ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിനെ വീണ്ടും അയോഗ്യനാക്കി. ലോക്സഭാ സെക്രട്ടറിയേറ്റ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. വധശ്രമക്കേസിൽ മുഹമ്മദ് ഫൈസലിനെ കുറ്റക്കാരാണെന്ന് കണ്ടെത്തിയ വിധി റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചതോടെയാണ് വീണ്ടും അയോഗ്യനാക്കിയത്. എന്നാൽ ഈ കേസിൽ ഫൈസലിന്റെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചിരുന്നു. വധശ്രമക്കേസില്‍ എം.പി മുഹമ്മദ് ഫൈസല്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ കുറ്റക്കാര്‍ തന്നെയെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ശിക്ഷ ഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചത്.
അന്തരിച്ച കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി എം സഈദിന്റെ മരുമകൻ മുഹമ്മദ് സ്വാലിഹിനെ വധിക്കാൻ ശ്രമിച്ചെന്നാണ് മുഹമ്മദ് ഫൈസലിനെതിരെയുള്ള കേസ്. 2009 ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു സംഭവം.കേസില്‍ രണ്ടാം പ്രതിയാണ് മുഹമ്മദ് ഫൈസല്‍. ഫൈസൽ ഉൾപ്പടെ നാല് പ്രതികളാണ് ഈ കേസിലുള്ളത്. ഇവരെ 10 വർഷത്തേക്ക് കവരത്തി കോടതി ജനുവരി 11ന് ശിക്ഷിച്ചിരുന്നു. ഇതോടെ ഫൈസൽ എംപി സ്ഥാനത്ത് നിന്നും അയോഗ്യനായി. ജനപ്രാതിനിധ്യ നിയമപ്രകാരം രണ്ട് വർഷത്തിലേറെ ശിക്ഷിക്കപ്പെട്ടാലാണ് അയോഗ്യനാക്കപ്പെടുക.
എന്നാൽ അയോഗ്യത ഒഴിവാക്കാനായി ശിക്ഷാവിധിക്കെതിരെ മുഹമ്മദ് ഫൈസൽ അപ്പീൽ നൽകി. ഇതോടെ കേസിൽ ഫൈസൽ കുറ്റക്കാരനാണെന്നുമുള്ള വിധിയും ശിക്ഷാവിധിയും ഹൈക്കോടതി മരവിപ്പിച്ചു. തെരഞ്ഞെടുപ്പ് ഒഴിവാക്കുന്നതിനായി ശിക്ഷ സസ്പെൻഡ് ചെയ്യുന്നെന്നായിരുന്നു സിംഗിൾ ബെഞ്ചിന്‍റെ നിരീക്ഷണം.
ഇതിനെതിരെ ലക്ഷദ്വീപ് ഭരണകൂടവും സ്വാലിഹും ഹർജി നൽകിയതിനെത്തുടർന്ന് വിധി മരവിപ്പിച്ച ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. ഫൈസലിന്റെ ഹർജി ആറ് ആഴ്ചയ്ക്കുള്ളിൽ വീണ്ടും പരിശോധിക്കാനും സുപ്രീം കോടതി ഉത്തരവിട്ടു. ഇതേ തുടർന്നാണ് വിചാരണക്കോടതി വിധി സ്റ്റേ ചെയ്തത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷദ്വീപ് ഭരണകൂടം സമര്‍പ്പിച്ച ഹർജിയിൽ ഹൈക്കോടതി ജസ്റ്റിസ് എൻ നഗരേഷ് പുതിയ വിധി പറഞ്ഞത്.