INDIA

ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ വീണ്ടും കളമൊരുങ്ങുന്നു; പൊതുജനാഭിപ്രായം തേടി നിയമകമ്മീഷന്‍

വെബ് ഡെസ്ക്

ഏകീകൃത സിവിൽ കോഡ് നടപ്പാക്കാനുള്ള നീക്കങ്ങൾ വീണ്ടും സജീവമാക്കി കേന്ദ്ര സർക്കാർ. എൻ ഡി എ സർക്കാരിന്റെ വിവിധ നയത്തെ കുറിച്ച് പുതിയ കൂടിയാലോചനകൾ നടത്താൻ നിയമ കമ്മീഷൻ സർക്കാരിന് പച്ചക്കൊടി നൽകി. ഏകീകൃത സിവിൽ കോഡിനെ കുറിച്ചുള്ള പൊതുജനങ്ങളുടെയും അംഗീകൃത മതസംഘടകനകളുടെയും അഭിപ്രായം തേടാനാണ് 22-ാമത് നിയമകമ്മീഷന്റെ നിർദേശം.

ഏകീകൃത സിവിൽ കോഡിനെ കുറിച്ചുള്ള അഭിപ്രായങ്ങൾ പങ്കുവയ്ക്കാൻ താത്പര്യമുള്ളവർ നോട്ടീസ് നൽകി മുപ്പത് ദിവസത്തിനുള്ളിൽ നിർദേശങ്ങൾ സമർപ്പിക്കണം. കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ പ്രഖ്യാപിത നയങ്ങളിലൊന്നാണ് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുകയെന്നത്. എന്നാൽ പല വിധ പ്രശ്നങ്ങൾ മൂലം നിയമത്തിന്റെ കരട് രേഖ പോലും ഇതുവരെ തയ്യാറാക്കിയിട്ടില്ല. എന്നാൽ എല്ലാ സംസ്ഥാനങ്ങളിലെയും ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ ആയുധങ്ങളിലൊന്നാണ് ഏകീകൃത സിവിൽ കോഡ്.

രാജ്യത്തിന്റെ നാനാത്വത്തിൽ ഏകത്വമെന്ന അടിസ്ഥാന തത്വത്തെ തുരങ്കം വയ്ക്കുന്നതാണ് യുസിസി എന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു

21ാം നിയമ കമ്മീഷൻ ചെയർപേഴ്‌സണായിരുന്ന സുപ്രീം കോടതി മുൻ ജസ്റ്റിസ് പി ബി സാവന്ത് വിരമിച്ച ശേഷം നിയമ കമ്മീഷൻ പുനഃസംഘടിപ്പിക്കാൻ നരേന്ദ്ര മോദി സർക്കാർ വിമുഖത പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഏക സിവിൽ കോഡ് (യുസിസി) നടപ്പാക്കുമെന്ന ഗുജറാത്തിലെ പ്രഖ്യാപനത്തിന് ശേഷം പെട്ടെന്ന് പുതിയ നിയമകമ്മീഷൻ രൂപീകരിച്ചത് യുസിസി ലക്ഷ്യം വച്ചാണെന്ന് അന്ന് തന്നെ ആരോപണമുയർന്നിരുന്നു.

ഗോവ മാത്രമാണ് ഏകീകൃത സിവിൽ കോഡ് നടപ്പാക്കിയ ഏക സംസ്ഥാനം. ഉത്തരാഖണ്ഡ് സർക്കാർ ഏകീകൃത സിവിൽ കോഡ് നടപ്പാക്കാനുള്ള നടപടികൾ ആരംഭിച്ചിരുന്നു. കഴിഞ്ഞ മെയ് മാസത്തിലാണ് വിരമിച്ച സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് രഞ്ജന ദേശായിയുടെ നേതൃത്വത്തിലുള്ള സമിതിയെ ഉത്തരാഖണ്ഡ് സർക്കാർ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നിയമിച്ചത്. ഇതിന് പുറമെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ അസം, ഹിമാചൽ പ്രദേശ് സർക്കാരുകളും ഏകീകൃത സിവിൽ കോഡിനെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. കൂടാതെ ബിജു ജനതാദൾ നേതാവും ഒഡിഷ മുഖ്യമന്ത്രിയുമായ നവീൻ പട്നായികിന്റെ പരോക്ഷ പിന്തുണയും ബിജെപിക്ക് ഇപ്പോഴുണ്ട്. അതിന്റെ ധൈര്യത്തിലാണ് വീണ്ടും യു സി സി രാജ്യത്ത് ചർച്ചയാക്കുന്നതെന്നാണ് കരുതുന്നത്.

മതം, ലിംഗം, ലൈംഗിക ആഭിമുഖ്യം എന്നിവ പരിഗണിക്കാതെ എല്ലാ പൗരന്മാർക്കും തുല്യമായി ബാധകമാകുന്ന പൗരന്മാരുടെ വ്യക്തിഗത നിയമങ്ങൾ രൂപീകരിക്കുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള ഒരു നിർദേശമാണ് ഏകീകൃത സിവിൽ കോഡ്. വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം, ദത്തെടുക്കൽ എന്നിവയ്‌ക്കെല്ലാം രാജ്യത്താകമാനം എല്ലാ മതവിഭാഗങ്ങൾക്കും ബാധകമായ ഒരു നിയമമാണ് ഏകീകൃത സിവിൽ കോഡ് വ്യവസ്ഥ ചെയ്യുന്നത്. എന്നാൽ ഇത് മുസ്ലിം വിഭാഗങ്ങളെ ഉന്നം വച്ചുള്ളതാണെന്നാണ് പ്രധാന ആക്ഷേപം. കൂടാതെ രാജ്യത്തിന്റെ നാനാത്വത്തിൽ ഏകത്വമെന്ന അടിസ്ഥാന തത്വത്തെ തുരങ്കം വയ്ക്കുന്നതാണ് യുസിസി എന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്