INDIA

കൊല്‍ക്കത്ത ബലാത്സംഗക്കൊലപാതകക്കേസ്: സമരം ഭാഗികമായി അവസാനിപ്പിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍, അവശ്യ സേവനങ്ങള്‍ പുനരാരംഭിക്കും

തെക്കന്‍ ബംഗാളിലെ വന്‍തോതിലുള്ള വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയും രണ്ട് പേരെങ്കിലും കൊല്ലപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് തങ്ങള്‍ ജോലിയിലേക്ക് മടങ്ങുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു

വെബ് ഡെസ്ക്

കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ യുവ ഡോക്ടറെ ബലാത്സംഗത്തിനിരയാക്കി കൊലചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ ജൂനിയര്‍ ഡോക്ടര്‍മാര്‍ 41 ദിവസമായി തുടരുന്ന സമരം ഭാഗികമായി പിന്‍വലിക്കും. നാളെ മുതല്‍ ആവശ്യസേവന വിഭാഗങ്ങളില്‍ ഭാഗികമായി ജോലിയില്‍ പ്രവേശിക്കാനാണ് തീരുമാനം. കഴിഞ്ഞ 10 ദിവസമായി കുത്തിയിരിപ്പ് സമരം നടത്തുന്ന കൊല്‍ക്കത്തയിലെ സ്വാസ്ത്യ ഭവനില്‍ നിന്ന് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ (സിബിഐ) ഓഫീസ് സ്ഥിതി ചെയ്യുന്ന സിജിഒ കോംപ്ലക്‌സിലേക്ക് ഇന്ന് മാര്‍ച്ച് നടത്തുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ശേഷമാകും സമരം പിന്‍വലിക്കുക.

ഞങ്ങള്‍ ശനിയാഴ്ച മുതല്‍ അവശ്യ സേവനങ്ങള്‍ പുനരാരംഭിക്കും. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ആസ്ഥാനമായ സ്വാസ്ത്യ ഭവന് പുറത്ത് നടത്തുന്ന സമരം വെള്ളിയാഴ്ച മെഗാ റാലി സംഘടിപ്പിച്ച് അവസാനിപ്പിക്കും,'' പ്രതിഷേധക്കാരില്‍ ഒരാളായ അനികേത് മഹാത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സംസ്ഥാന ആരോഗ്യ പരിപാലന സംവിധാനത്തിന്റെ സുരക്ഷയും കാര്യക്ഷമമായ പ്രവര്‍ത്തനവും ഉറപ്പാക്കാന്‍ ചീഫ് സെക്രട്ടറി മനോജ് പന്ത് 10 നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് തീരുമാനം. ജൂനിയര്‍ ഡോക്ടര്‍മാരുടെ അഞ്ച് ആവശ്യങ്ങളായിരുന്നു ഇവ.

തെക്കന്‍ ബംഗാളിലെ വന്‍തോതിലുള്ള വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയും രണ്ട് പേരെങ്കിലും കൊല്ലപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് തങ്ങള്‍ ജോലിയിലേക്ക് മടങ്ങുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അതേസമയം, അവശ്യ സേവനങ്ങള്‍ എന്താണെന്ന് നിര്‍ണയിക്കാന്‍ ഒരു സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രോട്ടോക്കോള്‍ രൂപീകരിക്കുമെന്നും ആശുപത്രി ഔട്ട്‌പേഷ്യന്റ് വിഭാഗങ്ങള്‍ പോലുള്ള എല്ലാ മെഡിക്കല്‍ സേവനങ്ങളും പുനരാരംഭിക്കില്ലെന്നും പ്രതിഷേധിക്കുന്ന ഡോക്ടര്‍മാര്‍ പറയുന്നു.

നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ ഏഴുദിവസത്തെ സമയമാണ് ഡോക്ടര്‍മാര്‍ സര്‍ക്കാരിന് നല്‍കിയിരിക്കുന്നത്. സെപ്തംബര്‍ 27 ന് സുപ്രീം കോടതി കേസ് അടുത്തതായി പരിഗണിച്ചേക്കും.''ചില നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും അവ നടപ്പാക്കാന്‍ സമയപരിധി നിശ്ചയിച്ചിട്ടില്ല. കേസ് വീണ്ടും സുപ്രീം കോടതിയില്‍ വാദം കേള്‍ക്കുന്ന സെപ്റ്റംബര്‍ 27 വരെ കാത്തിരിക്കാം. അപ്പോഴേക്കും, നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതില്‍ സംസ്ഥാനം പരാജയപ്പെട്ടാല്‍ വീണ്ടും ഒരു സമ്പൂര്‍ണ സമരം ആരംഭിക്കാം. എല്ലാ മെഡിക്കല്‍ കോളേജുകളിലും ആശുപത്രികളിലും ഞങ്ങള്‍ അത് നടപ്പാക്കുമെന്നും ഡോക്ടര്‍മാരുടെ പ്രതിനിധി സംഘത്തിലെ പ്രമുഖ അംഗം ദേബാശിഷ് ഹല്‍ദാര്‍ പറഞ്ഞു.

ഒരു മാസം നീണ്ടുനില്‍ക്കുന്ന പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പശ്ചിമ ബംഗാള്‍ ജൂനിയര്‍ ഡോക്ടേഴ്സ് ഫ്രണ്ട്, 'ധാര്‍മിക ഉത്തരവാദിത്വം' എന്ന നിലയില്‍ പ്രളയബാധിത പ്രദേശങ്ങളിലെ ദുരിതബാധിതരെ സഹായിക്കാന്‍ അഭയ ക്ലിനിക്കുകള്‍ തുറക്കാനും തീരുമാനിച്ചു. ഈ ക്ലിനിക്കുകള്‍ ഇന്ന് മുതല്‍ ആരംഭിക്കും.

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ