INDIA

കൊൽക്കത്തയിലെ ബലാത്സംഗക്കൊല; തൃണമൂലിൽ അതൃപ്തി പുകയുന്നു, പൊട്ടിത്തെറിക്ക് തിരികൊളുത്തി ജൗഹർ സിർകാർ

ബിജെപി ബംഗാളിൽ പിടിമുറുക്കാതിരിക്കാൻ തുടരുന്ന സമരത്തെ തണുപ്പിക്കേണ്ടത് അനിവാര്യമാണെന്ന് താൻ മമത ബാനർജിയെ അറിയിച്ചിരുന്നു എന്ന് രാജിവച്ച ജൗഹർ സിർകാർ

വെബ് ഡെസ്ക്

തൃണമൂൽ കോൺഗ്രസ്സ് നേതാവും രാജ്യസഭാ എംപിയുമായ ജൗഹർ സിർകാറിന്റെ രാജി സൂചിപ്പിക്കുന്നത് തൃണമൂൽ നേതാക്കളിലെ പൊതുവിലുള്ള അതൃപ്തിയോ? കൊൽക്കത്തയിൽ ജൂനിയർ ഡോക്ടറെ ബലാത്സംഗക്കൊലയ്ക്കിരയാക്കിയ സംഭവത്തിൽ പ്രതിഷേധം കനക്കുന്ന സാഹചര്യത്തിലാണ് പ്രതിഷേധങ്ങളെ കൈകാര്യം ചെയ്യുന്നതിലും, ബലാത്സംഗക്കൊലയിൽ കൃത്യമായ അന്വേഷണം നടത്തുന്നതിലും തൃണമൂൽ സർക്കാർ പരാജയപ്പെട്ടു എന്ന് വ്യക്തമാക്കി ജൗഹർ സിർകാർ രാജി വയ്ക്കുന്നത്.

ഈ പ്രതിഷേധങ്ങളെ ഇങ്ങനെ കണ്ടാൽ പോരാ എന്നും കൃത്യമായ ഇടപെടൽ നടത്തണമെന്നും താൻ മുഖ്യമന്ത്രി മമത ബാനർജിയോട് നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും ഒന്നും നടന്നില്ല എന്നാണ് ജൗഹർ നസിർകാർ ദ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. സർക്കാർ നടത്തുന്ന ആർ ജി കർ മെഡിക്കൽ കോളേജിൽ സാമ്പത്തിക തട്ടിപ്പു നടന്നിരുന്നു എന്നും അതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഈ ജൂനിയർ ഡോക്ടർക്ക് അറിയാമായിരുന്നതുകൊണ്ടാണ് കോളേജ് അധികൃതർ കൊലപാതകം നടന്ന ഉടനെ പോലീസിനെ വിവരമറിയിക്കാതിരുന്നതെന്നുമുള്ള ആരോപണം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകൾ അന്വേഷിക്കുന്നതിനായി കഴിഞ്ഞ ദിവസം ആർജി കാർ മെഡിക്കൽ കോളേജ് മുൻപ്രിൻസിപ്പൽ സന്ദിപ് ഘോഷിന്റെ വസതിയിൽ ഇ ഡി റെയ്ഡും നടത്തിയിരുന്നു.

നിലവിൽ സിബിഐയുടെ കസ്റ്റഡിയിലുള്ള സന്ദിപ് ഘോഷിനെ സംഭവം കഴിഞ്ഞ ഉടനെ മറ്റൊരു മെഡിക്കൽ കോളേജിന്റെ പ്രിൻസിപ്പലായി സർക്കാർ നിയമിച്ചത് വലിയ വിമർശനങ്ങൾക്ക് വാഴിവച്ചിരുന്നു.

സർക്കാരിന്റെ ഭാഗത്ത് നിന്നും കൃത്യമായ ഇടപെടലും നടപടികളും ഉണ്ടാകുമെന്ന പ്രതീക്ഷയിൽ താൻ കഴിഞ്ഞ ഒരു മാസക്കാലമായി കാത്തിരുന്നെന്നും സർക്കാർ പ്രത്യേകിച്ചോന്നും ചെയ്യാത്തതിയനാലാണ് ഇപ്പോൾ രാജിവയ്ക്കാൻ തീരുമാനിച്ചിരിക്കുന്നതെന്നുമാണ് ജൗഹർ സിർകാറിന്റെ വിശദീകരണം. സമരത്തിലുള്ള ജൂനിയർ ഡോക്ടർമാരുമായി നേരിട്ട് ബന്ധപ്പെട്ട് നടപടികൾ വിശദീകരിക്കുമെന്നാണ് താൻ കരുതിയത്, എന്നാൽ അതൊന്നും സംഭവിച്ചില്ലെന്നു പറയുന്ന ജൗഹർ സിർകാർ പണ്ടത്തെ 'മമത ബാനർജി സ്റ്റൈലിൽ' ഉള്ള ഇടപെടലാണ് പ്രതീക്ഷിച്ചത് എന്നാൽ സർക്കാർ നീങ്ങുന്നത് മറ്റൊരു വഴിക്കാണെന്നും പറഞ്ഞു.

പാർട്ടിയിൽ നിന്നും രാജിവയ്ക്കുന്നതായി അറിയിച്ചുകൊണ്ട് മമത ബാനർജിക്ക് കത്തുനൽകിയ ജൗഹർ സിർകാർ രാജ്യസഭാ എംപി സ്ഥാനവും ഉടനെ രാജിവയ്ക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. താൻ പാർട്ടിമാത്രമല്ല രാഷ്ട്രീയം തന്നെ ഉപേക്ഷിക്കുകയാണെന്നും അദ്ദേഹം പറയുന്നു. "എനിക്ക് സമൂഹത്തിലേക്ക് ഒരു സാധാരണ മനുഷ്യനായി തിരിച്ചു പോകണം, ഞാൻ ഇനി രാഷ്ട്രീയമായി ചിന്തിക്കുകയില്ല. അഴിമതിയെ കുറിച്ചും അധികാരത്തെ കുറിച്ചും നിലനിൽക്കുന്ന ഒരു ബോധമുണ്ട് അത് മാറണമെന്നും അത് താൻ പലപ്പോഴായി മമത ബാനർജിയെ അറിയിച്ചെങ്കിലും ആവശ്യമായ നടപടികൾ അവർ സ്വീകരിച്ചില്ലെന്നും ജൗഹർ സിർകാർ പരാതിയായി പറയുന്നു.

ഓഗസ്റ്റ് 9ന് കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജിൽ നടന്ന ബലാത്സംഗക്കൊലയുടെ വിവരങ്ങൾ രാജ്യത്തെ ഞെട്ടിക്കുന്നതായിരുന്നു. വലിയ പ്രതിഷേധങ്ങളും സമരങ്ങളും ആരംഭിച്ചതിനു ശേഷമാണ് ജൂനിയർ ഡോക്ടർ കൂട്ടബലാത്സംഗത്തിന് വിധേയയായി എന്ന് വ്യക്തമാക്കുന്ന ഓട്ടോപ്സി റിപ്പോർട്ട് പുറത്ത് വന്നത്.

സന്ദിപ് ഘോഷിനെതിരെ ഉയർന്ന ആരോപണങ്ങളിൽ പശ്ചിമ ബംഗാൾ മെഡിക്കൽ കൗൺസിൽ കഴിഞ്ഞ ദിവസം കാരണം കാണിക്കൽ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വിശദീകരണം നല്കാൻ സദീപ് ഘോഷിന് മൂന്നു ദിവസമാണ് കൗൺസിൽ സമയം നൽകിയത്. സന്ദിപ് ഘോഷിനൊപ്പം അയാളുമായി വളരെ അടുത്ത് നിൽക്കുന്ന ഡോക്ടർമാരായ ബിരുപക്ഷ ബിശ്വാസ്, അവിക ദേ എന്നിവരെയും സസ്‌പെൻഡ് ചെയ്തുകൊണ്ട് കൗൺസിൽ നോട്ടീസ് പുറത്തിറക്കിയിരുന്നു. അതിശക്തമായ പ്രതിഷേധം ഉയർന്നതിനു ശേഷം കൽക്കട്ട ഹൈക്കോടതി ഇടപെട്ടാണ് അന്വേഷണം സിബിഐക്ക് വിട്ടത്.

ബിജെപി ബംഗാളിൽ പിടിമുറുക്കാതിരിക്കാൻ തുടരുന്ന സമരത്തെ തണുപ്പിക്കേണ്ടതും നിലപാടുകൾ സ്വീകരിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് താൻ മമത ബാനർജിയെ അറിയിച്ചിരുന്നു എന്നും രാജിവച്ച ജൗഹർ സിർകാർ പറയുന്നു. സമരത്തിൽ ബിജെപിയും അനുബന്ധ സംഘടനകളും സജീവപങ്കാളികളായിരുന്നു. അത് രാഷ്ട്രീയ മുതലെടുപ്പാണെന്ന വിമർശനങ്ങളും ഉയർന്നിരുന്നു. വലിയ സംഘര്ഷങ്ങള് തന്നെ സംസ്ഥാനത്തിന്റെ പലഭാഗത്തും നടന്നു. അതിനെ പ്രതിരോധിക്കുന്നതിൽ പാർട്ടിയും സർക്കാരും പരാജയപ്പെട്ടു എന്നാണ് ടിഎംസി എംപി തന്നെ വെളിപ്പെടുത്തുന്നത് .

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം