INDIA

കൊല്‍ക്കത്ത ബലാത്സംഗക്കൊല: 'തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു'; ആർജി കർ മെഡിക്കല്‍ കോളേജ് മുൻ പ്രിൻസിപ്പല്‍ അറസ്റ്റില്‍

വെബ് ഡെസ്ക്

ജൂനിയർ ഡോക്ടറുടെ ബലാത്സംഗക്കൊലയില്‍ ആർജി കർ മെഡിക്കല്‍ കോളേജ് മുൻ പ്രിൻസിപ്പല്‍ സന്ദീപ് ഘോഷിനെ അറസ്റ്റ് ചെയ്ത് സിബിഐ. സന്ദീപിന് പുറമെ ഒരു പോലീസ് ഉദ്യോഗസ്ഥനേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. തെളിവുനശിപ്പിക്കാൻ സന്ദീപ് ശ്രമിച്ചതിനാണ് സന്ദീപിനെതിരായ നടപടി. അതേസമയം, കേസെടുക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് പോലീസ് ഉദ്യോഗസ്ഥനെ സിബിഐ അറസ്റ്റ് ചെയ്തത്.

നേരത്തെ, മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട സാമ്പത്തിക അഴിമതിക്കേസിലും സിബിഐ സന്ദീപിനെ അറസ്റ്റ് ചെയ്തിരുന്നു. രണ്ട് ആഴ്ചയോളം തുടർന്ന ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. ബലാത്സംഗക്കേസില്‍ സന്ദീപിനെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയനാക്കിയിരുന്നെങ്കിലും വ്യക്തമായ തെളിവുകള്‍ കണ്ടെത്താൻ ആദ്യ ഘട്ടത്തില്‍ സാധിച്ചിരുന്നില്ല.

ആർ ജി കറിലെ മുൻ ഡെപ്യൂട്ടി സൂപ്രണ്ട് അക്തർ അലിയുടെ പരാതിയിലായിരുന്നു സാമ്പത്തിക തിരിമറിയില്‍ സന്ദീപിനെതിരെ അന്വേഷണം ആരംഭിച്ചത്. സാമ്പത്തിക തിരിമറിക്ക് പുറമെ മെഡിക്കല്‍ വേസ്റ്റ് അഴിമതി, സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്യല്‍, സ്വജനപക്ഷപാതം എന്നീ ആരോപണങ്ങളും സന്ദീപിനെതിരെയുണ്ട്.

ജൂനിയർ ഡോക്ടർ ബലാത്സംഗക്കൊലയ്ക്ക് ഇരായായ സംഭവത്തില്‍ നീതി തേടി സമരം ചെയ്യുന്ന ഡോക്ടർമാർ മുഖ്യമന്ത്രി മമത ബാനർജിയുടെ വസതിയില്‍ ചർച്ചയ്ക്കായി എത്തി. ചർച്ച ലൈവ് സ്ട്രീമിങ് നടത്തണമെന്ന നിലപാടില്‍ നിന്ന് ഡോക്ടർമാർ പിന്മാറാത്ത പശ്ചാത്തതില്‍ അനിശ്ചിതത്വം തുടരുകയാണ്.

സുപ്രീംകോടതിയുടെ പരിധിയില്‍ ഇരിക്കുന്ന വിഷയമായതിനാല്‍ ചർച്ചയുടെ ലൈവ് സ്ട്രീമിങ് നടത്തുക സാധ്യമല്ലെന്ന നിലപാടാണ് മമത സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍, ചർച്ച പൂർണമായും റെക്കോഡ് ചെയ്യാമെന്നും മമത വാക്കുനല്‍കി, പക്ഷേ ഡോക്ടർമാർ അനുനയനീക്കങ്ങള്‍ക്ക് വഴങ്ങുന്നില്ല.

"ഞാൻ നിങ്ങളോട് അഭ്യർഥിക്കുകയാണ്. നിങ്ങള്‍ ആവശ്യപ്പെട്ടതുപോലെ വന്നു സംസാരിക്കുക. എന്റെ കൂടെ വന്ന് ഒരു ചായയെങ്കിലും കുടിക്കൂ. എന്തിനാണ് നിങ്ങള്‍ എന്നോട് അനാദരവ് കാണിക്കുന്നത്. ഞാൻ നിങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ്. പക്ഷേ, നിങ്ങള്‍ക്ക് എന്നെ കാണണമെന്ന് തോന്നുന്നില്ല. മീറ്റിങ്ങിലെ മിനുറ്റ്‌സില്‍ ഞാൻ ഒപ്പിടാം, ലൈവ് സ്ട്രീമിങ് സാധ്യമല്ല. സുപ്രീംകോടതിയുടെ അനുമതി ഉണ്ടെങ്കില്‍ മാത്രമെ അത് സംഭവിക്കുകയുള്ളു," മമത ബാനർജി വ്യക്തമാക്കി.

ഓഗസ്റ്റ് ഒൻപതിനായിരുന്നു ആർ ജി കർ ആശുപത്രിയിലെ നാലാം നിലയിലെ സെമിനാർ ഹാളിൽ ട്രെയിനീ ഡോക്ടറെ മരിച്ചനിലയിൽ കണ്ടെത്തിയത്. പെൺകുട്ടി ബലാത്സംഗത്തിന് ഇരയായതായി ഓട്ടോപ്സി റിപ്പോർട്ടിൽ തെളിയുകയും ചെയ്തിരുന്നു. തുടർന്ന് വ്യാപകമായ പ്രതിഷേധങ്ങള്‍ക്കായിരുന്നു രാജ്യം സാക്ഷ്യം വഹിച്ചത്.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും