സ്കൂൾ വിദ്യാർഥികൾക്ക് നേരെയുള്ള ലൈംഗികാതിക്രമ കേസുകളിൽ കുട്ടികളുടെ ക്ഷേമത്തിനാണ് പ്രഥമ പരിഗണനയെന്ന് ഡൽഹി ഹൈക്കോടതി. അത്തരം സംഭവങ്ങളുടെ ദീർഘകാല പ്രത്യാഘാതങ്ങൾ പരിഹരിക്കാനാകാത്തതാണെന്നും കോടതി നിരീക്ഷിച്ചു. ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ഫിസിക്സ് അധ്യാപകന്റെ നിർബന്ധിത വിരമിക്കൽ ശിക്ഷ ശരിവെച്ചുകൊണ്ടാണ് ഡൽഹി ഹൈക്കോടതിയുടെ പരാമർശം.
പ്രായപൂർത്തിയാകാത്ത കുട്ടികളുടെ മാനസികാവസ്ഥ ദുർബലവും സ്വാധീനിക്കാവുന്നതും വികസിക്കുന്ന ഘട്ടത്തിലുമാണ്. ലൈംഗിക പീഡനം അവരിൽ മാനസിക ആഘാതം സൃഷ്ടിക്കാൻ സാധ്യതയുണ്ട്. അത് കുട്ടികളുടെ ചിന്താ പ്രക്രിയയെ തന്നെ ബാധിച്ചേക്കാമെന്നും ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ, ജസ്റ്റിസ് സുബ്രമോണിയം പ്രസാദ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.
സ്വകാര്യ സ്കൂളിലെ അധ്യാപകൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി.
2006 ലായിരുന്നു കേസിനാസ്പദമായ സംഭവം. സ്വകാര്യ സ്കൂളിലെ അധ്യാപകൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. 2011 ഡിസംബർ 13ന് ഡൽഹി സ്കൂൾ ട്രിബ്യൂണലിന്റെ ഉത്തരവും നിർബന്ധിത വിരമിക്കൽ ശിക്ഷ വിധിച്ച അച്ചടക്ക അതോറിറ്റിയുടെ ഉത്തരവും ശരിവെച്ച സിംഗിൾ ബെഞ്ച് ജഡ്ജിയുടെ ഉത്തരവ് ചോദ്യം ചെയ്ത് അധ്യാപകൻ നൽകിയ അപ്പീലിലാണ് കോടതിയുടെ ഉത്തരവ്.
പിരിച്ചുവിടൽ മെമ്മോറാണ്ടത്തിൽ ഒപ്പിട്ടതും അച്ചടക്ക സമിതിയിലെ അംഗങ്ങളിൽ ഒരാളുമായിരുന്ന സ്ത്രീ സ്കൂളിലെ ടീച്ചിങ് സ്റ്റാഫിന്റെ ഭാഗമല്ലെന്നായിരുന്നു ഹർജിയിൽ പറഞ്ഞിരുന്നത്. തനിക്കെതിരായ അന്വേഷണം സ്വാഭാവിക നീതിയുടെ തത്വങ്ങൾക്ക് എതിരാണെന്നും അന്വേഷണ സമിതിയുടെ ഘടന നിയമപ്രകാരമല്ലെന്നതും സിംഗിൾ ജഡ്ജി വിലയിരുത്തിയില്ലെന്നും ഹർജിക്കാരൻ വാദിച്ചിരുന്നു. എന്നാൽ അപ്പീൽ തള്ളിക്കൊണ്ടുള്ള സിംഗിൾ ജഡ്ജി പുറപ്പെടുവിച്ച ഉത്തരവിൽ അപാകതയില്ലെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. ഈ കോടതിക്ക് വകുപ്പുതല അന്വേഷണത്തിൽ ഇടപെടാൻ കഴിയുന്ന കേസല്ല ഇതെന്നും കോടതി ചൂണ്ടിക്കാട്ടി.