കൊല്‍ക്കത്തയിലെ ജൂനിയർ ഡോക്ടർ ബലാത്സംഗക്കൊലയ്ക്ക് ഇരയായ സംഭവത്തില്‍ നീതിതേടിയുള്ള സമരം അവസാനിപ്പിക്കണമെങ്കില്‍ മുഖ്യമന്ത്രി മമത ബാനർജി ഇന്നലെ നടന്ന ചർച്ചയില്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കണമെന്ന് ഡോക്ടർമാർ സുപ്രീംകോടതിയില്‍. പ്രതിഷേധക്കാർക്കുവേണ്ടി ഹാജരായ അഭിഭാഷക ഇന്ദിര ജെയ്‌സിങ് ഇക്കാര്യം കോടതിയെ അറിയിച്ചു.
നാല് പ്രധാന ആവശ്യങ്ങളാണ് പ്രതിഷേധക്കാർ മുന്നോട്ടുവയ്ക്കുന്നത്. മെഡിക്കൽ കോളേജുകളിൽ എല്ലാവിഭാഗത്തിൽ നിന്നും പ്രാതിനിധ്യമുറപ്പാക്കുന്ന ബോർഡ് അടിസ്ഥാനമാക്കിയുള്ള മോണിറ്ററി കമ്മിറ്റി രൂപീകരിക്കുക, ഡോക്ടർമാരുടെയും വിദ്യാർത്ഥികളുടെയും പരാതികൾ പരിഹരിക്കാനുള്ള സംവിധാനം ഉറപ്പാക്കുക, ജോലിസ്ഥലങ്ങളിൽ സ്ത്രീകൾ ലൈംഗികമായി ചൂഷണം നേരിടുന്നത് തടയാൻ ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റി രൂപീകരിക്കുക, മാനസികസംഘർഷം നേരിടുന്ന ഡോക്ടർമാർക്കും വിദ്യാർത്ഥികൾക്കുമായി കൗൺസിലിംഗ് സംവിധാനം ഒരുക്കുക എന്നിവയാണവ.
പ്രതിഷേധിക്കുന്ന ഡോക്ടർമാരുടെ ആവശ്യങ്ങൾ പരിശോധിച്ച് മൂന്നു ദിവസത്തിനുള്ളിൽ നടപടി സ്വീകരിക്കണമെന്ന് ബംഗാൾ സർക്കാരിനോട് ആവശ്യപ്പെട്ട കോടതി പ്രതികാരനടപടികൾ ഉണ്ടാകില്ലെന്ന് നേരത്തെ തന്നെ സർക്കാർ ഉറപ്പുനൽകിയിട്ടുണ്ടെന്ന് ജൂനിയർ ഡോക്ടർമാരെ അറിയിച്ചു. ഡോക്ടർമാർ തിരിച്ച് ജോലിയിൽ പ്രവേശിക്കുന്ന തീയ്യതി അറിയിക്കണമെന്ന് സർക്കാരിനുവേണ്ടി ഹാജരായ കപിൽ സിബൽ ആവശ്യപ്പെട്ടെങ്കിലും ഡോക്ടർമാരുടെ യോഗത്തിനു ശേഷം മാത്രമേ അത് അറിയിക്കാൻ സാധിക്കൂ എന്നാണ് ഇന്ദിര ജെയ്‌സിങ് പറഞ്ഞത്.
ഇതിനിടെ, ആർജി കർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടർമാരുടെ സുരക്ഷയുറപ്പാക്കാൻ സ്വീകരിച്ച നടപടികൾ കോടതി വിലയിരുത്തി. 415 സിസിടിവി ക്യാമറകൾ സ്ഥാപിക്കുമെന്ന് ഉറപ്പു നൽകിയ സർക്കാർ ഇതിനിടെ കേവലം 37എണ്ണം മാത്രമാണ് സ്ഥാപിച്ചത് എന്ന് കണക്കുകൾ ഉദ്ധരിച്ച് ചീഫ് ജസ്റ്റിസ് പറഞ്ഞു. ബാക്കിയുള്ളവ സ്ഥാപിച്ചുകൊണ്ടിരിക്കുകയാണെന്നാണ് കപിൽ സിബൽ നൽകിയ മറുപടി.
കേസിൽ സിബിഐ സമർപ്പിച്ച റിപ്പോർട്ട് അസ്വസ്ഥപ്പെടുത്തുന്നതെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. മെഡിക്കൽ കോളേജ് ആശുപത്രികളിൽ ആവശ്യത്തിന് സിസിടിവികളും സ്ത്രീകൾക്ക് ശൗചാലയങ്ങളും ഉറപ്പാക്കണമെന്ന് പശ്ചിമബംഗാൾ സർക്കാരിന് നിർദേശവും നൽകി. "ഞങ്ങൾ വായിച്ച റിപ്പോർട്ടിലെ വിവരങ്ങൾ അസ്വസ്ഥപ്പെടുത്തുന്നതാണ്" എന്നാണ് സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിന്റെ വാദത്തിനിടയിൽ ചീഫ് ജസ്റ്റിസ് പറഞ്ഞു. റിപ്പോർട്ട് തങ്ങൾ പൂർണമായും വായിച്ചു എന്നും വിവരങ്ങൾ വെളിപ്പെടുത്തുന്നത് അന്വേഷണത്തെ ബാധിക്കുന്നതിനാൽ റിപ്പോർട്ടിന്റെ ഉള്ളടക്കം വെളിപ്പെടുത്തുന്നില്ല എന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചെർത്തു. കോടതി സ്വമേധയാ എടുത്ത കേസിൽ വാദം തുടരുന്നു.
കേസിൽ ഹാജരാകുന്ന വനിതാ അഭിഭാഷകരുടെ സുരക്ഷയെ മുൻനിർത്തി കോടതിനടപടികളുടെ ലൈവ് സ്ട്രീമിംഗ് താൽക്കാലികമായി നിർത്തിവെക്കണമെന്ന് ബംഗാൾ സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ആവശ്യപ്പെട്ടെങ്കിലും കോടതി അതിനു തയ്യാറായില്ല. എല്ലാ സുരക്ഷാ ഭീഷണിയേയും കോടതി അഭിമുഖീകരിക്കാമെന്ന് ഉറപ്പുനൽകിയ ചീഫ് ജസ്റ്റിസ് സുതാര്യത ഉറപ്പാക്കാൻ കോടതി നടപടികളുടെ ലൈവ് സ്ട്രീം നിർത്തിവയ്ക്കാൻ കഴിയില്ലെന്ന് പറഞ്ഞു.
മുഖ്യമന്ത്രിയുമായി ആദ്യം നിശ്ചയിച്ച യോഗത്തിൽ നിന്നും പ്രതിഷേധത്തിലുള്ള ജൂനിയർ ഡോക്ടർമാർ പിന്മാറാൻ കാരണം യോഗം ലൈവ് സ്ട്രീം ചെയ്യണം എന്ന ആവശ്യം നിരസിച്ചതാണ്. എന്നാൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും ഡോക്ടർമാർ ഉന്നയിച്ച അഞ്ചിൽ നാല് ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കുകയും ചെയ്തിരുന്നു.
മാത്രവുമല്ല പ്രതിഷേധക്കാരുടെ പ്രധാനപ്പെട്ട ആവശ്യങ്ങളിലൊന്നായിരുന്നു മെഡിക്കൽ കോളേജുകളിൽ ആവശ്യമായ സിസിടിവികൾ സ്ഥാപിക്കണമെന്നതും സെക്യൂരിറ്റി ഉദ്യോഗസ്ഥരെ നിയമിക്കണമെന്നതും. ഈ ആവശ്യങ്ങളും കോടതി തുടക്കത്തിൽ തന്നെ സർക്കാരിനുവേണ്ടി ഹാജരായ കപിൽ സിബലിന് മുന്നിൽ വച്ചു.
അതേസമയം ഒരുമാസത്തിലധികമായി തുടരുന്ന പണിമുടക്ക് സമരം തുടരുകയാണ്. ആരോഗ്യവകുപ്പ് ആസ്ഥാനമായ സ്വാസ്ഥ്യ ഭവനുമുന്നിൽ ജൂനിയർ ഡോക്ടർമാർ കുത്തിയിരിപ്പു സമരം തുടരുകയാണ്. മുഖ്യമന്ത്രി മമത ബാനർജിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ കൊൽക്കത്ത പോലീസ് കമ്മീഷണർ വിനീത് ഗോയലിനെയും ഡെപ്യുട്ടി പോലീസ് കമ്മീഷണറെയും സ്ഥാനത്തു നിന്നും മാറ്റാൻ ധാരണയായിരുന്നു. ആശുപത്രികളിലെ അടിസ്ഥാന സൗകര്യ വികസനവും ഡോക്ടർമാർക്ക് സുരക്ഷയും മുഖ്യമന്ത്രി കൂടിക്കാഴ്ചയിൽ ഉറപ്പുനൽകിയിരുന്നു. ഈ പോലീസ് ഉദ്യോഗസ്ഥരെ സ്ഥാനത്ത് നിന്ന് മാറ്റിയതിനു ശേഷം മാത്രമേ തങ്ങൾ സമരം അവസാനിപ്പിക്കൂ എന്ന നിർബന്ധത്തിലാണ് ജൂനിയർ ഡോക്ടർമാർ സമരത്തിൽ തുടരുന്നത്.
അതേസമയം, വനിതാ ഡോക്ടർമാർക്ക് രാത്രി ജോലിക്ക് വിലക്കേർപ്പെടുത്തിയ പശ്ചിമ ബംഗാൾ സർക്കാരിൻ്റെ വിജ്ഞാപനത്തിനെതിരെയും രൂക്ഷ വിമർശനവുമായി സുപ്രീം കോടതി രംഗത്തെത്തി. സ്ത്രീകൾ രാത്രി ജോലി ചെയ്യരുതെന്ന് എങ്ങനെ പറയാനാവും. വനിതാ ഡോക്ടർമാരെ നിയന്ത്രിക്കുന്നതെന്തിനാണ്? ആനുകൂല്യമല്ല വേണ്ടെന്നും അവർ എല്ലാ ഷിഫ്റ്റിലും ജോലി ചെയ്യാൻ തയ്യാറാണെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടികാട്ടി. കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിനെ തുടർന്നായിരുന്നു ഡോക്ടർമാരുടെ സുരക്ഷയ്ക്കായി വിജ്ഞാപനം പുറത്തിറക്കിയത്. സ്ത്രീകൾക്ക് സുരക്ഷ കൂട്ടുകയല്ലാതെ അവരോട് രാത്രി ജോലി ചെയ്യേണ്ടെന്ന് പറയാൻ കഴിയില്ലെന്നു ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.