ഉത്തർപ്രദേശില്‍ ബിഎസ്പി എംഎല്‍എ രാജു പാല്‍ കൊലക്കേസ് സാക്ഷി ഉമേഷ് പാലിനെ തട്ടിക്കൊണ്ടു പോയ കേസില്‍, സമാജ്‌വാദി പാര്‍ട്ടി മുൻ എംപി അതിഖ് അഹമ്മദിനും മറ്റ് രണ്ട് പേർക്കും ജീവപര്യന്തം തടവും പിഴയും. പ്രയാഗ്‌രാജ് കോടതിയുടേതാണ് ഉത്തരവ്. അതിഖ് അഹമ്മദിന്റെ സഹോദരൻ ഖാലിദ് അസിം ഉൾപ്പെടെ ഏഴുപേരെ കോടതി വെറുതെ വിട്ടു.
2005ലെ രാജു പാല്‍ കൊലക്കേസില്‍ നിലവില്‍ സബർമതി ജയിലില്‍ തടവ് ശിക്ഷ അനുഭവിക്കുകയാണ് അതിഖ് അഹമ്മദ്. കൊലപാതകവും തട്ടിക്കൊണ്ടുപോകലും ഉൾപ്പെടെ നൂറോളം ക്രിമിനൽ കേസുകളാണ് ഗുണ്ടാത്തലവന്‍ കൂടിയായ ആതിഖിന്റെ പേരിലുള്ളത്. കോടതി വിധിയെ തുടർന്ന് ആതിഖിനെ സബര്‍മതി ജയിലില്‍ നിന്ന് പ്രയാഗ്‌രാജിലെ നൈനി സെൻട്രൽ ജയിലിലേക്ക് മാറ്റി. ഗുജറാത്തിലെ ജയിലില്‍ നിന്ന് ഏകദേശം 24 മണിക്കൂർ റോഡ് യാത്രയ്ക്ക് ശേഷമാണ് അതിഖിനെ പോലീസ് പ്രയാഗ്‌രാജിലെത്തിച്ചത്.
2006ലാണ് ബിഎസ്പി എംഎല്‍എയായ രാജു പാല്‍ കൊലക്കേസിലെ സാക്ഷി ഉമേഷ് പാലിനെ തട്ടിക്കൊണ്ടുപോകുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി 24ന് ഉമേഷ് പാല്‍ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. പ്രയാഗ്‌രാജിൽ കാറില്‍ നിന്ന് ഇറങ്ങുന്നതിനിടെയാണ് ഉമേഷ് പാൽ വെടിയേറ്റ് മരിച്ചത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന രണ്ട് പോലീസ് അംഗരക്ഷകരും വെടിവയ്പ്പിൽ കൊല്ലപ്പെട്ടിരുന്നു. അതിഖ് അഹമ്മദ് സബർമതി ജയിലിൽ വച്ചാണ് ഈ കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് യുപി പോലീസിന്റെ വാദം.
പോലീസിന് നൽകിയ മൊഴി പിൻവലിക്കാൻ വിസമ്മതിച്ചപ്പോൾ തന്നെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് ഉമേഷ് പാൽ ആരോപിച്ചിരുന്നു
2005ലെ കൊലപാതകത്തിൽ ഉമേഷ് പാലിന്റെ സാക്ഷി മൊഴിയെ തുടർന്ന് അതിഖ് അഹമ്മദിനെ പ്രധാന പ്രതിയാക്കിയതിന്റെ പ്രതികാരമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പോലീസ് നിഗമനം. പോലീസിന് നൽകിയ മൊഴി പിൻവലിക്കാൻ വിസമ്മതിച്ചപ്പോൾ തന്നെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് ഉമേഷ് പാൽ ആരോപിച്ചിരുന്നു. ഈ തട്ടിക്കൊണ്ടുപോകൽ കേസിലാണ് ഇപ്പോഴത്തെ കോടതി വിധി. ഉമേഷ് പാലിന്റെ കൊലപാതകത്തിന് പിന്നാലെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയമസഭയിൽ പ്രതിപക്ഷ നേതാവ് അഖിലേഷ് യാദവിനെതിരെ ആഞ്ഞടിച്ചിരുന്നു.
ഉമേഷ് പാല്‍ കൊലക്കേസിലെ പ്രതികളില്‍ രണ്ടുപേരെ യുപി പോലീസ് വെടിവച്ച് കൊലപ്പെടുത്തിയിരുന്നു.