ലോകത്തെ ഏറ്റവും കൂടുതല്‍ അരി കയറ്റുമതി ചെയ്യുന്ന ഇന്ത്യയില്‍ മഴയുടെ ലഭ്യതക്കുറവ് ആഗോള ഭക്ഷ്യ വിതരണ മേഖലയെ വലിയ പ്രതിസന്ധിയിലാക്കുമെന്ന് ആശങ്ക. കഴിഞ്ഞ മൂന്നുവർഷത്തിനിടയിലെ ഇന്ത്യയിലെ ഏറ്റവും കുറവ് നെല്ലുത്പാദനമാണ് ഈ വര്‍ഷത്തേത്. രാജ്യത്തെ ഭക്ഷ്യോത്പാദനത്തിന്റെ 25 ശതമാനവും പശ്ചിമബംഗാൾ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ്. ഇവിടങ്ങളില്‍ മഴ കുറഞ്ഞതിനാല്‍ ഈ സീസണിൽ മൊത്തം നെൽക്യഷിയിൽ 13 ശതമാനം കുറവുണ്ടായിട്ടുണ്ട്. അവശ്യവസ്തുക്കളുടെ വിലയിലെ കുതിപ്പും പണപ്പെരുപ്പവും മറികടക്കാന്‍ ലോക രാജ്യങ്ങൾ ശ്രമിക്കുന്നതിനിടെയാണ് അരി ഉത്പാദനം വെല്ലുവിളിയാകുന്നത്.
ആഗോള അരി വ്യാപാരത്തിന്റെ 40 ശതമാനവും ഇന്ത്യയില്‍ നിന്നാണ്. നിലവിലെ നെല്ല് ഉത്പാദനത്തിലെ ഇടിവ് ഇന്ത്യയുടെ പണപ്പെരുപ്പ പോരാട്ടത്തെ സങ്കീർണ്ണമാക്കുമെന്നും കയറ്റുമതിയിൽ നിയന്ത്രണങ്ങൾ സൃഷ്ടിക്കുമെന്നുമാണ് വ്യാപാരികളുടെ ആശങ്ക. ഭക്ഷ്യ സുരക്ഷ ലക്ഷ്യമിട്ടും പ്രാദേശിക വില നിയന്ത്രിക്കുന്നതിനുമായി ഗോതമ്പ്, പഞ്ചസാര എന്നിവയുടെ കയറ്റുമതി സർക്കാർ ഇതിനകം തന്നെ നിരോധിച്ചിട്ടുമുണ്ട്.
മഴയുടെ ലഭ്യതക്കുറവും ബംഗ്ലാദേശിൽ വർദ്ധിച്ചുവരുന്ന ഭക്ഷ്യവസ്തുക്കളുടെ ആവശ്യകതയും കാരണം പശ്ചിമ ബംഗാൾ, ഒഡീഷ, ഛത്തീസ്ഗഡ് തുടങ്ങിയ പ്രധാന ഉത്പാദന സംസ്ഥാനങ്ങളിൽ ചില ഇനങ്ങളുടെ വില കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 10 ശതമാനത്തിലധികം ഉയർന്നതായി അരി കയറ്റുമതി കമ്പനിയായ, സ്പോഞ്ച് എന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടർ മുകേഷ് ജെയിൻ പറഞ്ഞു. കയറ്റുമതി വില സെപ്റ്റംബറോടെ ടണ്ണിന് 365 ഡോളറിൽ നിന്ന്, 400 ഡോളറായി ഉയരും.
റഷ്യ-യുക്രെയ്ൻ യുദ്ധത്തിനുശേഷം ഗോതമ്പിന്റെയും ധാന്യത്തിന്റെയും വിലയിലെ വർദ്ധന ഇന്ത്യയില്‍ അവയുടെ ഉൽപാദനവും സംഭരണവും വർദ്ധിപ്പിക്കാൻ കാരണമായിട്ടുണ്ട്. ഇത് രാജ്യം ഭക്ഷ്യക്ഷാമത്തിലേക്ക് പോകാതിരിക്കാൻ സഹായിക്കും. മഴയുടെ കുറവ് തുടരുകയാണെങ്കിൽ, അത് വിള ഉൽപാദനത്തെ ദോഷകരമായി ബാധിക്കും. ഇത് സാമ്പത്തിക വളർച്ചയെയും പണപ്പെരുപ്പത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധനായ സോണൽ വർമ്മ പറയുന്നു.
നിലവിലെ സാഹചര്യത്തില്‍, എഥനോൾ ഉൽപാദനത്തിനായി അരി ഉപയോഗിക്കാനുള്ള സര്‍ക്കാരിന്‍റെ നയം പുനഃപരിശോധിക്കണമെന്ന് ഇന്ത്യൻ കാർഷിക മന്ത്രാലയത്തിന്റെ മുൻ സെക്രട്ടറി സിറാജ് ഹുസൈൻ
ബംഗ്ലാദേശ്, ചൈന, നേപ്പാൾ തുടങ്ങി നൂറിലധികം രാജ്യങ്ങളിലേക്ക് ഇന്ത്യ അരി വിതരണം ചെയ്യുന്നുണ്ട്. ഇന്ത്യയുടെ നെല്ലുത്പാദനം കുറയാൻ പോകുന്ന സാഹചര്യത്തിൽ, എഥനോൾ ഉത്പാദനത്തിന് അരി അനുവദിക്കുന്ന നയം പുനഃപരിശോധിക്കുന്നത് സർക്കാർ പരിഗണിക്കണമെന്ന് ഇന്ത്യൻ കാർഷിക മന്ത്രാലയത്തിന്റെ മുൻ സെക്രട്ടറി സിറാജ് ഹുസൈൻ പറഞ്ഞു. ഇന്ധനച്ചെലവ് കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി മിച്ചമുള്ള പഞ്ചസാരയും അരിയും ഉപയോഗിച്ച് എഥനോൾ ഉത്പാദനം വർദ്ധിപ്പിക്കാനാണ് നിലവിൽ ഇന്ത്യ ശ്രമിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍, എഥനോൾ ഉൽപാദനത്തിനായി അരി അനുവദിക്കുന്നതിൽ ഒരു ന്യായീകരണവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.