വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയ നടപടി പിന്‍വലിച്ചു. ലോക്‌സഭാ സെക്രട്ടറിയേറ്റിന്‌റേതാണ് തീരുമാനം. ഫൈസല്‍ നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് ലോക്‌സഭാ സെക്രട്ടറിയേറ്റിന്‌റെ അടിയന്തര തീരുമാനം. അയോഗ്യത പിന്‍വലിക്കാത്തതിനാല്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.
കുറ്റക്കാരനാണെന്ന വിധി കേരളാ ഹൈക്കോടതി സ്‌റ്റേ ചെയ്തിട്ടും അയോഗ്യതാ ഉത്തരവ് പിന്‍വലിക്കാത്തതിനെതിരെയാണ് ഫൈസല്‍ സുപ്രീംകോടതിയെ സമീപിച്ചത്. ക്രിമിനല്‍ കേസില്‍ തടവ് ശിക്ഷയ്ക്ക് വിധിച്ച കവരത്തി സെഷന്‍സ് കോടതി ഉത്തരവ് ജനുവരി 25നാണ് ഹൈക്കോടതി സസ്‌പെന്‍ഡ് ചെയ്തിരുന്നു. 10 വര്‍ഷം കഠിന തടവ്, എം പി സ്ഥാനം അസാധുവാക്കല്‍ എന്നിവ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ലക്ഷദ്വീപ് ഉപതിരഞ്ഞെടുപ്പും നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
പിന്നാലെ ഉപതിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് ഫൈസല്‍ സുപ്രീംകോടതിയെ സമീപിച്ചു. ഹൈക്കോടതി ഉത്തരവിന് അനുസൃതമായി തീരുമാനമെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് സുപ്രീംകോടതിയും നിര്‍ദേശം നല്‍കി. ഇതോടെ ഉപതിരഞ്ഞെടുപ്പ് പിന്‍വലിക്കാന്‍ കമ്മിഷന്‍ നിര്‍ബന്ധിതമായിരുന്നു.
ജനുവരി 13നാണ് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയത്. കവരത്തി കോടതി 10 വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചതിന് പിന്നാലെയായിരുന്നു ഈ നടപടി.
ലക്ഷദ്വീപ് മുന്‍ എംപി ഹംദുള്ള സെയ്ദിന്‌റെ അടുത്ത ബന്ധു പടന്നാത സാലിഹിനെ ഉള്‍പ്പെടെയുള്ളവരെ മര്‍ദിച്ചെന്ന കേസിലാണു വധശ്രമ കേസിലാണ് ഫൈസലടക്കം നാലുപേര്‍ ശിക്ഷിക്കപ്പെട്ടത്.