കൊല്‍ക്കത്തയിലെ ആർ ജി കർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ജൂനിയർ ഡോക്ടർ ബലാത്സംഗക്കൊലയ്ക്കിരയായ സംഭവത്തെത്തുടർന്ന് ആരംഭിച്ച പ്രതിഷേധം അവസാനിപ്പിച്ച് ഡല്‍ഹി എയിംസിലെ റെസിഡന്റ് ഡോക്‌ടേഴ്‌സ് അസോസിയേഷൻ (ആർഡിഎ). രാജ്യത്തെ ഡോക്ടർമാർ ഡ്യൂട്ടിയിലേക്ക് മടങ്ങണമെന്ന് സുപ്രീം കോടതി നിർദേശിച്ചതിന് പിന്നാലെയാണ് ആർഡിഎയുടെ തീരുമാനം വന്നിരിക്കുന്നത്. ബലാത്സംഗക്കൊലയില്‍ പ്രതിഷേധം ആരംഭിച്ചിട്ട് പതിനൊന്ന് ദിവസം പിന്നിട്ടിരുന്നു.
"ദേശീയ താത്പര്യത്തിന്റേയും പൊതുസേവനത്തിന്റെ ആവശ്യകതയും മുൻനിർത്തി 11 ദിവസമായി തുടരുന്ന സമരം അവസാനിപ്പിക്കാൻ ആർഡിഎ എയിംസ് ന്യൂഡല്‍ഹി തീരുമാനിച്ചിരിക്കുന്നു. ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ ആഹ്വാനപ്രകാരംകൂടിയാണ് തീരുമാനമെടുത്തിരിക്കുന്നത്. ആർ ജി കർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന സംഭവത്തില്‍ സ്വമേധയ സുപ്രീം കോടതി കേസെടുത്തതും ആരോഗ്യപ്രവർത്തകരുടെ സുരക്ഷയെ മുൻനിർത്തിയുള്ള ഇടപെടലും അഭിനന്ദനാർഹമാണ്," ആർഡിഎ പ്രസ്താവനയിലൂടെ അറിയിച്ചു.
"സുപ്രീം കോടതിയുടെ നിർദേശങ്ങള്‍ കർശനമായി പാലിക്കാൻ അധികൃതരോട് ഞങ്ങള്‍ ആവശ്യപ്പെടുന്നു. പ്രതിഷേധിക്കുന്ന ഡോക്ടർമാർക്കെതിരെ നടപടി സ്വീകരിക്കരുതെന്ന നിർദേശത്തേയും അഭിനന്ദിക്കുകയാണ്. രോഗികളുടെ പരിചരണമാണ് ഞങ്ങളുടെ പ്രാഥമിക ഉത്തരവാദിത്തം, അതിനാണ് ഏറ്റവും കൂടുതല്‍ മുൻഗണന നല്‍കുന്നതും," ആർഡിഎ കൂട്ടിച്ചേർത്തു.
അതേസമയം, ജൂനിയർ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ കൂട്ടബലാത്സംഗം നടന്നതായി കണ്ടെത്താനായിട്ടില്ലെന്ന് സിബിഐ സുപ്രീം കോടതിയിൽ വ്യക്തമാക്കി. മുപ്പത്തിയൊന്നുകാരിയുടെ ക്രൂരമായ ബലാത്സംഗ കൊലപാതകത്തിൽ സ്വമേധയാ കേസെടുത്ത സുപ്രീംകോടതി, അന്വേഷണത്തിൻ്റെ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാന്‍ സിബിഐയോട് ആവശ്യപ്പെട്ടിരുന്നു. ദേശീയ മാധ്യമമായ ഇന്ത്യ ടുഡേയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഓഗസ്റ്റ് 13ന് കൊൽക്കത്ത ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് സിബിഐ കേസ് ഏറ്റെടുത്തത്. അവരുടെ അന്വേഷണത്തിലും 31-കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് പിന്നിൽ സിവിക് വളണ്ടിയർ സഞ്ജയ് റോയുടെ പങ്ക് മാത്രമാണ് ഇതുവരെ കണ്ടെത്താനായത്. ഫോറൻസിക് റിപ്പോർട്ടും സഞ്ജയ് റോയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഒപ്പം ഡിഎൻഎ പരിശോധനകളും പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി എന്ന ആരോപണത്തെ തള്ളുന്നുണ്ട്.
ഓഗസ്റ്റ് ഒൻപതിനായിരുന്നു ആർ ജി കർ ആശുപത്രിയിലെ നാലാം നിലയിലെ സെമിനാർ ഹാളിൽ ട്രെയിനീ ഡോക്ടറെ മരിച്ചനിലയിൽ കണ്ടെത്തിയത്. പെൺകുട്ടി ബലാത്സംഗത്തിന് ഇരയായതായി ഓട്ടോപ്സി റിപ്പോർട്ടിൽ തെളിയുകയും ചെയ്തിരുന്നു. തുടർന്ന് ഓഗസ്റ്റ് പത്തിന് സഞ്ജയ് റോയിയെ പശ്ചിമ ബംഗാൾ പോലീസ് അറസ്റ്റ് ചെയുകയും ചെയ്തിരുന്നു. ഗാർഹിക പീഡനകേസുകളിൽ മുൻപും ഇയാൾ കുറ്റവാളിയായിരുന്നു.