INDIA

'ചോര്‍ത്തിക്കിട്ടിയതും പരീക്ഷയ്ക്ക് ലഭിച്ചതും ഒന്നുതന്നെ'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച സ്ഥിരീകരിച്ച് വിദ്യാർഥി

വെബ് ഡെസ്ക്

നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച സ്ഥിരീകരിച്ച് വിദ്യാർഥി. തനിക്ക് ബന്ധു ചോര്‍ത്തി നല്‍കിയ ചോദ്യപേപ്പറും പരീക്ഷയ്ക്ക് ലഭിച്ച ചോദ്യപേപ്പറും ഒന്ന് തന്നെയെന്ന് കേസില്‍ അറസ്റ്റിലായ ബിഹാർ സ്വദേശിയായ പരീക്ഷാര്‍ഥി അനുരാഗ് യാദവ് വെളിപ്പെടുത്തി. ഇരുപത്തിരണ്ടുകാരനായ അനുരാഗ് പോലീസിനു നൽകിയ കുറ്റസമ്മതമൊഴിയിലാണ് വെളിപ്പെടുത്തല്‍.

അമ്മാവനായ സിക്കന്തര്‍ പ്രസാദ് യാദവേന്ദുവാണ് ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയതെന്നാണ് അനുരാഗിന്റെ മൊഴി. പരീക്ഷയ്ക്ക് ഉന്നത വിജയം ഉറപ്പാക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും അമ്മാവന്‍ ചെയ്തിരുന്നതായി തന്നെ അറിയിച്ചിരുന്നുവെന്നും അനുരാഗ് യാദവ് മൊഴിയിൽ വ്യക്തമാക്കി. ബിഹാറിലെ പട്‌ന ജില്ലയിലെ ദാനപുര്‍ ടൗണ്‍ കൗണ്‍സിലിലെ എന്‍ജിനീയറായി വിരമിച്ചയാളാണ് സിക്കന്തര്‍ പ്രസാദ് യാദവേന്ദു.

അതേസമയം, പട്‌നയിലെ നീറ്റ് പരീക്ഷ നടത്തിപ്പില്‍ ഉണ്ടായ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ബിഹാര്‍ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ അന്വേഷണ വിഭാഗത്തോട് കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം റിപ്പോർട്ട് ആവശ്യപ്പെട്ടു. ബിഹാറില്‍ പലയിടങ്ങളിലും പരീക്ഷ നടന്ന മറ്റു കേന്ദ്രങ്ങളിലും പലതരത്തിലുള്ള ക്രമക്കേടുകള്‍ നടന്നതായി നേരത്തെയും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനെതിരെ രാജ്യത്തെമ്പാടും പ്രതിഷേധങ്ങളുയരുകയും ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ഹര്‍ജികളെത്തുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ പുറത്തുവന്നിരിക്കുന്നത്.

രാജ്യത്തെ 4750 കേന്ദ്രങ്ങളിലായി ഏകദേശം 24 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് നീറ്റ് യുജി പരീക്ഷയെഴുതിയത്. ജൂണ്‍ 14നു പുറത്തുവരേണ്ട പരീക്ഷാഫലം ജൂണ്‍ നാലിന് തന്നെ പുറത്തുവിടുകയുണ്ടായി. മൂല്യനിര്‍ണയം സമയത്തിന് മുന്‍പേ പൂര്‍ത്തിയാക്കി എന്നതായിരുന്നു ഇതിനു ദേശീയ ടെസ്റ്റിങ് ഏജന്‍സി (എന്‍ ടി എ) നല്‍കിയ വിശദീകരണം.

നീറ്റ് പരീക്ഷ വിവാദം കത്തിയിരിക്കെ തന്നെയാണ് ദേശീയ ടെസ്റ്റിങ് ഏജന്‍സി നടത്തിയ നെറ്റ് പരീക്ഷ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഇന്നലെ പുറത്തുവിട്ടത്. ദേശീയതലത്തില്‍ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ടു തുടരെത്തുടരെയുണ്ടാകുന്ന അപാകതകള്‍ ദേശീയ ടെസ്റ്റിങ് ഏജന്‍സിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്