INDIA

എല്‍ കെ അദ്വാനിക്ക് ഭാരതരത്‌ന; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം എക്‌സിലൂടെ

രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങിലേക്ക് അദ്വാനിയെ ക്ഷണിക്കാതിരുന്നത് വലിയ ചർച്ചയായതിന് പിന്നാലെയാണ് ഭാരതരത്ന പുരസ്‌കാരം

വെബ് ഡെസ്ക്

മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനിക്ക് ഭാരതരത്ന. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് എക്‌സിലൂടെ ഇക്കാര്യം പങ്കുവച്ചത്. ഇന്ത്യയുടെ വികസനത്തിന് നിരവധി സംഭാവനകൾ നൽകിയ രാഷ്ട്രീയ തന്ത്രജ്ഞനാണ് അദ്വാനി എന്ന് മോദി എക്‌സിൽ കുറിച്ചു. രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങിലേക്ക് അദ്വാനിയെ ക്ഷണിക്കാതിരുന്നത് വലിയ ചർച്ചയായതിന് പിന്നാലെയാണ് ഭാരതരത്ന പുരസ്‌കാരം.

"നമ്മുടെ കാലത്തെ ഏറ്റവും ആദരണീയനായ രാഷ്ട്രതന്ത്രജ്ഞരിൽ ഒരാളായ, ഇന്ത്യയുടെ വികസനത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ മഹത്തരമാണ്. താഴേത്തട്ടിൽ പ്രവർത്തിച്ചു തുടങ്ങി നമ്മുടെ ഉപപ്രധാനമന്ത്രി എന്ന നിലയിൽ രാഷ്ട്രത്തെ സേവിക്കുന്നത് വരെയുള്ള ജീവിതമാണ് അദ്ദേഹത്തിൻ്റേത്. ആഭ്യന്തര മന്ത്രിയായും വാര്‍ത്താവിനിമയ വകുപ്പ്‌ മന്ത്രിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ പാർലമെൻ്ററി ഇടപെടലുകൾ എല്ലായ്പ്പോഴും മാതൃകാപരവും സമ്പന്നമായ ഉൾക്കാഴ്ചകളാൽ നിറഞ്ഞതുമാണ്." മോദി എക്‌സിൽ കുറിച്ചു.

ഇന്ത്യയിലെ ബിജെപിയുടെ വളർച്ചയ്ക്ക് വലിയ പങ്കുവഹിച്ച നേതാവാണ് ലാൽ കൃഷ്ണ അദ്വാനി. നരേന്ദ്ര മോദി ബിജെപിയുടെ മുഖമായി മാറുന്നതിന് മുൻപ് പാർട്ടിയുടെ പോസ്റ്റർ ബോയ് ആയിരുന്ന എൽ കെ അദ്വാനി നയിച്ച രഥയാത്രയാണ് ബിജെപിയെ ഇന്നത്തെ നിലയിലേക്ക് വളർത്തിയത്. 1984ൽ രണ്ടുസീറ്റ് മാത്രമുണ്ടായിരുന്ന ബിജെപിക്ക് 1999ൽ ഭരണം പിടിക്കാൻ സഹായിച്ചതിൽ അദ്വാനിയുടെ ഇടപെടൽ വലുതാണ്.

എ ബി വാജ്‌പേയി സർക്കാരിൽ ഉപപ്രധാനമന്ത്രിയായിരുന്നു അദ്വാനി. 2009ൽ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടിയിരുന്നത് അദ്വാനിയെ ആയിരുന്നെങ്കിൽ പാർട്ടി പരാജയപ്പെടുകയായിരുന്നു. പിന്നീട് 2014ൽ ബിജെപി അധികാരത്തിലെത്തിയെങ്കിലും മന്ത്രിസഭയിൽ ഇടം ലഭിച്ചിരുന്നില്ല. പകരം ഗൈഡൻസ് കൗൺസിൽ എന്നൊരു സമിതിയിൽ ഉൾപ്പെടുത്തുക മാത്രമാണ് ഉണ്ടായത്.

2020 സെപ്റ്റംബർ മുപ്പത്തിനാണ് പിന്നീട് അദ്ദേഹത്തിന്റെ പേര് വാർത്തകളിൽ നിറയുന്നത്. ബാബരി മസ്ജിദ് പൊളിച്ച കേസിൽ അദ്വാനിയെ വെറുതെ വിട്ടതായിരുന്നു അതിന് പിന്നിൽ. നിലവിൽ പാർട്ടിയിൽ വലിയ സ്ഥാനമാനങ്ങളില്ലാത്ത അദ്ദേഹം സഹസ്ഥാപകനായ സ്വന്തം പാർട്ടിയിൽ അപ്രസക്തനാണെന്നാണ് പല രാഷ്ട്രീയ നിരീക്ഷകരും അഭിപ്രായപ്പെട്ടിരുന്നു. ഇതിനിടെയാണ് അദ്വാനിയെ തേടി ഭാരതരത്ന എത്തുന്നത്.

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ