സുപ്രീംകോടതി ഇടപെടലിന് ശേഷവും സമരം അവസാനിപ്പിക്കാൻ തയ്യാറാകാതെ കൊൽക്കത്തയിൽ സമരം ചെയ്യുന്ന ജൂനിയർ ഡോക്ടർമാർ. ആർജി കർ മെഡിക്കൽ കോളേജിൽ യുവ ഡോക്ടറെ ബലാത്സംഗത്തിനിരയാക്കി കൊലചെയ്ത സംഭവത്തിൽ പണിമുടക്ക് സമരവുമായി സംസ്ഥാന ആരോഗ്യ വകുപ്പ് ആസ്ഥാനമായ സ്വാസ്ഥ്യ ഭവനുമുമ്പിൽ കുത്തിയിരിപ്പ് തുടരുകയാണ് ഡോക്ടർമാർ.
കൊൽക്കത്ത സിറ്റി പോലീസ് കമ്മിഷണർ വിനീത് ഗോയലിനെയും ഡെപ്യുട്ടി പോലീസ് കമ്മീഷണറെയും സ്ഥാനത്ത് നിന്നും മാറ്റിയത് തങ്ങളുടെ സമരത്തിന്റെ ഭാഗികമായ വിജയമായാണ് സമരക്കാർ കാണുന്നത്. സമരക്കാരുടെ 99 ശതമാനം ആവശ്യങ്ങളും തങ്ങൾ അംഗീകരിച്ചു എന്നാണ് മുഖ്യമന്ത്രി മമത ബാനർജി പറയുന്നത്. എന്നാൽ തങ്ങൾക്ക് ഉറപ്പുനൽകിയ കാര്യങ്ങൾ പ്രാവർത്തികമാകാതെ ജോലിയിൽ തിരികെ പ്രവേശിക്കില്ല എന്നാണ് സമരം ചെയ്യുന്ന ഡോക്ടർമാരുടെ യോഗത്തിൽ എടുത്ത തീരുമാനം. ആരോഗ്യ സെക്രട്ടറി എൻഎസ് നിഗം സ്ഥാനമൊഴിയണം എന്നതാണ് ഇപ്പോൾ സമരത്തിലുള്ള ഡോക്ടർമാർ മുന്നോട്ടുവയ്ക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആവശ്യം. തിങ്കളാഴ്ച മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ എൻ എസ് നിഗത്തെ മാറ്റുമെന്ന് തങ്ങൾക്ക് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്.
ഉദ്യോഗസ്ഥ തലത്തിലെ മാറ്റങ്ങൾ കൂടാതെ നാല് പ്രധാന ആവശ്യങ്ങളാണ് പ്രതിഷേധക്കാർ മുന്നോട്ടുവയ്ക്കുന്നത്. മെഡിക്കൽ കോളേജുകളിൽ എല്ലാവിഭാഗത്തിൽ നിന്നും പ്രാതിനിധ്യമുറപ്പാക്കുന്ന ബോർഡ് അടിസ്ഥാനമാക്കിയുള്ള മോണിറ്ററി കമ്മിറ്റി രൂപീകരിക്കുക, ഡോക്ടർമാരുടെയും വിദ്യാർത്ഥികളുടെയും പരാതികൾ പരിഹരിക്കാനുള്ള സംവിധാനം ഉറപ്പാക്കുക, ജോലിസ്ഥലങ്ങളിൽ സ്ത്രീകൾ ലൈംഗികമായി ചൂഷണം നേരിടുന്നത് തടയാൻ ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റി രൂപീകരിക്കുക, മാനസികസംഘർഷം നേരിടുന്ന ഡോക്ടർമാർക്കും വിദ്യാർത്ഥികൾക്കുമായി കൗൺസിലിംഗ് സംവിധാനം ഒരുക്കുക എന്നിവയാണവ. പ്രതിഷേധിക്കുന്ന ഡോക്ടർമാരുടെ ആവശ്യങ്ങൾ പരിശോധിച്ച് മൂന്നു ദിവസത്തിനുള്ളിൽ നടപടി സ്വീകരിക്കണമെന്ന് ബംഗാൾ സർക്കാരിനോട് ഇന്നലെ കോടതി ആവശ്യപ്പെടുകയും ചെയ്തു.
മുഖ്യമന്ത്രിയുമായി വീണ്ടും കൂടിയക്കാഴ്ച നടത്തണമെന്ന ആവശ്യമുന്നയിച്ചുകൊണ്ട് ചീഫ് സെക്രട്ടറി മനോജ് പന്തിന് ഒരു ഈമെയിൽ കൂടി അയക്കാനാണ് പ്രതിഷേധത്തിലുള്ള ഡോക്ടർമാർ കരുതുന്നത്. സുരക്ഷ ഉറപ്പാക്കുന്നതിനായി ആർ ജി കർ മെഡിക്കൽ കോളേജിൽ 415 സിസിടിവികൾ സ്ഥാപിക്കുമെന്ന് സർക്കാർ ഉറപ്പു നൽകിയിരുന്നെങ്കിലും കേവലം 37 എണ്ണം മാത്രമാണ് സ്ഥാപിച്ചതെന്ന് ഇന്നലെ സുപ്രീംകോടതി ചൂണ്ടിക്കാണിച്ചിരുന്നു.
സുരക്ഷയുറപ്പാക്കാൻ എന്തൊക്കെ നടപടികളാണ് സർക്കാർ സ്വീകരിക്കാൻ പോകുന്നത് എന്നതും, അതിനായി ഉറപ്പ് നൽകിയ 100 കോടി രൂപ എന്തിനൊക്കെയാണ് ചിലവഴിക്കാൻ പോകുന്നത് എന്നും തങ്ങൾക്കറിയണം അതിനായാണ് വീണ്ടും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ ഒരുങ്ങുന്നത് എന്നാണ് ഡോക്ടർമാർ നൽകുന്ന വിശദീകരണം.
മെഡിക്കൽ കോളേജുകളിൽ ചീഫ് സെക്രട്ടറി നേതൃത്വം നൽകുന്ന ടാസ്ക് ഫോഴ്സ് ഉറപ്പാക്കുമെന്ന് ഡോക്ടർമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ മമത ബാനർജി ഉറപ്പുനൽകിയിരുന്നു. അതിനൊപ്പം മെഡിക്കൽ കോളേജുകളിൽ കൃത്യമായി വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് നടത്തണമെന്നും അതിലൂടെ എല്ലാ ഉന്നതസമിതികളിലും ജൂനിയർ ഡോക്ടർമാരുടെ പ്രതിനിധ്യമുറപ്പാക്കണമെന്നും സമരത്തിലുള്ള ഡോക്ടർമാർ ആവശ്യപ്പെടുന്നു.
അതേസമയം കേസുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 15ന് അറസ്റ്റ് ചെയ്യപ്പെട്ട കോളേജിന്റെ മുൻ പ്രിൻസിപ്പൽ സന്ദിപ് ഘോഷിനെയും തല പോലീസ് സ്റ്റേഷൻ ഓഫീസിൽ ഇൻ ചാർജ് അഭിജിത് മൊണ്ടലിനെയും റിമാൻഡ് കാലാവധി അവസാനിക്കുന്ന ഇന്നലെ സേൽദാ പ്രത്യേക കോടതിയിൽ ഹാജരാക്കി. ജൂനിയർ ഡോക്ടർ കൂട്ടബലാത്സംഗത്തിനിരയായതായി തെളിവുകൾ ഒന്നുമില്ലെന്നും, ഈ രണ്ടുപേരുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണെന്നും സിബിഐ കോടതിയിൽ ബോധിപ്പിച്ചു. ഇരുവരും പരസ്പരം നിരവധി തവണ ഫോണിൽ ബന്ധപ്പെട്ടിരുന്നു എന്നതും, പെൺകുട്ടിയുടെ മൃതദേഹം പെട്ടന്ന് അടക്കണമെന്ന് ആവശ്യപ്പെട്ടത് ഇവരാണ് എന്നതും കൂടുതൽ സംശയമുയർത്തുന്നതായും സിബിഐ പറയുന്നു. കുടുംബം രണ്ടാമതൊരു ഓട്ടോപ്സി നടത്തണമെന്ന ആവശ്യത്തിൽ നിൽക്കുമ്പോഴാണ് പോലീസ് ഉദ്യോഗസ്ഥനായ അഭിജിത് മൊണ്ടലും മുൻപ്രിൻസിപ്പൽ സന്ദിപ് ഘോഷും ശവമടക്കിനു നിർബന്ധിച്ചത്.