രാംനാഥ് കോവിന്ദ് 
INDIA

'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്'; സമിതി രൂപീകരണത്തിന് പിന്നാലെ അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തി നിയമവകുപ്പ് ഉദ്യോഗസ്ഥർ

വെബ് ഡെസ്ക്

ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് സാധ്യതാ പഠന സമിതി രൂപീകരണത്തിന് പിന്നാലെ അധ്യക്ഷൻ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തി നിയമ വകുപ്പ് സെക്രട്ടറിമാര്‍. സമിതിക്ക് സർക്കാരിന്റെ ഭാഗത്തുനിന്നുള്ള പ്രാരംഭ വിവരങ്ങൾ കൈമാറുന്നതിന്റെ ഭാഗമായിരുന്നു ഞായറാഴ്ച നടന്ന കൂടിക്കാഴ്ച.

നിയമ മന്ത്രാലയത്തിലെ നിയമനിര്‍മ്മാണ വിഭാഗമാണ് തിരഞ്ഞെടുപ്പ്, ജനപ്രാതിനിധ്യ നിയമം, അനുബന്ധ ചട്ടങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട് വകുപ്പുതല സെക്രട്ടറി റീത്ത വസിഷ്ഠയാണ് രാംനാഥ് കോവിന്ദുമായി ചര്‍ച്ച നടത്തിയത്. സമിതിക്ക് ആവശ്യമായ നിയമ സഹായങ്ങള്‍, തുടർന്ന് ലഭ്യമാക്കേണ്ട വിവരങ്ങൾ തുടങ്ങിയവ സംബന്ധിച്ചായിരുന്നു പ്രാരംഭ കൂടിക്കാഴ്ചയിൽ ചർച്ചയായത്.

ഇന്ത്യന്‍ ഭരണഘടനയ്ക്ക് കീഴില്‍ നിലവിലുള്ള ചട്ടക്കൂടും മറ്റ് നിയമപരമായ വ്യവസ്ഥകളും കണക്കിലെടുത്ത്, തദ്ദേശ - സംസ്ഥാന- പാർലമെന്റ് തിരഞ്ഞെടുപ്പുകൾ ഒരേസമയം നടത്തുന്നതിനുള്ള സാധുതകള്‍ പരിശോധിക്കുക എന്നതാണ് സമിതിയുടെ പ്രധാന ഉദ്ദേശ്യം. സമിതിക്ക് കൃത്യമായ സമയപരിധി കേന്ദ്രം നിശ്ചയിച്ചിട്ടില്ലെങ്കിലും ശുപാര്‍ശകള്‍ പരമാവധി നേരത്തെ നല്‍കാനാണ് നിർദേശിച്ചിരിക്കുന്നത്.

തിരഞ്ഞെടുപ്പ് സമന്വയിപ്പിക്കുന്നതിനുള്ള ചട്ടക്കൂടും ഒരേസമയം തിരഞ്ഞെടുപ്പ് നടത്താവുന്ന സമയപരിധിയും എട്ടംഗ സമിതി നിര്‍ദേശിക്കേണ്ടതുണ്ട്. 1950-ലെ ജനപ്രാതിനിധ്യ നിയമം, 1951-ലെ ജനപ്രാതിനിധ്യനിയമം, ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നതിന് ഭേദഗതികള്‍ ആവശ്യമുള്ള മറ്റ് നിയമം എന്നിവയാണ് സമതി ഇക്കാര്യങ്ങൾക്കായി പരിശോധിക്കുക. ജനപ്രാതിനിധ്യ നിയമത്തിൽ എന്തെങ്കിലും ഭേദഗതികൾ ആവശ്യമുണ്ടോ എന്നും, അഥവാ പാർലമെന്റ് പുതിയ ഭേദഗതികൾ പാസാക്കുകയാണെങ്കിൽ 50% സംസ്ഥാന നിയമസഭകളുടെ അംഗീകാരം സ്വീകരിക്കേണ്ടതുണ്ടോ എന്നും സമിതി പരിശോധിക്കും.

ഒരേസമയമുള്ള തിരഞ്ഞെടുപ്പുകളുടെ തുടര്‍ച്ച ഉറപ്പാക്കുന്നതിന് ആവശ്യമായ സുരക്ഷാ മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കാനും ആവശ്യമായ ഭരണഘടനാ ഭേദഗതികൾ ശുപാര്‍ശ ചെയ്യാനും സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പോളിങ്ങിനും സുരക്ഷാ ഉദ്യോഗസ്ഥർക്കും പുറമെ തിരഞ്ഞെടുപ്പിന് കൂടുതൽ ഇവിഎമ്മുകളും പേപ്പർ-ട്രെയിൽ മെഷീനുകളും ആവശ്യമായതിനാൽ അക്കാര്യവും സമിതിയുടെ അജണ്ടയിലുൾപ്പെടുത്തിയിട്ടുണ്ട്.

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ എട്ടംഗ സമിതിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുന്‍ രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ മുന്‍ ചെയര്‍മാന്‍ എന്‍ കെ സിങ്, മുന്‍ ലോക്സഭാ ജനറല്‍ സെക്രട്ടറി സുഭാഷ് സി കശ്യപ്, മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ, മുന്‍ ചീഫ് വിജിലന്‍സ് കമ്മീഷണര്‍ സഞ്ജയ് കോത്താരി എന്നിവരാണ് ഉള്ളത്. ഉന്നതതല സമിതിയുടെ യോഗങ്ങളില്‍ പ്രത്യേക ക്ഷണിതാവായി നിയമ സഹമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ പങ്കെടുക്കും.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും