INDIA

വനിതാ സംവരണ ബില്‍ പാസാക്കി ലോക്‌സഭ; 454 എംപിമാരുടെ പിന്തുണ, എതിര്‍ത്ത് രണ്ട് പേര്‍

എട്ട് മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് ബില്ലിന് ലോക്‌സഭ അംഗീകാരം നല്‍കിയത്.

വെബ് ഡെസ്ക്

രാജ്യത്തെ നിയമനിര്‍മാണ സഭകളില്‍ വനിതകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ വ്യവസ്ഥ ചെയ്യുന്ന വനിതാ സംവരണ ബില്‍ ലോക്‌സഭ പാസാക്കി. എട്ട് മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് ബില്ലിന് ലോക്‌സഭ അംഗീകാരം നല്‍കിയത്. 454 എംപിമാരുടെ പിന്തുണയോടെയാണ് ബില്‍ ലോക്സഭയുടെ അംഗീകാരം നേടുന്നത്. രണ്ട് അംഗങ്ങള്‍ മാത്രമാണ് എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തിയത്.

പുതിയ പാര്‍ലമെന്റിലെ ആദ്യ ബില്ലായി നിയമ മന്ത്രി അര്‍ജുന്‍ റാം മേഖ്വാള്‍ അവതരിപ്പിച്ച ബില്ലിലാണ് വോട്ടെടുപ്പ് നടന്നത്

ബില്ലില്‍ അസദുദ്ദീന്‍ ഉവൈസി കൊണ്ടുവന്ന ഭേദഗതി നിര്‍ദേശം സഭ ശബ്ദ വോട്ടോടെ തള്ളി. ന്യൂനപക്ഷങ്ങള്‍ക്കും പിന്നാക്കക്കാര്‍ക്കും ഉപസംവരണം വേണമെന്നായിരുന്നു നിര്‍ദേശം. അതേസമയം, ബില്ലില്‍ ആര്‍എസ്പി നേതാവ് എന്‍കെ പ്രേമചന്ദ്രന് മുന്നോട്ട് വച്ച ഭേദഗതി ആഭ്യന്തരമന്ത്രിയുടെ വിശദീകരണത്തിന് പിന്നാലെ പിന്‍വലിച്ചു. എ എം ആരിഫ്, ഇടി മുഹമ്മദ് ബഷീര്‍, ഹൈബി ഈഡന്‍ എന്നിവരും ഭേദഗതി പിന്‍വലിച്ചു. വനിതാ സംവരണ ബില്‍ നാളെ രാജ്യസഭ പരിഗണിക്കും.

പുതിയ പാര്‍ലമെന്റിലെ ആദ്യ ബില്ലായി നിയമ മന്ത്രി അര്‍ജുന്‍ റാം മേഖ്വാള്‍ അവതരിപ്പിച്ച ബില്ലിലാണ് വോട്ടെടുപ്പ് നടന്നത്. രാവിലെ പത്ത് മണിയോടെ ആരംഭിച്ച ചര്‍ച്ചയില്‍ ബില്ലിനെ അനുകൂലിച്ച് ഭരണപക്ഷ അംഗങ്ങളും, പല വ്യവസ്ഥകളെ വിമര്‍ശിച്ച് പ്രതിപക്ഷ അംഗങ്ങളും രംഗത്തെത്തിയതോടെ ചൂടേറിയ ചര്‍ച്ചയ്ക്കാണ് ലോക്‌സഭ സാക്ഷ്യം വഹിച്ചത്. വനിതാ സംവരണ ബില്‍ രാഷ്ട്രീയ നേട്ടങ്ങള്‍ മുന്നില്‍ കണ്ടാണ് തിരക്കിട്ട് അവതരിപ്പിച്ചതെന്നായിരുന്നു പ്രതിപക്ഷം ഉയര്‍ത്തിയ പ്രധാന വിമര്‍ശനം. വനിത സംവരണം എന്ന ആശയത്തിന്റെ തുടക്കത്തെ ചൊല്ലിയും ചര്‍ച്ചകള്‍ നടന്നു. നിയമം പ്രാബല്യത്തില്‍ വരാനുള്ള കാലതാമസവും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

വനിതാ സംവരണ ബില്ലിനെ കോണ്‍ഗ്രസ് പിന്തുണയ്ക്കുമെന്ന് ചര്‍ച്ചയില്‍ സംസാരിച്ച കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി വ്യക്തമാക്കി. 'ബില്‍ പാസാക്കുന്നതില്‍ തങ്ങള്‍ സന്തുഷ്ടരാണ്. എന്നാല്‍ ചില ആശങ്കകള്‍ ഇല്ലാതാകുന്നില്ലെന്നും സോണിയ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ 13 വര്‍ഷമായി ഈ നിയമ നിര്‍മാണത്തിനായി രാജ്യം കാത്തിരിക്കുകയാണ്. ഇപ്പോഴും അവരോട് കാത്തിരിക്കാനാണ് ആവശ്യപ്പെടുന്നത്.' ബില്‍ ഉടനടി നടപ്പിലാക്കണമെന്നും അതോടൊപ്പം ജാതി സെന്‍സസ് നടത്തി എസ്സി, എസ്ടി, ഒബിസി വിഭാഗങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തണമെന്നുമാണ് കോണ്‍ഗ്രസിന്റെ ആവശ്യമെന്നും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി ലോക്സഭയില്‍ പറഞ്ഞു.

ബില്ലില്‍ ഒബിസി സംവരണം ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നു എന്നായിരുന്നു രാഹുല്‍ ഗാന്ധി ചര്‍ച്ചയില്‍ പങ്കെടുത്ത് പ്രതികരിച്ചത്. 'വനിതാ സംവരണ ബില്‍ ഒരു സുപ്രധാന ചുവടുവെപ്പാണ്, നമ്മുടെ രാജ്യത്തെ സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ഈ നിയമ നിര്‍മാണത്തെ ഈ സഭയിലെ എല്ലാവരും പിന്തുണയ്ക്കുമെന്ന് ഉറപ്പുണ്ട്. എന്നാല്‍ ഈ ബില്ല് പൂര്‍ണമാണെന്ന് പറയാന്‍ കഴിയില്ല. ഒബിസി സംവരണം കൂടി ഉള്‍പ്പെടുത്തേണ്ടതുണ്ടെന്നാണ് തന്റെ നിലപാടെ്ന്നും സഭയില്‍ വ്യക്തമാക്കി. രാജ്യത്ത് ജാതി സെന്‍സസ് നടപ്പാക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യവും രാഹുല്‍ സഭയില്‍ ഉന്നയിച്ചു. രാജ്യത്തെ ദളിത് വിഭാഗത്തിന്റെയും ആദിവാസികളുടെയും മറ്റ് പിന്നോക്ക വിഭാഗങ്ങളുടെയും ജനസംഖ്യ ഇതിലൂടെ മാത്രമേ അറിയാന്‍ കഴിയൂ എന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

വനിതാ സംവരണ ബില്ലിന്റെ ക്രെഡിറ്റ് ബിജെപിക്ക് ആവശ്യമില്ലെന്നായിരുന്നു വിമര്‍ശനങ്ങള്‍ക്ക് മറുപടി പറഞ്ഞ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പ്രതികരണം. വനിതാ ക്വാട്ട ബില്‍ കൊണ്ടുവരാനുള്ള അഞ്ചാമത്തെ ശ്രമമാണിത്. ദേവഗൗഡ മുതല്‍ മന്‍മോഹന്‍ സിങ് വരെ ബില്‍ കൊണ്ടുവരാന്‍ നാല് തവണ ശ്രമിച്ചു, ഈ ബില്‍ പാസാക്കാത്തതിന്റെ കാരണം എന്താണെന്ന ചോദ്യം ഉന്നയിച്ച അമിത് ഷാ ക്രെഡിറ്റ് തങ്ങള്‍ക്ക് വേണ്ടെന്നും പ്രതിപക്ഷത്തിന്റെ പിന്തുണ മതിയെന്നുമായിരുന്നു പ്രതികരിച്ചത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ