INDIA

കൊല്‍ക്കത്ത ബലാത്സംഗക്കൊല: സമരം ചെയ്യുന്ന ഡോക്ടർമാർക്ക് ഐക്യദാർഢ്യം; ആർ ജി കറില്‍ നിന്ന് സീനിയർ ഡോക്ടർമാരുടെ കൂട്ടരാജി

സമരം ചെയ്യുന്ന ഡോക്ടർമാരുമായി സമവായത്തിലെത്താൻ ആർജി കർ ആശുപത്രിയിലെ അധികൃതർ തയാറാകണമെന്നും മുതിർന്ന ഡോക്ടർമാർ ആവശ്യപ്പെട്ടിട്ടുണ്ട്

വെബ് ഡെസ്ക്

കൊല്‍‌ക്കത്തയിലെ ആർ ജി കർ മെഡിക്കല്‍ സെന്ററില്‍ മുതിർന്ന ഡോക്ടർമാരുടെ കൂട്ടരാജി. അൻപതോളം വരുന്ന മുതിർന്ന ഡോക്ടർമാരും ഫാക്കല്‍റ്റി മെമ്പർമാരുമാണ് സമരം ചെയ്യുന്ന ജൂനിയർ ഡോക്ടർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാജിവെച്ചത്. ജൂനിയർ ഡോക്ടർ ബലാത്സംഗക്കൊലയ്ക്ക് ഇരയായ സംഭവത്തില്‍ അന്വേഷണം മന്ദഗതിയിലാണെന്നും സമരം ചെയ്യുന്ന ഡോക്ടർമാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാൻ സർക്കാർ തയാറായിട്ടില്ലെന്നും രാജിക്കത്തില്‍ ഡോക്ടർമാർ വ്യക്തമാക്കുന്നു.

സമരം ചെയ്യുന്ന ഡോക്ടർമാരുമായി സമവായത്തിലെത്താൻ ആർജി കർ ആശുപത്രിയിലെ അധികൃതർ തയാറാകണമെന്നും മുതിർന്ന ഡോക്ടർമാർ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ നിരാഹാരം നടത്തുന്ന ഡോക്ടർമാരുടെ ആരോഗ്യസ്ഥിതി മോശമാവുകയാണ്. സർക്കാർ മുന്നോട്ടുവന്ന് ഒരു പരിഹാരം കാണാൻ തയാറാകണമെന്നും ഡോക്ടർമാർ ആശുപത്രി അധികൃതർക്കെഴുതിയ കത്തില്‍ പറയുന്നു. സാഹചര്യം വന്നാല്‍ വ്യക്തപരമായുള്ള രാജിക്കും തയാറാണെന്നും ഡോക്ടർമാർ പറയുന്നു.

ജൂനിയർ ഡോക്ടർമാരുടെ സമരത്തിന് പിന്തുണയുമായി ഡോക്ടർമാരുടെ മറ്റൊരു സംഘടനയായ ജോയിന്റ് പ്ലാറ്റ്‌ഫോം ഓഫ് ഡോക്‌ടേഴ്സും (ജെപിഡി) രംഗത്തെത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമായിരുന്നു ജൂനിയർ ഡോക്ടറുടെ ബലാത്സംഗവുമായി ബന്ധപ്പെട്ട് സിബിഐ കുറ്റപത്രം സമർപ്പിച്ചത്. കൂട്ടബലാത്സംഗം നടന്നിട്ടില്ലെന്നാണ് സിബിഐ കുറ്റപത്രം വ്യക്തമാക്കുന്നത്. മുഖ്യപ്രതി സഞ്ജയ് റോയ് ഒറ്റയ്ക്കാണ്‌ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതെന്നും സിബിഐ കുറ്റപത്രം പറയുന്നു.

കൊല്‍ക്കത്ത സീല്‍ദയിലെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് സിബിഐ 45 പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കുറ്റകൃത്യം നടന്നിട്ട് 58 ദിവസങ്ങള്‍ക്ക് ശേഷമാണ് കുറ്റപത്രം സമർപ്പിച്ചത്.

പ്രാദേശിക പോലീസിനൊപ്പം സിവിക് വോളന്റീറായ സഞ്ജയ് റോയി ഓഗസ്റ്റ് ഒൻപതിനാണ് കുറ്റകൃത്യം ചെയ്തത്. ജൂനിയർ ഡോക്ടർ സെമിനാർ ഹാളില്‍ വിശ്രമിക്കവെയായിരുന്നു സംഭവമെന്നും സിബിഐ പറയുന്നു. കൂട്ടബലാത്സംഗക്കുറ്റങ്ങള്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍, കൂടുതല്‍ സാധ്യതകള്‍ തുടർന്നുള്ള അന്വേഷണത്തിലുണ്ടാകാമെന്നും സിബിഐ കൂട്ടിച്ചേർത്തു.

സംഭവത്തിന് തൊട്ടുപിന്നാലെ ഓഗസ്റ്റ് 10-ാം തീയതി തന്നെ സഞ്ജയ് റോയിയെ അറസ്റ്റ് ചെയ്തിരുന്നു. ആദ്യഘട്ട ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച സഞ്ജയ് പിന്നീട് നടന്ന പോളിഗ്രാഫ് പരിശോധനയില്‍ വിസമ്മതിച്ചു. തനിക്കെതിരെ കെട്ടിച്ചമച്ച കേസാണെന്നും താൻ നിരപരാധിയാണെന്നുമായിരുന്നു സഞ്ജയ് പോളിഗ്രാഫ് പരിശോധനയില്‍ പറഞ്ഞത്.

ജൂനിയർ ഡോക്ടറുടെ മൃതദേഹത്തിനരികില്‍ നിന്ന് ലഭിച്ച ബ്ലൂടൂത്ത് ഡിവൈസാണ് സഞ്ജയ് റോയിയുടെ അറസ്റ്റിലേക്ക് നയിച്ചത്. സെമിനാർ ഹോളുള്ള ആശുപത്രിയുടെ മൂന്നാം നിലയില്‍ സഞ്ജയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്ന സിസിടിവ ദൃശ്യങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം