലേക്ക് കടന്നുവന്നു. 2009-ലെ തിരഞ്ഞെടുപ്പില്‍ ഹേമന്ത് എംഎല്‍എയായി. 2010-ല്‍ ബിജെപി-ജെഎംഎം സഖ്യസര്‍ക്കാരില്‍ ഹേമന്ത് ഉപമുഖ്യമന്ത്രിയായി. ഇതോടെ, പാര്‍ട്ടിയില്‍ തന്റെ പിന്തുടര്‍ച്ചക്കാരനായി ഹേമന്തിനെ തന്നെയാണ് ഷിബു സോറന്‍ വാഴിക്കാന്‍ പോകുന്നതെന്ന് വ്യക്തമായി.

2013-ല്‍ കോണ്‍ഗ്രസ്-ആര്‍ജജെഡി പിന്തുണയോടെ ജെഎംഎം സര്‍ക്കാര്‍ രൂപീകരിച്ചു, ഹേമന്ത് സോറന്‍ ആദ്യമായി മുഖ്യമന്ത്രി കസേരയിലെത്തി. 2014-തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തിയപ്പോള്‍ പ്രതിപക്ഷ നേതാവ് സ്ഥാനവും ഹേമന്തിനാണ് പാര്‍ട്ടി നല്‍കിയത്. 2019-ല്‍ ജെഎംഎം-കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യം വന്‍ വിജയം നേടി അധികാരത്തിലെത്തിയപ്പോഴും മുഖ്യമന്ത്രി സ്ഥാനം ഹേമന്തിനെ തേടിയെത്തി. ഇതോടെ, കുടുംബത്തിലും പാര്‍ട്ടിയിലും പടയൊരുക്കം ആരംഭിച്ചു. ഹേമന്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെ പ്രത്യക്ഷ നീക്കവുമായി സീതാ സോറന്‍ രംഗത്തെത്തി. സിറ്റിങ് എംഎല്‍എ കൂടിയായ സീത ഛത്ര ജില്ലയിലെ ഖനനങ്ങള്‍ക്ക് എതിരെ ഗവര്‍ണര്‍ക്ക് നിവേദനം സമര്‍പ്പിച്ചു. ഭരണകക്ഷി എംഎല്‍എയുടെ ഭാഗത്തുനിന്നുണ്ടായ അസാധാരണ നീക്കം പ്രതിപക്ഷമായ ബിജെപി മുതലാക്കുകയും ചെയ്തു.

ഷിബു സോറനും കുടുംബവും

സ്വപ്‌നം പൊലിഞ്ഞ കല്‍പന

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കല്‍പന തന്നെ എത്തും എന്നായിരുന്നു ജാര്‍ഖണ്ഡ് രാഷട്രീയ അന്തരീക്ഷത്തില്‍ തങ്ങിനിന്ന സൂചനകള്‍. എന്നാല്‍, പാര്‍ട്ടി പിളരാതിരിക്കാന്‍ ഷിബു സോറന്‍ തന്ത്രപരമായ നിലപാട് സ്വീകരിച്ചപ്പോള്‍, കല്‍പനയുടേയും ഹേമന്ത് സോറന്റേയു നീക്കങ്ങള്‍ പൊളിഞ്ഞു. ഹേമന്തിനൊപ്പം പാര്‍ട്ടി വേദികളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ കല്‍പന സജീവമായിരുന്നില്ല. 2019-ല്‍ ഹേമന്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍, രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമോ എന്ന ചോദ്യം കല്‍പനയ്ക്ക് നേരേയുണ്ടായി. എന്നാല്‍, താനിപ്പോള്‍ കുടുംബ കാര്യങ്ങളിലാണ് ശ്രദ്ധ ചെലുത്തുന്നതെന്നും അതില്‍ സന്തോഷവതിയാണെന്നുമായിരുന്നു കല്‍പനയുടെ മറുപടി. ഒഡീഷയിലെ മയൂര്‍ഭംജ് ജില്ലയിലിലെ റായ് രംഗ്പൂര്‍ സ്വദേശിയാണ് കല്‍പന.

ഹേമന്ത് സോറനും കല്‍പന സോറനും

2006-ല്‍ ആയിരുന്നു ഇവര്‍ തമ്മിലുള്ള വിവാഹം. രണ്ടു കുട്ടികളാണ് സോറന്‍-കല്‍പന ദമ്പതിമാര്‍ക്കുള്ളത്. എംടെക്കും എംബിഎയും പാസായ കല്‍പന, റാഞ്ചിയില്‍ ഒരു സ്‌കൂള്‍ നടത്തുന്നുണ്ട്. ആദിവാസി വിഭാഗങ്ങള്‍ ഭൂരിപക്ഷമുള്ള ഇന്ത്യയിലെ ഏക സംസ്ഥാനത്തെ രാഷ്ട്രീയം, രൂപീകരണ കാലം മുതല്‍ ഒരു കുടുംബത്തിന് ചുറ്റും കറങ്ങുകയാണ്. വരും നാളുകളില്‍ ജാര്‍ഖണ്ഡ് രാഷ്ട്രീയം കൂടുതല്‍ കലങ്ങിമറിയും, ഒപ്പം അധികാരം കയ്യാളുന്ന സോറന്‍ കുടുംബത്തിലെ അന്തരീക്ഷവും.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍