അതിക്രമങ്ങള്‍ ഭയന്ന് അഭയാര്‍ത്ഥികളായി ഇന്ത്യയിലെത്തിയ ഹിന്ദുക്കള്‍ പാകിസ്താനിലേക്ക് തന്നെ മടങ്ങുന്ന പ്രവണത വർധിക്കുന്നു. ഈ വര്‍ഷം ജനുവരി മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ മാത്രം 334 പേര്‍ ഇത്തരത്തില്‍ പാകിസ്താനിലേക്ക് മടങ്ങിപ്പോയെന്നാണ് ഔദ്യോഗിക കണക്കുകള്‍. 2021 മുതലുള്ള 18 മാസത്തിനിടെ 1500 പാകിസ്താനി ഹിന്ദുക്കള്‍ ഇന്ത്യയില്‍ നിന്നും മടങ്ങിപ്പോയെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
അഭയാര്‍ത്ഥികളായി ഇന്ത്യയിലെത്തി മാസങ്ങള്‍ പിന്നിട്ടിട്ടും പൗരത്വം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഉദാസീനതയാണ് ഇവര്‍ക്ക് തിരിച്ചടിയായവുന്നത്. ഇന്ത്യന്‍ പൗരത്വം നേടാനാവാവശ്യമായ ഔപചാരിക നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യമായ ഉയര്‍ന്ന ചെലവ് ഉള്‍പ്പെടെ പ്രതിസന്ധിയായതോടെയാണ് പലരും മടങ്ങിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യന്‍ പൗരത്വം ആഗ്രഹിക്കുന്ന ഏകദേശം 25,000 പാകിസ്താനി ഹിന്ദുക്കള്‍ ഇന്ത്യയിലുണ്ട്
ഇന്ത്യന്‍ പൗരത്വം ആഗ്രഹിക്കുന്ന ഏകദേശം 25,000 പാകിസ്താനി ഹിന്ദുക്കള്‍ ഇന്ത്യയിലുണ്ടെന്നാണ് കണക്കുകള്‍. 10 മുതല്‍ 15 വര്‍ഷമായി ഇന്ത്യയില്‍ തുടരുന്നവരായിരുന്നു ഇവര്‍. പൗരത്വം നേടാന്‍ ആവശ്യമായ തുകയുള്‍പ്പെടെ ചെലവിട്ടിട്ടും അനുമതി ലഭിക്കുമെന്ന് ഉറപ്പില്ലാത്ത സാഹചര്യത്തിലാണ് ഇവരില്‍ പലരുമെന്നും അഭയാര്‍ത്ഥി വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന എന്‍ജിഒ സിമന്ത് ലോക് സംഗതന്‍ പ്രസിഡന്റ് ഹിന്ദു സിംഗ് സോധ ചൂണ്ടിക്കാട്ടുന്നു.
2004ലും 2005ലും പാകിസ്താനില്‍ നിന്നുള്ള പൗരത്വം അനുവദിക്കുന്നതിനായി ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്നു. ഈ ക്യാമ്പുകൾ വഴി ഏകദേശം 13,000 പാകിസ്താന്‍ ഹിന്ദുക്കള്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ 5 വര്‍ഷത്തിനിടെ 2000 പാകിസ്താന്‍ ഹിന്ദുക്കള്‍ക്ക് മാത്രമാണ് പൗരത്വം ലഭിച്ചത് എന്നുമാണ് കണക്കുകള്‍.
പാകിസ്താനില്‍ നിന്നും അഭയാര്‍ത്ഥികളായി ഇന്ത്യയിലെത്തിയവര്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നതിന് സാമ്പത്തിക ചിലവേറെയാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ ചട്ടം അനുസരിച്ച് ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കാന്‍ പാകിസ്താന്‍ പാസ്പോര്‍ട്ട് പുതുക്കേണ്ടതുണ്ട്. ഇത്തരത്തിൽ പുതുക്കിയ പാസ്പോര്‍ട്ട് സറണ്ടര്‍ ചെയ്താതായുള്ള പാകിസ്താന്‍ എംബസിയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കണം. ഇതിനുള്ള തുക പാക് എംബസി ഉയര്‍ത്തിയതാണ് പ്രധാന വെല്ലുവിളി. പാസ്‌പോര്‍ട്ട് പുതുക്കുന്നതിനായി 8000 മുതല്‍ 10000 രൂപ വരെയാണ് നിലവിലെ ചെലവ്. ഇതിന് പുറമെ പുതുക്കല്‍ നടപടികളില്‍ വലിയ പഴുതുകള്‍ നിലനില്‍ക്കുന്നതായും ആരോപണങ്ങളുണ്ട്.
അഭയാര്‍ത്ഥികളുടെ ദുരിതം അവസാനിപ്പിക്കാന്‍ പുതിയ പാസ്പോര്‍ട്ട് നിയമവും ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നതിന് പാകിസ്താന്‍ പാസ്പോര്‍ട്ട് സമര്‍പ്പിക്കണം എന്ന നിര്‍ബന്ധനയും ഇന്ത്യാ ഗവണ്‍മെന്റ് പിൻവലിക്കണമെന്നുമാണ് ആവശ്യം.