INDIA

ഏകീകൃത സിവിൽ കോഡ്: പൊതുജനാഭിപ്രായം അറിയിക്കാനുള്ള സമയപരിധി നീട്ടി

ഒരു മാസത്തെ സമയപരിധി ഇന്ന് അവസാനിച്ചതോടെയാണ് ഡേറ്റ് നീട്ടാനുള്ള തീരുമാനം

വെബ് ഡെസ്ക്

ഏകീകൃത സിവിൽ കോഡ് (യുസിസി) സംബന്ധിച്ച് പൊതുജനങ്ങള്‍ പ്രതികരണങ്ങൾക്കുള്ള സമയപരിധി നീട്ടിയതായി നിയമ കമ്മീഷൻ. ജൂലൈ 28 വരെ സമയം നീട്ടിയതായി നിയമ കമ്മീഷൻ അറിയിച്ചു. വിവിധ കോണുകളിൽ നിന്ന് ലഭിച്ച അഭ്യർത്ഥനകൾ കണക്കിലെടുത്താണ് തീരുമാനമെന്നാണ് ഔദ്യോഗിക വിശദീകരണം. ഒരു മാസത്തെ സമയപരിധി ഇന്ന് അവസാനിച്ചതോടെയാണ് തീയതി നീട്ടിക്കൊണ്ടുള്ള പ്രഖ്യാപനം.

ജൂൺ 14 മുതലായിരുന്നു യുസിസി വിഷയത്തില്‍ പൊതുജനാഭിപ്രായങ്ങൾ തേടിയത്. സംഘടനകളിൽ നിന്നും പൊതുജനങ്ങളിൽ നിന്നുമാണ് ലോ പാനൽ പ്രതികരണങ്ങൾ ക്ഷണിച്ചത്. പിന്നാലെയാണ് പൊതുജനാഭിപ്രായങ്ങൾ സമർപ്പിക്കുന്നതിനുള്ള സമയം നീട്ടണമെന്ന ആവശ്യം ശക്തമായത്. ഇത് കണക്കിലെടുത്താണ് രണ്ടാഴ്ചത്തെ സമയം നീട്ടിനൽകാൻ തീരുമാനിച്ചതെന്ന് ലോ കമ്മീഷൻ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ പ്രഖ്യാപിത നയങ്ങളിലൊന്നാണ് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുകയെന്നത്. എന്നാൽ പല വിധ പ്രശ്നങ്ങൾ മൂലം നിയമത്തിന്റെ കരട് രേഖ പോലും ഇതുവരെ തയ്യാറാക്കിയിട്ടില്ല. എന്നാൽ എല്ലാ സംസ്ഥാനങ്ങളിലെയും ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ ആയുധങ്ങളിലൊന്നാണ് ഏകീകൃത സിവിൽ കോഡ്.

21ാം നിയമ കമ്മീഷൻ ചെയർപേഴ്‌സണായിരുന്ന സുപ്രീം കോടതി മുൻ ജസ്റ്റിസ് പി ബി സാവന്ത് വിരമിച്ച ശേഷം നിയമ കമ്മീഷൻ പുനഃസംഘടിപ്പിക്കാൻ നരേന്ദ്ര മോദി സർക്കാർ വിമുഖത പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഏക സിവിൽ കോഡ് നടപ്പാക്കുമെന്ന ഗുജറാത്തിലെ പ്രഖ്യാപനത്തിന് ശേഷം പെട്ടെന്ന് പുതിയ നിയമകമ്മീഷൻ രൂപീകരിച്ചത് യുസിസി ലക്ഷ്യം വച്ചാണെന്ന് അന്ന് തന്നെ ആരോപണമുയർന്നിരുന്നു.

ഗോവ മാത്രമാണ് ഏകീകൃത സിവിൽ കോഡ് നടപ്പാക്കിയ ഏക സംസ്ഥാനം. ഉത്തരാഖണ്ഡ് സർക്കാർ ഏകീകൃത സിവിൽ കോഡ് നടപ്പാക്കാനുള്ള നടപടികൾ ആരംഭിച്ചിരുന്നു. കഴിഞ്ഞ മെയ് മാസത്തിലാണ് വിരമിച്ച സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് രഞ്ജന ദേശായിയുടെ നേതൃത്വത്തിലുള്ള സമിതിയെ ഉത്തരാഖണ്ഡ് സർക്കാർ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നിയമിച്ചത്. ഇതിന് പുറമെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ അസം, ഹിമാചൽ പ്രദേശ് സർക്കാരുകളും ഏകീകൃത സിവിൽ കോഡിനെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.

മതം, ലിംഗം, ലൈംഗിക ആഭിമുഖ്യം എന്നിവ പരിഗണിക്കാതെ എല്ലാ പൗരന്മാർക്കും തുല്യമായി ബാധകമാകുന്ന പൗരന്മാരുടെ വ്യക്തിഗത നിയമങ്ങൾ രൂപീകരിക്കുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള ഒരു നിർദേശമാണ് ഏകീകൃത സിവിൽ കോഡ്. വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം, ദത്തെടുക്കൽ എന്നിവയ്‌ക്കെല്ലാം രാജ്യത്താകമാനം എല്ലാ മതവിഭാഗങ്ങൾക്കും ബാധകമായ ഒരു നിയമമാണ് ഏകീകൃത സിവിൽ കോഡ് വ്യവസ്ഥ ചെയ്യുന്നത്. എന്നാൽ ഇത് മുസ്ലിം വിഭാഗങ്ങളെ ഉന്നം വച്ചുള്ളതാണെന്നാണ് പ്രധാന ആക്ഷേപം. കൂടാതെ രാജ്യത്തിന്റെ നാനാത്വത്തിൽ ഏകത്വമെന്ന അടിസ്ഥാന തത്വത്തെ തുരങ്കം വയ്ക്കുന്നതാണ് യുസിസി എന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍