INDIA

ബംഗാളിലെ ഡോക്ടറുടെ കൊലപാതകം: ഇന്ന് പ്രതിഷേധങ്ങളും റാലികളും, നീതിതേടി മമത തെരുവിലിറങ്ങും, നാളെ ഐഎംഎ പണിമുടക്ക്

വെബ് ഡെസ്ക്

കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന സംഭവത്തിൽ ഇന്ന് പശ്ചിമബംഗാളിലാകെ വിവിധ പ്രതിഷേധങ്ങളും റാലികളും അരങ്ങേറും. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി മഹിള മോർച്ച മമതാ ബാനർജിയുടെ വസതിയിലേക്കു മെഴുകുതിരി റാലി നടത്തും.

അതേസമയം, പ്രതികൾക്കു വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടി നടക്കും. ആൾക്കൂട്ടം ആർജി കർ മെഡിക്കൽ കോളജ് ആശുപത്രി നശിപ്പിച്ചതിൽ പ്രതിഷേധിച്ച് 12 മണിക്കൂർ പൊതുപണിമുടക്കിന് എസ് യു സി ഐ (കമ്യൂണിസ്റ്റ്) ആഹ്വാനം ചെയ്തിട്ടുണ്ട്.

വനിതാ പിജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന്റെയും ആർജി കർ മെഡിക്കൽ കോളേജും ആശുപത്രിയും തകർത്തത്തിന്റെയും പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള മഹിളാ മോർച്ചയുടെ പ്രതിഷേധം. അതേസമയം, ഡോക്ടർക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ടാണ് മമത ബാനർജിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കുന്നത്. കൊൽക്കത്ത പോലീസിൽനിന്ന് അന്വേഷണം ഏറ്റെടുത്ത സിബിഐയോട് ഞായറാഴ്ചക്കുള്ളിൽ നീതി ഉറപ്പാക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

പെൺകുട്ടിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ഡോക്ടർമാർ നടത്തുന്ന പ്രതിഷേധത്തിൻ്റെ ഭാഗമായി നാളെ രാവിലെ ആറു മുതൽ 24 മണിക്കൂർ സേവനങ്ങൾ പിൻവലിക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ എം എ) പ്രഖ്യാപിച്ചു.

"ശനിയാഴ്ച രാവിലെ ആറു മുതൽ ഞായറാഴ്ച രാവിലെ ആറു വരെ മോഡേൺ മെഡിസിൻ ഡോക്ടർമാരുടെ സേവനങ്ങൾ രാജ്യവ്യാപകമായി പിൻവലിക്കുന്നതായി ഐഎംഎ പ്രഖ്യാപിച്ചു. എല്ലാ അവശ്യസേവനങ്ങളും നിലനിർത്തുകയും അത്യാവശ്യമുള്ളവർക്ക് സേവനം നൽകുകയും ചെയ്യും. സാധാരണ ഒപികൾ പ്രവർത്തിക്കില്ല. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ നടത്തില്ല. മോഡേൺ മെഡിസിൻ ഡോക്ടർമാർ സേവനം നൽകുന്ന എല്ലാ മേഖലകളിലും ഈ പിൻവലിക്കൽ ബാധകമാണ്," ഇന്ത്യയിലെ ഏറ്റവും വലിയ ഡോക്ടർമാരുടെ സംഘടന പ്രസ്താവനയിൽ വ്യക്തമാക്കി.

ഓഗസ്റ്റ് ഒൻപതിനാണ് അത്യാഹിത വിഭാഗത്തിൽ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന പിജി വിദ്യാർഥിനിയായ ഡോക്‌ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. കേസിൽ പ്രതി സഞ്ജയ് റോയിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, ഡോക്ടറുടെ ശരീരത്തിൽനിന്ന് 150 മില്ലി ബീജം കണ്ടെത്തിയതിനെത്തുടർന്ന് കൂട്ടബലാത്സംഗമാണ് നടന്നതെന്ന് കുടുംബം കോടതിയിൽ ആരോപിച്ചിരുന്നു.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും