രാമന്‍ മാംസാഹാരിയായിരുന്നു എന്ന മഹാരാഷ്ട്ര എന്‍സിപി എംഎല്‍എ ജിതേന്ദ്ര അവ്ഹാദിന്റെ പരാമര്‍ശം വിവാദത്തില്‍. രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് ദിവസങ്ങള്‍ ബാക്കിനില്‍ക്കെയാണ് എന്‍സിപി ശരദ് പവാര്‍ പക്ഷത്തെ പ്രമുഖ നേതാവ് വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയത്.
''രാമന്‍ പൊതുജനങ്ങളുടേതാണ്. അദ്ദേഹം വേട്ടയാടുകയും മൃഗങ്ങളെ ഭക്ഷിക്കുകയും ചെയ്തിരുന്നു. രാമനെ മാതൃകയാക്കി എല്ലാവരേയും വെജിറ്റേറിയന്‍ ആക്കാനാണ് അവര്‍ (ബിജെപി) ശ്രമിക്കുന്നത്. പക്ഷേ, രാമന്‍ സസ്യാഹാരി ആയിരുന്നില്ല. അദ്ദേഹം മാംസാഹാരി ആയിരുന്നു. കാടിനുള്ളില്‍ 14 വര്‍ഷം താമസിച്ച ഒരാള്‍ എവിടെനിന്നാണ് സസ്യാഹാരം കണ്ടെത്തുന്നത്?'', അദ്ദേഹം ചോദിച്ചു.
'ആര് എന്തു പറഞ്ഞാലും നമുക്ക് സ്വാതന്ത്ര്യം കിട്ടിയത് ഗാന്ധിയും നെഹ്റുവും കാരണമാണ് എന്നതാണ് സത്യം. 1947-ല്‍ മാത്രമല്ല ഗാന്ധിജിക്ക് എതിരായ വധശ്രമം നടന്നത്. ആദ്യത്തെ ആക്രമണം 1935-ലും രണ്ടാമത്തേത് 1938-ലും മൂന്നാമത്തേത് 1942-ലും നടന്നു. എന്തിന് വേണ്ടിയാണ് അവര്‍ അദ്ദേഹത്തെ പലതവണ ആക്രമിച്ചത്? കാരണം ഗാന്ധിജി ഒരു ഒബിസിക്കാരനായിരുന്നു.
ഇത്രയും വലിയ ഒരു സ്വാതന്ത്ര്യ സമര നേതാവ് ഒബിസി വിഭാഗക്കാരനായിരുന്നു എന്നത് അവര്‍ക്ക് സ്വീകാര്യമായിരുന്നില്ല'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹിന്ദുവികാരം വ്രണപ്പെടുത്തിയതിന് എന്‍സിപി നേതാവിന് എതിരെ കേസെടുക്കണം എന്നാവശ്യപ്പെടട്ട് ഹിന്ദുത്വ സംഘടനകളും ബിജെപിയും രംഗത്തെത്തി. ജിതേന്ദ്രയുടെ വീടിന് മുന്നില്‍ എന്‍സിപി അജിത് പവാര്‍ വിഭാഗം പ്രവര്‍ത്തകര്‍ ബുധനാഴ്ച രാത്രി പ്രതിഷേധം നടത്തി. ഇതേത്തുടര്‍ന്ന് അദ്ദേഹത്തിന്റെ വീടിന് മുന്നില്‍ പോലീസ് സേനയെ വിന്യസിച്ചു. ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ച് ജിതേന്ദ്രയ്ക്ക് എതിരെ പരാതി നല്‍കുമെന്ന് ബിജെപി അറിയിച്ചു. ജിതേന്ദ്രയ്ക്ക് എതിരെ എല്ലാ രാമഭക്തരും പരാതി നല്‍കും. ബാല്‍ താക്കറെ ജീവിച്ചിരുന്നെങ്കില്‍ ശിവസേന മുഖപത്രം സാമ്‌നയില്‍ ഈ പ്രസ്താവനയെ വിമര്‍ശിച്ച് മുഖപ്രസംഗം വരുമായിരുന്നു എന്ന് ബിജെപി എംഎല്‍എ റാം കദം എക്‌സില്‍ കുറിച്ചു.
''പക്ഷേ, ഇന്ന് രാമനെ കുറിച്ച് ആര്‍ക്കും എന്തും പറയാം. ഹിന്ദുക്കളെ ആര്‍ക്കും പരിഹസിക്കാം. ആര്‍ക്കും പ്രശ്‌നമല്ല. അവര്‍ തണുത്തുറഞ്ഞിരിക്കും. എന്നാല്‍ തിരഞ്ഞെടുപ്പു വരുമ്പോള്‍ അവര്‍ ഹിന്ദുത്വത്തെ കുറിച്ച് സംസാരിക്കും''- ശിവസേന ഉദ്ധവ് താക്കറെ പക്ഷത്തെ ലക്ഷ്യമാക്കി അദ്ദേഹം പറഞ്ഞു.