INDIA

കൊല്ലപ്പെട്ട വനിത ഡോക്ടറുടെ ശരീരത്തിനുള്ളിൽ 150 മില്ലിഗ്രാം ബീജമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ട്; കൂട്ടബലാത്സംഗത്തിനിരയായെന്ന് കുടുംബം കോടതിയില്‍

വെബ് ഡെസ്ക്

കൊൽക്കത്തയിൽ കൊല്ലപ്പെട്ട വനിതാഡോക്ടർ കൂട്ടബലാത്സംഗത്തിനിരയായിട്ടുണ്ടെന്നു തെളിയിക്കുന്ന ഓട്ടോപ്സി റിപ്പോർട്ട് പുറത്ത്. കൊല്ലപ്പെട്ട മുപ്പത്തിയൊന്നുകാരിയുടെ ശരീരത്തിൽനിന്നു 150 മില്ലി ഗ്രാം ബീജം കണ്ടെടുത്തതാണ്, ഒന്നിലധികം ആളുകൾ ചേർന്ന് ബലാത്സംഗം ചെയ്തതായി സംശയിക്കാനുള്ള അടിസ്ഥാനം. ഡോക്ടറുടെ മാതാപിതാക്കൾ ഈ കാര്യം കൽക്കട്ട ഹൈക്കോടതിയെ അറിയിച്ചു. പ്രതിഷേധങ്ങൾക്കിടയിൽ ഹൈക്കോടതിയാണ് കഴിഞ്ഞ ദിവസം കേസ് സിബിഐക്ക് വിടാൻ തീരുമാനിച്ചത്.

അതേസമയം, സംഭവത്തിൽ പ്രതികരണവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും രംഗത്തെത്തി. കുറ്റക്കാരെ സംരക്ഷിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നാണ് രാഹുൽ പറഞ്ഞത്

മരണകാരണം കഴുത്തിൽ കുരുക്കിട്ട് വരിഞ്ഞു മുറുക്കിയതാണെന്ന് പറയുന്ന പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ലൈംഗികാതിക്രമം നടന്നതിന്റെ കൃത്യമായ തെളിവുകളും ചൂണ്ടിക്കാണിക്കുന്നതായി മാതാപിതാക്കൾ ഹൈക്കോടതിയിൽ സമർപ്പിച്ച പരാതിയിൽ പറയുന്നു. മകൾക്കു സംഭവിച്ചുകാണുമെന്ന് തങ്ങൾ പേടിച്ചതെല്ലാം ശരിയാണെന്നു സൂചിപ്പിക്കുന്നതാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടെന്നും, ക്രൂരമായ ആക്രമണങ്ങൾക്ക് വിധേയയായിട്ടുണ്ടെന്ന് തെളിയിക്കുന്ന, മുറിവുകളും പാടുകളും മകളുടെ ശരീരത്തിലുണ്ടെന്നാണ് അവർ കോടതിയെ ബോധ്യപ്പെടുത്തിയിരിക്കുന്നത്.

ചെവിയിലുള്ള പാടുകളും, ചുണ്ടുകളിലുള്ള മുറിവുകളും അതിതീവ്രമായ ആക്രമണത്തിന് വിധേയയായി എന്ന് തെളിയിക്കുന്നതാണെന്നും കഴുത്തിലെ കടിച്ചതായുള്ള പാടുകളും ആക്രമണത്തിന്റെ തീവ്രത വ്യക്തമാക്കുന്നതാണെന്നും മാതാപിതാക്കൾ കോടതിയെ ബോധ്യപ്പെടുത്തി.

കേസ് സിബിഐക്ക് കൈമാറുന്നതിന് മുമ്പ് ആകെ ഒരു വ്യക്തിയെ മാത്രമാണ് പോലീസ് അറസ്റ്റ് ചെയ്തതെന്നും, ശരീരത്തിലുള്ള മുറിവുകളിൽ നിന്ന് തന്നെ, ഒരാൾക്ക് ഒറ്റയ്ക്ക് ചെയ്യാൻ കഴിയുന്ന അക്രമണമല്ലെന്ന് വ്യക്തമായിട്ടും ഇതുവരെ തങ്ങളുടെ മകൾ നേരിട്ട ഈ ആക്രമണത്തിന് കാരണക്കാരായവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല എന്നും ഡോക്ടറുടെ മാതാപിതാക്കൾ കോടതിയെ ബോധ്യപ്പെടുത്തി.

ഇടയ്ക്കിടയ്ക്കായി ആശുപത്രിയിൽ വരാറുള്ള സിവിക് വളണ്ടിയർ കൂടിയായ സാൻജോയ് റോയ് എന്ന വ്യക്തിയെ ആണ് അന്വേഷണത്തിന്റെ ഭാഗമായി അറസ്റ്റു ചെയ്തിട്ടുള്ളത്. ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്തം സംഭവം നടന്ന ആർ ജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയുടെ പ്രിൻസിപ്പലിനായിരുന്നു. എന്നാൽ ഇതുവരെ പ്രിൻസിപ്പലിനെ ചോദ്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥർ തയാറായിട്ടില്ല എന്നും മാതാപിതാക്കൾ ചൂണ്ടിക്കാണിക്കുന്നു.

കേസ് സിബിഐക്ക് വിടാൻ ഉത്തരവിട്ടപ്പോൾ തന്നെ കോളേജ് അധികൃതരെ കടുത്തഭാഷയിൽ കൽക്കട്ട ഹൈക്കോടതി വിമർശിച്ചിട്ടുണ്ട്. ഡോക്ടർ മരിച്ചു കിടക്കുന്നത് കണ്ടിട്ടും എന്തുകൊണ്ട് ആശുപത്രി അധികൃതർ പോലീസിൽ പരാതി നൽകിയില്ല എന്നാണ് കോടതി ചോദിച്ചത്. മെഡിക്കൽ കോളേജിലെ മുൻ പ്രിൻസിപ്പലായിരുന്ന ഡോ. സന്ദീപ് ഘോഷിനെതിരെ ആയിരുന്നു പ്രധാന ആരോപണങ്ങളെല്ലാം. സംഭവത്തെ തുടർന്ന് പ്രിൻസിപ്പൽ സ്ഥാനത്തു നിന്നും രാജിവച്ച സന്ദീപ് ഘോഷിനെ ഉടനെ തന്നെ മറ്റൊരു മെഡിക്കൽ കോളേജിൽ പ്രിൻസിപ്പലായി നിയമിച്ചതായുള്ള വാർത്തകളാണ് പുറത്തു വന്നത്.

പലരിൽ നിന്നുമായി അറിഞ്ഞത് പ്രകാരം ഏറ്റവും കുറഞ്ഞത് മൂന്നുപേരെങ്കിലും ചേർന്നാണ് ഈ കൊലപാതകം ചെയ്തതെന്നാണ് തങ്ങൾ കരുതുന്നതെന്ന് മാതാപിതാക്കൾ കോടതിയെ അറിയിച്ചു. 150 മില്ലിഗ്രാം ബീജം ഡോക്ടറുടെ ശരീരത്തിൽ കണ്ടെത്തിയത്, ഒന്നിലധികം ആളുകൾ ചേർന്നാണ് ബലാത്സംഗം ചെയ്തതെന്നാണ് വ്യക്തമാക്കുന്നത്.

സംസ്ഥാന സർക്കാർ പറയുന്നത്

സംഭവത്തിൽ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയത് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്റെയും വനിതാ പോലീസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണെന്നും ഇൻക്വസ്റ്റ് റിപ്പോർട്ടിൽ ഇരയുടെ അമ്മ ഒപ്പുവച്ചിട്ടുണ്ടെന്നും സർക്കാർ അഭിഭാഷകൻ കോടതിയിൽ അറിയിച്ചു. പോസ്റ്റ് മോർട്ടം റിപ്പോർട്ട് കുടുംബത്തിന് കൈമാറിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.

ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിൽ നടത്തിയ ഇൻക്വസ്റ്റ് നടപടികൾ പൂർണമായി വീഡിയോഗ്രഫി ചെയ്തിട്ടുണ്ടെന്നും, തിരിമറികളൊന്നും നടന്നിട്ടില്ല എന്ന് ഉറപ്പിക്കുന്നതിനു വേണ്ടിയാണ് അങ്ങനെ ചെയ്തതെന്നും സർക്കാർ അറിയിക്കുന്നു.

അന്വേഷണം സിബിഐ ഏറ്റെടുത്തു

ഇന്നലെ പുറത്തുവന്ന കൽക്കട്ട ഹൈക്കോടതിയുടെ ഉത്തരവനുസരിച്ച് അറസ്റ്റിലായ സാൻജോയ് റോയിയെ സിബിഐ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. സിബിഐ സംഘത്തിന്റെ ഭാഗമായി ആരോഗ്യപ്രവർത്തകരും, ഫോറൻസിക് വിദഗ്ധരുമുണ്ട്. സംഘം മൂന്നായി തിരിഞ്ഞാണ് അടുത്ത ദിവസങ്ങളിൽ അന്വേഷണം നടത്താൻ പോകുന്നത്. ആദ്യസംഘം മൃതദേഹം കണ്ടെത്തിയ കോളേജ് സെമിനാർ ഹാളിലെത്തി അന്വേഷണം നടത്തും. അടുത്ത സംഘം പ്രതിയെ കോടതിയിൽ ഹാജരാക്കി കസ്റ്റഡി ആവശ്യപ്പെടും. മൂന്നാമത്തെ സംഘം കൊൽക്കത്ത പോലീസുമായി ബന്ധപ്പെട്ട് അന്വേഷണത്തിനാവശ്യമായ കൂടുതൽ വിവരങ്ങൾ ശേഖരിക്കും.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും