രാഷ്ട്രീയ ജനതാദളുമായുമായുള്ള ലയനത്തിന് ലോക് താന്ത്രിക് ജനതാദള്‍ സംസ്ഥാന കൗൺസിലിന്റെ അംഗീകാരം. അടുത്ത മാസം രണ്ടാം വാരത്തോടെ ലയന സമ്മേളനം കോഴിക്കോട് നടത്താനാണ് ധാരണ. വര്‍ഗീയ രാഷ്ട്രീയത്തോട് ഒരു കാലത്തും സന്ധി ചെയ്തിട്ടില്ലാത്ത പ്രസ്ഥാനമെന്ന നിലയ്ക്കാണ് ആര്‍ ജെ ഡിയുമായി ലയിക്കാനുള്ള തീരുമാനമെന്ന് എല്‍ ജെ ഡി നേതൃത്വം വ്യക്തമാക്കി.
പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'യുടെ രൂപീകരണത്തിന് നേതൃപരമായ പങ്ക് വഹിച്ച ആര്‍ ജെ ഡിക്ക് ദേശീയ രാഷ്ട്രീയത്തിലുള്ള പ്രാധാന്യം കൂടി കണക്കിലെടുത്താണ് തീരുമാനം. ആര്‍ ജെ ഡി ദേശീയ നേതൃത്വവുമായി ലയന സമ്മേളനം ഉള്‍പ്പെടെയുള്ള കാര്യങ്ങൾ വേഗം ചർച്ച ചെയ്ത് തീരുമാനിക്കും. ലയന തീരുമാനം ഈ മാസം 25നകം തന്നെ ജില്ലാ കമ്മിറ്റികളിൽ റിപ്പോർട്ട് ചെയ്യും.
ആർജെഡിയുമായി ലയിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും ഇന്ന് കോഴിക്കോട് ചേർന്ന സംസ്ഥാന കൗൺസിലാണ് അന്തിമ നിലപാടിലെത്തിയത്. ലയനത്തോട് പാർട്ടിക്കകത്ത് അതൃപ്തി ഇല്ലാത്ത പശ്ചാത്തലത്തിൽ നടപടികൾ വേഗത്തിലായി. നേരത്തെ ജെഡിഎസുമായി ലയിക്കാനുള്ള ആലോചനകൾ നടന്നെങ്കിലും കേന്ദ്രനേതൃത്വത്തിന്റെ ബിജെപി ബന്ധത്തിന്റെ പേരില്‍ ഉപേക്ഷിക്കുകയായിരുന്നു. ആര്‍ ജെ ഡി- എല്‍ ജെ ഡി ലയനത്തോടെ ഏറെക്കാലമായി ഉയരുന്ന സോഷ്യലിസ്റ്റ് ഐക്യമെന്ന ആവശ്യമാണ് യാഥാര്‍ഥ്യമാകുന്നത്.
മന്ത്രിസ്ഥാനം വേണമെന്ന ആവശ്യം എല്‍ ഡി എഫില്‍ ഉന്നയിക്കാനും എല്‍ ജെ ഡി സംസ്ഥാന കൗൺസിൽ തീരുമാനിച്ചു. ഒറ്റ എംഎൽഎ മാത്രമുള്ള കക്ഷികളെ വരെ എൽഡിഎഫ് മന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ച പശ്ചാത്തലത്തിലാണ് നീക്കം. പുതുപ്പള്ളിയിലെ പരാജയം അംഗീകരിക്കുന്നെന്നും ജനവിധി വിലയിരുത്തി ആവശ്യമായ തിരുത്തലുകള്‍ വരുത്തണമെന്നും എല്‍ ജെ ഡി സംസ്ഥാന കൗൺസില്‍ ആവശ്യപ്പെട്ടു.