INDIA

മണിപ്പൂരിൽ സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ; പതിനൊന്ന് കുക്കി അക്രമകാരികൾ കൊല്ലപ്പെട്ടു

കഴിഞ്ഞയാഴ്ച സൈറോൺ ഹ്മർ ഗ്രാമത്തിൽ മുപ്പത്തിയൊന്നുകാരിയായ സ്ത്രീ സായുധരായ അക്രമികളാൽ കൊല്ലപ്പെട്ടതിനെ തുടർന്നുള്ള സംഘർഷങ്ങൾക്കിടെയാണ് വെടിവയ്പ്പ്

വെബ് ഡെസ്ക്

മണിപ്പൂരിൽ സി ആർ പി എഫ് സേനയുമായുള്ള ഏറ്റുമുട്ടലിൽ കുക്കി സായുധ സംഘമെന്ന് കരുതുന്ന പതിനൊന്ന് പേർ കൊല്ലപ്പെട്ടു. കലാപ ബാധിത സംസ്ഥാനത്തെ ജിരിബാം ജില്ലയിലാണ് വെടിവയ്പുണ്ടായത്. സംഭവത്തിൽ രണ്ട് സിആർപിഎഫ് ജവാന്മാർക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞയാഴ്ച സൈറോൺ ഹ്മർ ഗ്രാമത്തിൽ മുപ്പത്തിയൊന്നുകാരിയായ സ്ത്രീ സായുധരായ അക്രമികളാൽ കൊല്ലപ്പെട്ടതിനെ തുടർന്നുള്ള സംഘർഷങ്ങൾക്കിടെയാണ് വെടിവയ്പ്പ്.

ആയുധധാരികളായ അക്രമികളാണ് ആദ്യം വെടിയുതിർത്തത് എന്നാണ് വിവരം. സംഭവമുണ്ടായതിന് പിന്നാലെ അഞ്ച് പ്രദേശവാസികളെ കാണാതായി. ഇവരെ സായുധ സംഘം തട്ടിക്കൊണ്ടുപോയതാണോ എന്നതിൽ വ്യക്തതയില്ല. ബോറോബെക്ര സബ് ഡിവിഷനിലെ ജകുരഡോർ കരോങ്ങിലായിരുന്നു ഏറ്റുമുട്ടൽ. മേഖലയിലെ പോലീസ് സ്റ്റേഷന് നേരെ തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ഓടെ ആക്രമണമുണ്ടായിരുന്നു. തുടർന്നാണ് സി ആർ പി എഫും അക്രമികളും ഏറ്റുമുട്ടിയത്. നേരത്തെ, അക്രമി സംഘം പ്രദേശത്തെ കടകൾക്ക് തീയിടുകയും വീടുകളും സമീപത്തെ സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്) ക്യാമ്പ് ലക്ഷ്യമിട്ടും ആക്രമണം നടത്തിയിരുന്നു.

തിങ്കളാഴ്ച രാവിലെ മണിപ്പൂരിലെ ഇംഫാൽ ഈസ്റ്റ് ജില്ലയിലും അക്രമസംഭവം അരങ്ങേറിയിരുന്നു. വയലിൽ ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്ന കർഷകനാണ് വെടിയേറ്റത്. ഇംഫാൽ താഴ്‌വരയിലെ വയലുകളിൽ പണിയെടുക്കുന്ന കർഷകർക്ക് നേരെ തുടർച്ചയായ മൂന്നാം ദിവസമാണ് കുന്നുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കുക്കി അക്രമിസംഘം ആക്രമണം നടത്തുന്നത്.

കഴിഞ്ഞ മൂന്ന് ദിവസമായി മണിപ്പൂരിലെ പല ജില്ലകളിൽ നടത്തിയ തിരച്ചിലിൽ നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും ഐഇഡികളും സുരക്ഷാ സേന പിടിച്ചെടുത്തതായി അസം റൈഫിൾസ് അറിയിച്ചിരുന്നു. 2023 മെയ് മുതൽ മണിപ്പൂരിലെ മെയ്തി- കുക്കി വിഭാഗങ്ങൾ തമ്മിൽ ആരംഭിച്ച വംശീയ കലാപത്തിൽ ഇരുനൂറിലധികം ആളുകളാണ് കൊല്ലപ്പെട്ടത്. ആയിരത്തിലധികം പേർ കുടിയിറക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

വാക്സിൻ വിരുദ്ധനെ ആരോഗ്യവിഭാഗം തലവനാക്കി ട്രംപ്; ആർ എഫ് കെന്നഡി ജൂനിയർ അമേരിക്കയുടെ ആരോഗ്യം വീണ്ടെടുക്കുമെന്ന് പ്രഖ്യാപനം

വിഷപ്പുകയിൽ മുങ്ങി രാജ്യതലസ്ഥാനം; അഞ്ചാം ക്ലാസ് വരെ പഠനം ഓണ്‍ലൈനായി, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു, വാഹനങ്ങള്‍ക്കും നിയന്ത്രണം

ട്രംപിനെതിരായ കേസുകള്‍ക്ക് എന്ത് സംഭവിക്കും?

കേരളത്തിന് തിരിച്ചടി; വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്രം

'മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യം'; ഇസ്രയേലിനെതിരേ നടപടി ആവശ്യപ്പെട്ട്‌ ഹ്യൂമൻ റൈറ്റ്സ് വാച്ച് റിപ്പോർട്ട്