INDIA

'അന്തിമ വോട്ടിങ് ശതമാനത്തിലെ വര്‍ധന ബിജെപിക്ക് ഗുണം ചെയ്തു, തൃശൂര്‍ ഉള്‍പ്പെടെ 79 സീറ്റുകളില്‍ വോട്ടര്‍മാരുടെ വര്‍ധന നിര്‍ണായകമായി'; റിപ്പോര്‍ട്ട്

ഭരണഘടനാ സ്ഥാപനമായി തുടരാൻ അനുയോജ്യമല്ലാത്ത ഒന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷനെന്നാണ് 226 പേജുള്ള റിപ്പോർട്ട് കുറ്റപ്പെടുത്തുന്നത്

വെബ് ഡെസ്ക്

ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ടിങ് ശതമാനത്തില്‍ അന്തിമ കണക്കുകളില്‍ വന്ന വര്‍ധന 79 സീറ്റുകളില്‍ ബിജെപിക്കും എന്‍ഡിഎയ്ക്കും ഗുണം ചെയ്‌തെന്ന് റിപ്പോര്‍ട്ട്. 15 സംസ്ഥാനങ്ങളിലായി തൃശൂര്‍ ഉള്‍പ്പെടെയുള്ള 79 മണ്ഡലങ്ങളിലാണ് വോട്ടര്‍മാരുടെ എണ്ണത്തിലും പോളിങ് ശതമാനത്തിലുണ്ടായ വര്‍ധനയും നിര്‍ണായകമായതെന്ന് മഹാരാഷ്ട്ര ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വോട്ട് ഫോര്‍ ഡെമോക്രസി എന്ന പൗരസംഘടന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ട് കൃത്രിമം വോട്ടെടുപ്പിലെയും വോട്ടെണ്ണലിലെയും ക്രമക്കേടുകള്‍ എന്ന പേരിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. പ്രാരംഭ ഘട്ടത്തിലുള്ള വോട്ടർമാരുടെയും അന്തിമ വോട്ടർ പട്ടികയും തമ്മിൽ ഏകദേശം അഞ്ച് കോടി വോട്ടിന്റെ വർധനവുണ്ടായതായാണ് റിപ്പോർട്ടിൽ പറയുന്നത്.

പല മണ്ഡലങ്ങളിലും ഒന്നുകിൽ വോട്ട് ശതമാനത്തേക്കാൾ കൂടുതലോ അല്ലെങ്കിൽ കുറവോ ആണ് വോട്ടുകൾ എണ്ണിയിട്ടുള്ളത്

വിവിധ സംസ്ഥാനങ്ങളിലായി എൻ ഡി എയോ ബിജെപിയോ ജയിച്ച സീറ്റുകളിലാണ് വോട്ടർമാരുടെ എണ്ണത്തിൽ അഭൂതപൂർവമായ വർധനവുണ്ടായതായി റിപ്പോർട്ട് ആരോപിക്കുന്നത്. പല മണ്ഡലങ്ങളിലും ഒന്നുകിൽ വോട്ട് ശതമാനത്തേക്കാൾ കൂടുതലോ അല്ലെങ്കിൽ കുറവോ ആണ് വോട്ടുകൾ എണ്ണിയിട്ടുള്ളതെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

തിരഞ്ഞെടുപ്പ് കമ്മിഷനെയും രൂക്ഷമായി റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നുണ്ട്. ഭരണഘടനാ സ്ഥാപനമായി തുടരാൻ അനുയോജ്യമല്ലാത്ത ഒന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷനെന്നാണ് 226 പേജുള്ള റിപ്പോർട്ട് കുറ്റപ്പെടുത്തുന്നത്. ഏഴ് ഘട്ട വോട്ടെടുപ്പിൻ്റെയും വിവരങ്ങൾ അവ്യക്തമായ തരത്തിലാണ് കമ്മിഷൻ പുറത്തുവിട്ടതെന്നും രണ്ടാം ഘട്ടത്തിലേത് ഇപ്പോഴും സംശയാസ്പദമായി തുടരുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

തിരഞ്ഞെടുപ്പ് കമ്മിഷൻ പലപ്പോഴും നിഷ്ക്രിയ നിരീക്ഷകരായോ അല്ലെങ്കിൽ പക്ഷപാതപരമായോ പ്രവര്‍ത്തിക്കുന്ന നിലയുണ്ടായിട്ടുണ്ട്. അതിനാല്‍ തിരഞ്ഞെടുപ്പ് പ്രക്രിയ സ്വതന്ത്രവും നീതിയുക്തവുമായിരുന്നില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആകെ ചിത്രം പരിശോധിക്കുമ്പോൾ എൻ ഡി എ സർക്കാർ രൂപീകരണത്തിൽ 79 മണ്ഡലങ്ങൾ വലിയ പങ്ക് വഹിച്ചിട്ടുള്ളതായി കാണാം. അതുകൊണ്ടുതന്നെ പോൾ ചെയ്ത വോട്ടുകളുടെയും എണ്ണിയവയും തമ്മിലുള്ള കണക്കുകളിലെ പൊരുത്തക്കേട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരിക്കണമെന്നു റിപ്പോർട്ട് ആവശ്യപ്പെടുന്നു. ഇ വി എമ്മുകളിൽ കൃത്രിമത്വം നടത്തുകയോ അല്ലെങ്കിൽ മെഷിനുകൾ മാറ്റുകയോ ചെയ്തിട്ടുണ്ടാകാമെന്ന സംശയമാണ് റിപ്പോർട്ട് ഉയർത്തുന്നത്.

കേരള ചരിത്രത്തിലാദ്യമായാണ് ബിജെപി ഒരു ലോക്സഭാ മണ്ഡലത്തിൽ വിജയിക്കുന്നത്. തൃശൂരിൽ 85606 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി സിപിഐ സ്ഥാനാർഥി വി എസ് സുനിൽകുമാറിനെ പരാജയപ്പെടുത്തിയത്.

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം