തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമന ബിൽ പാസാക്കി ലോക്‌സഭ. പ്രതിപക്ഷ എംപിമാരുടെ അഭാവത്തിലാണ് ബിൽ പാസാക്കിയത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറേയും മറ്റ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരേയും നിയമിക്കുന്നതിലും സര്‍വീസ് നിബന്ധനകള്‍ എന്നിവയെയും സംബന്ധിച്ച ബില്ലാണ് പാസാക്കിയത്. നിയമമന്ത്രി അര്‍ജുന്‍ മേഘ്‌വാള്‍ ആണ് ബില്‍ അവതരിപ്പിച്ചത്.
പാര്‍ലമെന്റ് ആക്രമണത്തിനെതിരായ പ്രതിഷേധത്തെ തുടര്‍ന്ന് എംപിമാരെ കൂട്ടത്തോടെ സസ്‌പെന്‍ഡ് ചെയ്തതിനാല്‍, ബില്ലിന്‍മേലുള്ള ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ പ്രധാന പ്രതിപക്ഷ നേതാക്കള്‍ സഭയില്‍ ഇല്ലായിരുന്നു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടേയും മറ്റു തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടേയും നിയമനത്തില്‍ തീരുമാനമെടുക്കാന്‍ പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, ഒരു കേന്ദ്രമന്ത്രി എന്നിവരടങ്ങിയ സമിതിക്ക് അധികാരം നല്‍കന്ന ബില്ലാണ് പാസാക്കിയത്. ഈ പാനലില്‍ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെയും തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെയും നിയമിക്കാന്‍ പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന സമിതിയാകണം രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കേണ്ടതെന്ന് 2023 മാര്‍ച്ചില്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇത് മറികടക്കാനാണ് പുതിയ ബില്‍. തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരുടെ നിയമനത്തിന് പാര്‍ലമെന്റ് നിയമം കൊണ്ടുവരുന്നതുവരെ സമിതി തുടരണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
മന്ത്രിസഭയുടെ രാഷ്ട്രീയ തീരുമാനത്തിനു പകരം, കൊളീജിയം മാതൃകയില്‍ സ്വതന്ത്രസംവിധാനം വേണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജികളിലാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധിയുണ്ടായത്. പ്രധാനമന്ത്രി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ്, പ്രധാനമന്ത്രി നിര്‍ദേശിക്കുന്ന മന്ത്രിസഭാ അംഗം എന്നിവരാണ് കേന്ദ്രം മുന്നോട്ടുവെക്കുന്ന പുതിയ പാനല്‍.
സെര്‍ച്ച് കമ്മിറ്റിയില്‍ കാബിനറ്റ് സെക്രട്ടറിയും കേന്ദ്രത്തിലെ മറ്റ് രണ്ട് സെക്രട്ടറിമാരും ഉള്‍പ്പെടുമെന്ന് ബില്ലില്‍ പറയുന്നു. സെര്‍ച്ച് കമ്മിറ്റിയാകും പ്രധാനമന്ത്രി അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റിയുടെ പരിഗണനയ്ക്കായി അഞ്ച് പേരടങ്ങുന്ന പാനല്‍ തയ്യാറാക്കി നല്‍കുക. കേന്ദ്ര സര്‍ക്കാരില്‍ സെക്രട്ടറി പദവിയിലിരിക്കുന്നവരെയോ തുല്യ പദവിയിലിരിക്കുന്നവരെയോ ആകും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായും തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായും പരിഗണിക്കുക.
കഴിഞ്ഞദിവസം, രാജ്യത്തെ ക്രിമിനല്‍ നിയമങ്ങളിലുടെ ഭേദഗതി ബില്ലുകള്‍ക്ക് ലോക്‌സഭ അംഗീകാരം നല്‍കിയിരുന്നു. ഭാരതീയ ന്യായ സംഹിത (2023), ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (2023), ഭാരതീയ സാക്ഷ്യ ബില്‍ എന്നിവയാണ് ലോക്സഭ പാസാക്കിയത്.
ഭീകരവാദത്തിന്റെ വിപുലീകരിച്ച നിര്‍വചനം, ആള്‍ക്കൂട്ട കൊലപാതകത്തിനുള്ള ശിക്ഷ തുടങ്ങി നിരവധി മാറ്റങ്ങളുമായാണ് പുതിയ ക്രിമിനല്‍ നിയമങ്ങളെത്തുന്നത്. ഇതിനുപുറമെ പല സുപ്രധാന മാറ്റങ്ങളും ബില്ലില്‍ ഉള്‍പ്പെടുന്നുണ്ട്. പുതിയ ഭേദഗതിയോടെ സിആര്‍പിസിയില്‍ 9 പുതിയ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.