കുപ്രസിദ്ധ വനം കൊള്ളക്കാരന്‍ വീരപ്പനെ പിടികൂടാന്‍ രഹസ്യ ദൗത്യവുമായി കൃഷ്ണഗിരിയില്‍ പ്രവര്‍ത്തിച്ച വനിത പോലീസ് ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം നിഷേധിച്ചത് ഭരണഘടനാ വിരുദ്ധമെന്ന് മദ്രാസ് ഹൈക്കോടതി. വീരപ്പൻ ദൗത്യത്തില്‍ പങ്കാളിയായ സുമതി എന്ന കോൺസ്റ്റബിളിന്റെ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. വീരപ്പൻ കേസിൽ തെളിവുകൾ ശേഖരിക്കാൻ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥയായിരുന്നു സുമതി. തന്റെ ജോലിക്കുള്ള അംഗീകാരമായി സ്ഥാനക്കയറ്റം നൽകണമെന്നാണ് സുമതിയുടെ ആവശ്യം. സമാനമായ ചുമതല നിർവ്വഹിച്ച മറ്റൊരു സബ് ഇൻസ്പെക്ടർക്ക് സ്ഥാനക്കയറ്റം നൽകിയത് ചൂണ്ടിക്കാട്ടിയാണ് സുമതി കോടതിയെ സമീപിച്ചത്. സമാനമായ ജോലി ചെയ്ത രണ്ടുപേരിൽ ഒരാൾക്ക് സ്ഥാനക്കയറ്റം നൽകാതിരിക്കുന്നത് ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്
നിരവധി പ്രതികൂല സാഹചര്യങ്ങള്‍ക്കിടയില്‍ തന്റെ ജീവൻ പണയം വച്ച് സുമതി ചെയ്ത ജോലി സ്തുത്യർഹമാണെന്നും, അവർക്ക് സ്ഥാനക്കയറ്റം നിഷേധിക്കുന്നതിലൂടെ ജോലിസ്ഥലത്ത് ഉണ്ടാകേണ്ട തുല്യതയാണ് ഇല്ലാതാക്കുന്നതെന്നും കോടതി അഭിപ്രായപ്പെട്ടു. രാജവേൽ എന്ന സബ് ഇൻസ്പെക്ടറെക്കാളും മികച്ച ജോലിയാണ് സുമതി ചെയ്തത്. അതുകൊണ്ടു തന്നെ സ്ഥാനക്കയറ്റം വേണമെന്ന അവരുടെ ആവശ്യം ന്യായമാണ് എന്നും കോടതി പറയുന്നു. സ്ഥാനക്കയറ്റം എന്ന സുമതിയുടെ ആവശ്യം തമിഴ്നാട് ഡിജിപി തള്ളിയതിനെ തുടർന്നാണ് സുമതി കോടതിയെ സമീപിക്കുന്നത്.
1997ൽ ഗ്രേഡ് രണ്ട് കോൺസ്റ്റബിൾ ആയി ജോലിയിൽ പ്രവേശിച്ച സുമതിയ്ക്ക് ഇതിനിടയിൽ ഗ്രേഡ് ഒന്ന് കോൺസ്റ്റബിൾ ആയി സ്ഥാനക്കയറ്റം ലഭിച്ചിരുന്നു. കൃഷ്ണഗിരി ആംഡ് റിസേർവിൽ ജോലി ചെയ്യുന്ന കാലത്താണ് വീരപ്പൻ കേസിൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി സുമതി നിയോഗിക്കപ്പെടുന്നത്. ഈ ഉത്തരവാദിത്തം കൃത്യമായി നിർവഹിക്കുന്നതിനായി താനും ഭർത്താവും വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മി താമസിക്കുന്ന ഗ്രാമത്തിൽപോയി താമസിക്കുകയായിരുന്നു എന്നും സുമതി കോടതിയെ ബോധ്യപ്പെടുത്തി.
വീരപ്പന്റെ മരണത്തിനു ശേഷം സർക്കാർ നിരവധി പോലീസ് ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകിയിരുന്നതായും സുമതി കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. എന്നാൽ സുമതി ക്യൂ ബ്രാഞ്ചിലെ ഉദ്യോഗസ്ഥയായിരുന്നു എന്നും അവർ സ്വാഭാവികമായും ചെയ്യേണ്ടുന്ന ജോലി മാത്രമാണ് ചെയ്തിട്ടുള്ളത് എന്നുമാണ് സർക്കാരിന്റെ വിശദീകരണം. സമാനമായ രീതിയിൽ തന്റെ ജോലി ചെയ്ത രാജവേലിന് എങ്ങനെ സ്ഥാനക്കയറ്റം നൽകി എന്ന് സുമതി തിരിച്ചു ചോദിക്കുന്നു. സ്ഥാനക്കയറ്റം നിർണ്ണയിക്കുന്ന ഒരു കമ്മിറ്റി ഉണ്ടെന്നും സുമതിക്ക് എന്തെങ്കിലും പരാതിയുണ്ടായിരുന്നെങ്കിൽ ആ കമ്മിറ്റിയെ ബന്ധപ്പെടാമായിരുന്നു എന്നും സർക്കാർ പറഞ്ഞു.
രാജവേലിനെയും സുമതിയെയും തെളിവ് ശേഖരിക്കാനായിരുന്നു നിയോഗിച്ചത്. അത് ചെയ്യാൻ സുമതിക്ക് കുടുംബത്തോടെ ആ ഗ്രാമത്തിലേക്ക് താമസം മാറേണ്ടിവന്നു. ഒരുപാട് വെല്ലുവിളികൾ നേരിടേണ്ടിവന്നു. ഇതൊന്നും നേരിടാതിരുന്ന രാജവേലിന് സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഭരണഘടനയുടെ 14-ാം അനുച്ഛേദം ലംഘിക്കപ്പെട്ടെന്നുള്ള കോടതിയുടെ നിരീക്ഷണം. സുമതിയോട് തന്റെ ആവശ്യവുമായി ഗവണ്മെന്റ് രൂപീകരിച്ച കമ്മിറ്റിയെ ബന്ധപ്പെടാൻ കോടതി ആവശ്യപ്പെട്ടു. സമിതി ആവശ്യം പരിഗണിച്ച് ആവശ്യമായ ഉത്തരവുകൾ പുറപ്പെടുവിക്കണമെന്ന് സർക്കാരിനോടും നിർദേശിച്ചു.