കൊൽക്കത്തയിൽ ഡോക്ടർ ബലാത്സംഗക്കൊലയ്ക്കിരയായ സംഭവത്തിൽ പ്രതിഷേധങ്ങൾ തുടരുമ്പോൾ സമരക്കാരെ വീണ്ടും കൂടിക്കാഴ്ചയ്ക്കു ക്ഷണിച്ച് പശ്ചിമ ബംഗാൾ സർക്കാർ. ഇന്ന് വൈകുന്നേരം 5 മണിക്കാണ് കൂടിക്കാഴ്ചയ്ക്ക് സർക്കാർ നിർദേശിച്ച സമയം.
ഇന്നലെയാണ് കൂടിക്കാഴ്ചയ്ക്കു ക്ഷണിച്ചുകൊണ്ട് ആദ്യം സർക്കാർ പ്രതിഷേർധക്കാർക്ക് കത്തയച്ചത്. തങ്ങൾ കൂടിക്കാഴ്ചയ്ക്ക് തയ്യാറാണ് എന്നാൽ യോഗം പൂർണമായും ലൈവ് ടെലികാസ്റ്റ് ചെയ്യണം എന്നായിരുന്നു സമരക്കാരുടെ ആവശ്യം. പതിനഞ്ചംഗ പ്രതിനിധി സംഘവുമായി കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രി മമത ബാനർജിയും സർക്കാർ പ്രതിനിധികളും തയ്യാറാണ് എന്നാണ് പ്രതിഷേധക്കാരെ അറിയിച്ചത്. എന്നാൽ മമത ബാനർജി 30അംഗ പ്രതിനിധി സംഘവുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറാകണം എന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.
പ്രതിഷേധക്കാരുടെ ആവശ്യത്തെ മുൻനിർത്തി കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി മമത ബാനർജി പങ്കെടുക്കുമെന്നുള്ള ഉറപ്പ് സർക്കാർ നൽകിയെങ്കിലും, സുതാര്യത ഉറപ്പാക്കാൻ ലൈവ് ടെലികാസ്റ്റ് വേണമെന്ന ആവശ്യവും പ്രതിനിധി സംഘത്തിൽ 30 പേരുണ്ടാകണമെന്ന ആവശ്യവും നിരസിച്ചു. നേരത്തെ പറഞ്ഞതുപോലെ 15 പേരുമായി കൂടിക്കാഴ്ച നടത്തമെന്നാണ് ഇപ്പോഴും സർക്കാരിന്റ നിലപാട്.
സംസ്ഥാന ആരോഗ്യ വിഭാഗം ആസ്ഥാനമായ സ്വാസ്ഥ്യ ഭവന് മുന്നിലാണ് ഇപ്പോൾ പ്രതിഷേധക്കാർ കുത്തിയിരിപ്പു സമരം നടത്തുന്നത്. ഓഗസ്റ്റ് 19 നു ആർ ജി കർ മെഡിക്കൽ കോളേജിൽ വച്ച് യുവഡോക്ടർ ബലാത്സംഗക്കൊലയ്ക്കിരയായതിന്റെ അടുത്ത ദിവസം ആരംഭിച്ച സമരം ഏകദേശം ഒരു മാസം പിന്നിടുമ്പോഴായാണ് സർക്കാർ കൂടിക്കാഴ്ചയ്ക്ക് തയ്യാറാകുന്നത്.