മൂന്ന് ദിവസത്തെ യുഎസ് സന്ദർശനത്തിനായി അമേരിക്കയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് കോൺഗ്രസിലെ പ്രസംഗം ബഹിഷ്കരിച്ച് പാർലമെന്റങ്ങൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് കോൺഗ്രസ് പ്രസംഗത്തിന് മുന്നോടിയായി വൻ വിവാദമാണ് പൊട്ടിപ്പുറപ്പെട്ടത്. മോദിയുടെ പ്രസംഗം ബഹിഷ്കരിക്കുന്നതായി നിയമനിർമാതാക്കളായ ഒമർ, റാഷിദ ത്ലൈബ്, അലക്സാണ്ട്രിയ ഒകാസിയോ-കോർട്ടെസ്, ജാമി റാസ്കിൻ എന്നിവർ അറിയിച്ചു.
ഇന്ത്യൻ പ്രധാനമന്ത്രിക്കെതിരെ യുഎസ് കോൺഗ്രസ് വനിതകൾ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. ന്യൂനപക്ഷങ്ങളെ അടിച്ചമർത്തുകയും, മനുഷ്യാവകാശലംഘനങ്ങൾ നടത്തുകയും ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾ വർധിക്കുന്നതും ചൂണ്ടിക്കാട്ടിയാണ് ചടങ്ങ് ബഹിഷ്കരിച്ചത്. മോദി ഭരണത്തിൽ ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നതായി 2022ൽ യുഎസ് പുറത്തുവിട്ട റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു.
മോദിയുമായി മനുഷ്യാവകാശ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനായി 75 ഡെമോക്രാറ്റിക് സെനറ്റർമാരും ജനപ്രതിനിധി സഭയിലെ അംഗങ്ങളും പ്രസിഡന്റ് ബൈഡന് കത്തയച്ചിരുന്നു. "ഞങ്ങൾ ഏതെങ്കിലും പ്രത്യേക ഇന്ത്യൻ നേതാവിനെയോ രാഷ്ട്രീയ പാർട്ടിയെയോ അംഗീകരിക്കുന്നില്ല. അത് ഇന്ത്യയിലെ ജനങ്ങളുടെ തീരുമാനമാണ്. എന്നാൽ അമേരിക്കൻ വിദേശ നയത്തിന്റെ പ്രധാന ഭാഗമാകേണ്ട സുപ്രധാന തത്വങ്ങളെ ഞങ്ങൾ പിന്തുണക്കുന്നു," കത്തിൽ പറയുന്നു.
ജനപ്രതിനിധി സഭയിലെ മിഷിഗണിലെ 12-ആം ഡിസ്ട്രിക്റ്റിന്റെ ഡെമോക്രാറ്റിക് പ്രതിനിധിയാണ് റാഷിദ ത്ലൈബ്. 2008ൽ മിഷിഗൺ നിയമസഭയിൽ അംഗമാകുന്ന ആദ്യ മുസ്ലീം വനിതയായി അവർ ചരിത്രം സൃഷ്ടിച്ചിരുന്നു. മോദിക്ക് നമ്മുടെ രാജ്യ തലസ്ഥാനത്ത് ഒരു വേദി നൽകിയത് ലജ്ജാകരമാണെന്ന് അവർ ചൂണ്ടിക്കാട്ടി. മോദിഭരണം മനുഷ്യാവകാശ ലംഘനങ്ങളുടേതും ജനാധിപത്യ വിരുദ്ധ നടപടികളുടേതും മുസ്ലീങ്ങളെയും മതന്യൂനപക്ഷങ്ങളെയും ലക്ഷ്യം വച്ചുള്ളതുമെന്ന വിമർശനം ഉയർത്തിയാണ് അവർ പ്രസംഗം ബഹിഷ്കരിച്ചത്. മാധ്യമപ്രവർത്തകരെ സെൻസർ ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും അവർ കൂട്ടിച്ചേർത്തു.
ജനപ്രതിനിധി സഭയിലെ മിനസോട്ടയിലെ ഡെമോക്രാറ്റിക് പ്രതിനിധിയാണ് കോൺഗ്രസ് അംഗം ഇൽഹാൻ ഒമർ. അവർ ഡെമോക്രാറ്റിക്-കർഷക-ലേബർ പാർട്ടി അംഗം കൂടിയാണ്. ഇന്ത്യയിൽ, ന്യൂനപക്ഷങ്ങളെ അടിച്ചമർത്തുകയും അക്രമസക്തരായ ഹിന്ദു ദേശീയവാദ ഗ്രൂപ്പുകൾക്ക് ധൈര്യം നൽകുകയും മാധ്യമപ്രവർത്തകരെയും മനുഷ്യാവകാശപ്രവർത്തകരെയും ലക്ഷ്യമിടുകയും ചെയ്യുന്ന മോദി വരുന്ന പരിപാടിയിൽ പങ്കെടുക്കില്ലെന്ന് അവർ വ്യക്തമാക്കി. മോദിയുടെ അടിച്ചമർത്തലിന്റെയും അക്രമത്തിന്റെയും ചരിത്രത്തെക്കുറിച്ച് ചർച്ച ചെയ്യാൻ മനുഷ്യാവകാശ ഗ്രൂപ്പുകളുമായി സംസാരിക്കുമെന്നും അവർ പറഞ്ഞു.
ന്യൂയോർക്കിലെ 14-ാമത് കോൺഗ്രസ് ഡിസ്ട്രിക്റ്റിനെ പ്രതിനിധി സഭയിൽ പ്രതിനിധീകരിക്കുന്ന ഒരു ഡെമോക്രാറ്റിക് അംഗമാണ് അലക്സാണ്ട്രിയ ഒകാസിയോ-കോർട്ടെസ്. ബഹുസ്വരത, സഹിഷ്ണുത, മാധ്യമസ്വാതന്ത്ര്യം എന്നിവയ്‌ക്ക് വേണ്ടി നിലകൊള്ളുന്നസഹപ്രവർത്തകരോട് തന്റെ ബഹിഷ്‌കരണത്തിൽ ചേരാൻ അഭ്യർത്ഥിച്ചു കൊണ്ട് അവർ ട്വീറ്റ് ചെയ്തു. പ്രത്യേകിച്ച് നമ്മുടെ സ്വന്തം സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് മനുഷ്യാവകാശ ലംഘനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികൾക്ക് ഇത്തരമൊരു ബഹുമതി നൽകേണ്ടതില്ലെന്നും അവർ കൂട്ടിച്ചേർത്തു.
അമേരിക്കൻ അറ്റോർണിയും, നിയമ പ്രൊഫസറും, രാഷ്ട്രീയക്കാരനും, ജനപ്രതിനിധി സഭയുടെ മെറിലാൻഡിലെ പ്രതിനിധിയുമാണ് ഡെമോക്രാറ്റിക് അംഗമായ ജാമി റാസ്കിൻ. മോദിയുടെ പ്രസംഗം ബഹിഷ്കരിക്കുന്നുവെന്ന പറഞ്ഞ അദ്ദേഹം മകളുടെ വിവാഹം നടക്കുന്നതിനാൽ സംയുക്ത സെഷനിൽ പങ്കെടുക്കാനാവില്ലെന്നും ട്വിറ്ററിൽ കുറിച്ചു. മോദിയുടെ സന്ദർശനം ബഹിഷ്‌കരിക്കുന്നില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ പ്രതിഷേധിച്ച് ഒരു കത്തിൽ താൻ ഒപ്പിട്ടെന്നും പ്രസിഡന്റെ ബൈഡൻ ഈ ഗുരുതരമായ പ്രശ്നം മോദിയോട് ഉന്നയിക്കുമെന്നും ചൂണ്ടിക്കാട്ടി.