INDIA

കൊല്‍ക്കത്ത ബലാത്സംഗക്കൊല: സമരം ചെയ്യുന്ന ഡോക്ടർമാരെ സന്ദർശിച്ച് മമത; നടപടിയുണ്ടാകില്ല, ജോലിയില്‍ തിരികെ പ്രവേശിക്കണമെന്ന് അഭ്യർഥന

വെബ് ഡെസ്ക്

കൊല്‍ക്കത്തയിലെ ആർ ജി കർ മെഡിക്കല്‍ കോളേജില്‍ ജൂനിയർ ഡോക്ടർ ബലാത്സംഗക്കൊലയ്ക്ക് ഇരയായ സംഭവത്തില്‍‌ നീതി തേടി പ്രതിഷേധിക്കുന്ന ഡോക്ടർമാരെ നേരിട്ട് സന്ദർശിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി. സ്വാസ്ത്യ ഭവന് മുന്നില്‍ സമരം ചെയ്യുന്ന ഡോക്ടർമാർക്കരികിലേക്ക് അപ്രതീക്ഷിതമായാണ് മമത എത്തിയതും ജോലിയില്‍ തിരികെ പ്രവേശിക്കാൻ ആവശ്യപ്പെട്ടതും.

"കനത്ത മഴയിലും നിങ്ങള്‍ റോഡില്‍ പ്രതിഷേധം തുടർന്നത് എനിക്ക് ഉറക്കമില്ലാത്ത രാത്രികളാണ് നല്‍കിയത്. നിങ്ങളുടെ ആവശ്യങ്ങള്‍ കൃത്യമായി പഠിക്കുമെന്നും, കുറ്റവാളിയെന്ന് കണ്ടെത്തുന്നവർക്കെതിരെ നടപടിയുമുണ്ടാകും," മമത ബാനർജി പറഞ്ഞു.

മുഖ്യമന്ത്രി എന്ന നിലയിലല്ല, ഒരു സഹോദരിയായാണ് സമരക്കാരെ കാണാനെത്തിയതെന്നും മമത കൂട്ടിച്ചേർത്തു. "നിങ്ങളുടെ പ്രതിഷേധത്തിന്റെ ഉദ്ദേശ്യം എനിക്ക് മനസിലാകും. ഞാനും ഒരു വിദ്യാർഥി നേതാവായിരുന്നു. നിങ്ങള്‍ക്ക് ഞങ്ങള്‍ നീതി ഉറപ്പാക്കും. നിങ്ങളുടെ സഹായമില്ലാത സീനിയർ ഡോക്ടർമാർക്ക് പ്രവർത്തിക്കാനാകില്ല. നിങ്ങള്‍ ജോലിയില്‍ തിരികെ പ്രവേശിക്കണമെന്ന് അഭ്യർഥിക്കുകയാണ്. നിങ്ങള്‍ക്കെതിരെ നടപടി ഉണ്ടാകില്ല," മമത ഉറപ്പുനല്‍കി.

വ്യാഴാഴ്ച സമരം ചെയ്യുന്ന ഡോക്ടർമാരുമായി മമത ചർച്ചയ്ക്ക് തയാറായിരുന്നു. ഡോക്ടർമാരെ രണ്ട് മണിക്കൂറോളം താൻ കാത്തിരുന്നെന്നും അവർ സെക്രട്ടേറിയറ്റിലുണ്ടായിരുന്നിട്ടും ചർച്ചയ്ക്ക് വന്നിരുന്നില്ലെന്നും മമത പറഞ്ഞിരുന്നു. ചർച്ച ലൈവ് ടെലിക്കാസ്റ്റ് ചെയ്യണമെന്നായിരുന്നു ഡോക്ടർമാരുടെ ആവശ്യം. ചർച്ച റെക്കോഡ് ചെയ്യാൻ പദ്ധതിയുണ്ടായിരുന്നെന്നും എന്നാല്‍ ഡോക്ടർമാർ ലൈവ് ടെലിക്കാസ്റ്റ് ആവശ്യപ്പെട്ടതുകൊണ്ട് ഒരു ധാരണയിലെത്താനായില്ലെന്നുമായിരുന്നു വിശദീകരണം.

അഞ്ചാം ദിവസമാണ് സംസ്ഥാന ആരോഗ്യകേന്ദ്രത്തിന് മുന്നില്‍ ജൂനിയർ ഡോക്ടർമാരുടെ സമരം. സെപ്റ്റംബർ 10ന് വൈകുന്നേരം അഞ്ച് മണിക്കുള്ളില്‍ ജോലിയില്‍ പ്രവേശിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് തള്ളിയാണ് ഡോക്ടർമാർ സമരം തുടരുന്നത്.

കഴിഞ്ഞ ഓഗസ്റ്റ് ഒൻപതിനാണ് ഡോക്ടർമാരുടെ സമരം ആരംഭിച്ചത്. കൊല്‍ക്കത്ത പോലീസ് കമ്മിഷണർ വിനീത് ഗോയല്‍, ഹെല്‍ത്ത് സെക്രട്ടറി എൻ എസ് നിഗം, ഡയറക്ടർ ഓഫ് ഹെല്‍ത്ത് സർവീസസ്, ഡയറക്ടർ ഓഫ് മെഡിക്കല്‍ എജ്യൂക്കേഷൻ എന്നിവർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് സമരം. ആരോഗ്യപ്രവർത്തകർക്ക് സുരക്ഷ ഒരുക്കണമെന്നും ഡോക്ടർമാരുടെ ആവശ്യങ്ങളില്‍ പറയുന്നു.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും