INDIA

'ലിവ് ഇൻ ബന്ധങ്ങൾ നേരംപോക്ക്'; ആത്മാര്‍ഥതയും സ്ഥിരതയുമില്ലെന്ന് അലഹബാദ് ഹൈക്കോടതി

വെബ് ഡെസ്ക്

ലിവ് ഇൻ ബന്ധങ്ങൾ നേരം പോക്കുകൾ മാത്രമാണെന്ന് അലഹബാദ് ഹൈക്കോടതി. ഇത്തരം ബന്ധങ്ങൾ വളരെ പെട്ടെന്നുണ്ടാകുന്നതാണെന്നും സ്ഥിരതയും ആത്മാർത്ഥതയും ഉണ്ടാകില്ലെന്നുമായിരുന്നു കോടതിയുടെ പരാമർശം. പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് രണ്ട് മതവിഭാഗങ്ങളില്‍പ്പെട്ട ലിവ് ഇൻ പങ്കാളികൾ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ രാഹുൽ ചതുർവേദി , മുഹമ്മദ് അസ്ഹർ ഹുസൈൻ ഇദ്രിസി എന്നിവർ നിരീക്ഷണം നടത്തിയത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 366-ാം വകുപ്പ് പ്രകാരം തട്ടിക്കൊണ്ടുപോകൽ കുറ്റമാണെന്ന് ആരോപിച്ച് രജിസ്റ്റർ ചെയ്ത പ്രഥമ വിവര റിപ്പോർട്ട് (എഫ്‌ഐആർ) റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുമത വിശ്വാസിയായ സ്ത്രീയും മുസ്ലിം മതവിശ്വാസിയായ പുരുഷനും സംയുക്തമായി സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. സുപ്രീം കോടതി പല അവസരങ്ങളിലും ലിവ്-ഇൻ ബന്ധങ്ങളെ സാധൂകരിച്ചിട്ടുണ്ടെന്ന് അംഗീകരിച്ചെങ്കിലും ഹർജിക്കാരുടെ പ്രായവും അവർ ഒരുമിച്ച് ജീവിച്ച കാലയളവും എടുത്തുകാട്ടി ഇത് ശ്രദ്ധാപൂർവ്വം എടുത്ത തീരുമാനമാണോ എന്ന് കോടതി ചോദിച്ചു.

"ബഹുമാനപ്പെട്ട സുപ്രീം കോടതി, നിരവധി കേസുകളിൽ, ലിവ്-ഇൻ ബന്ധങ്ങളെ സാധൂകരിച്ചിട്ടുണ്ട് എന്നതിൽ സംശയമില്ല. എന്നാൽ 20-22 വയസ് വീതമുള്ള രണ്ടുപേര്‍ക്ക്‌ രണ്ട് മാസത്തിനുള്ളിൽ ഇത്തരം താത്കാലിക ബന്ധങ്ങളെക്കുറിച്ച് ഗൗരവമായി ചിന്തിക്കാൻ കഴിയും എന്ന് ഞങ്ങൾക്ക് പ്രതീക്ഷിക്കാനാവില്ല. ഇത് എതിർലിംഗത്തിലുള്ളവരോടുള്ള ആത്മാർത്ഥതയില്ലാത്ത അമിതമായ അഭിനിവേശം മാത്രമാണ്. അത് പെട്ടെന്നുണ്ടാകുന്ന ആകർഷണം ആയതിനാൽ സ്ഥിരതയും ഉണ്ടാകില്ല," രണ്ടംഗ ബെഞ്ച് ചൂണ്ടിക്കാട്ടി. ലിവ്-ഇൻ ബന്ധങ്ങൾ താത്കാലികവും ദുർബലവും നേരം പോക്കുമായി മാറുന്നുവെന്നും കോടതി അഭിപ്രായപ്പെട്ടു.

യുവതിക്ക് 20 വയസിന്‌ മുകളിൽ പ്രായമുണ്ടെന്നും ഭാവി തീരുമാനിക്കാൻ എല്ലാ അവകാശങ്ങളുമുണ്ടെന്നും കുറ്റാരോപിതനുമായി ലിവ്-ഇൻ ബന്ധത്തിൽ ഏർപ്പെടാൻ തീരുമാനിച്ചിട്ടുണ്ടെന്നും യുവതിയുടെ അഭിഭാഷകൻ വാദിച്ചു. ഉത്തർപ്രദേശ് ഗുണ്ടാ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കുറ്റങ്ങൾ കുറ്റാരോപിതനായ യുവാവിന് മേൽ നിലനിൽക്കുന്നുണ്ടെന്നായിരുന്നു എതിർഭാഗത്തിന്റെ ആരോപണം.

"ദമ്പതികൾ വിവാഹം കഴിക്കുകയോ, അവരുടെ ബന്ധത്തിന് ഒരു പേര് നൽകുകയോ അല്ലെങ്കിൽ പരസ്പരം ആത്മാർത്ഥത കാണിക്കുകയോ ചെയ്യുന്നത് വരെ അത്തരം ബന്ധങ്ങളിൽ എന്തെങ്കിലും അഭിപ്രായം പ്രകടിപ്പിക്കുന്നത് കോടതി ഒഴിവാക്കുന്നു," എന്ന് ചൂണ്ടിക്കാട്ടി കോടതി ഹർജി തള്ളി.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?