INDIA

എൻസിപിയെന്ന പേരും ചിഹ്നവും നഷ്ടമായത് രാജ്യസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ്; ശരദ് പവാറിനു മുന്നിൽ ഇനിയെന്ത്?

രാജ്യസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങളും ലോക്‌സഭാ, സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ മാസങ്ങളും മാത്രമുള്ള സാഹചര്യത്തിൽ പാർട്ടിക്ക് പുതിയ പേര് കണ്ടെത്തുന്നതതാകും ശരദ് പവാറിന്‌റെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി

വെബ് ഡെസ്ക്

എൻസിപിയിലെ കുടുംബത്തർക്കം ഒടുവിൽ പാർട്ടി പേരും ചിഹ്നവും ശരദ് പവാറിന് നഷ്ടമാകുന്നതിൽ കലാശിച്ചിരിക്കുകയാണ്. യഥാര്‍ഥ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) അജിത് പവാറിന്‌റേതാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത് ഇന്നലെയാണ്. ഇതോടെ പാര്‍ട്ടി പേരും ക്ലോക്ക് ചിഹ്നവും അജിത് പവാര്‍ പക്ഷത്തിന് സ്വന്തമായി. പാർട്ടിക്ക് മറ്റൊരു പേര് കണ്ടെത്താന്‍ ശരദ് പവാര്‍ പക്ഷത്തിന് ഇന്ന് വൈകിട്ട് നാലുവരെയാണ് കമ്മീഷൻ സമയം നല്‍കിയിരിക്കുന്നത്.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‌റെ ഈ പ്രഖ്യാപനത്തിനെതിരെ സുപ്രീംകോടതിയിലേക്ക് നീങ്ങുകയാണ് ശരദ് പവാര്‍ പക്ഷം. തടസ്സഹർജിയുമായി അജിത് പവാർ പക്ഷം കോടതിയെ സമീപിച്ചുകഴിഞ്ഞു. തങ്ങളുടെ വാദം കേൾക്കാതെ ഉത്തരവ് പുറപ്പെടുവിക്കരുതെന്ന് ആവശ്യപ്പെട്ടുള്ളതാണ് അജിത് പവാർ പക്ഷത്തിന്റെ കേവിയറ്റ് ഹർജി.

ശിവസേന, കോൺഗ്രസ്, എൻസിപി കക്ഷികൾ ഉൾപ്പെട്ട മഹാവികാസ് അഘാഡി മഹാരാഷ്ട്രയിൽ അധികാരത്തിലെത്തിയത് രാജ്യത്തെ പ്രതിപക്ഷനിരയിൽ വലിയ ആവേശമാണുണ്ടാക്കിയത്. എന്നാൽ അധികം വൈകാതെ ഒരു വിഭാഗം ശിവസേന എംഎൽഎമാർ കൂറുമാറിയതോടെ ഉദ്ധവ് താക്കറെ സർക്കാർ വീണു. ബിജെപിയുമായി ചേർന്ന് ഏക്‌നാഥ് ഷിൻഡെ 2022 ജൂൺ 30ന് മുഖ്യമന്ത്രി പദത്തിലെത്തി. അധികം വൈകാതെ എൻസിപിയെ പിളർത്തി അജിത് പവാറിന്റെ നേതൃത്വത്തിൽ ഭൂരിപക്ഷം എം എൽഎമാരും സർക്കാരിന്റെ ഭാഗമായി. കഴിഞ്ഞവർഷം ജൂലൈ മൂന്നിന് അജിത് പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു.

ഈ വർഷം ഒക്ടോബർ വരെ കാലാവധിയുള്ള പതിനാലാം മഹാരാഷ്ട്ര നിയമസഭയിൽ പിളർപ്പിന് മുൻപ് 53 എംഎംല്‍എമാരാണ് എൻസിപിക്കുണ്ടായിരുന്നത്. ഇപ്പോൾ അജിത് പവാറിനൊപ്പമുള്ളത് 41 എംഎൽഎമാർ. ഈ ഭൂരിപക്ഷമാണ് പാർട്ടി പേരിന്റെയും ചിഹ്നത്തിന്റെയും കാര്യത്തിൽ അജിത് പവാർ പക്ഷത്തിന് നേട്ടമായതും ശരദ്‌പവാർ പക്ഷത്തിന് തിരിച്ചടിയായതും.

രാജ്യസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ശരദ് പവാര്‍ പക്ഷത്തിനേറ്റ കനത്ത തിരിച്ചടി നൽകിക്കൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‌റെ തീരുമാനമുണ്ടായത്. രാജ്യസഭാ തിരഞ്ഞെടുപ്പിനുപിന്നാലെ ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളും വരുന്ന സാഹചര്യത്തിൽ പാർട്ടി പുതിയ പേര് കണ്ടെത്തുക എന്നതാകും ശരദ് പവാറിന്‌റെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി.

തിരഞ്ഞെടുപ്പ് കമ്മീഷന്‌റെ വിധി ശരദ് പവാർ വിഭാഗം മുന്‍കൂട്ടി കണ്ടിരുന്നതായും ചില പേരുകള്‍ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്തതായും പാര്‍ട്ടിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. നാഷണലിസ്റ്റ്, കോണ്‍ഗ്രസ് എന്നീ വാക്കുകള്‍ നിലനിര്‍ത്തുന്നതാണ് പുതിയ പേരെന്നാണ് സൂചന. ഇതില്‍ നാഷണലിസ്റ്റ് എന്ന പേര് ശരദ് പവാര്‍ അംഗീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കണ്ണട, ഉദയസൂര്യന്‍, സൂര്യകാന്തി, ചക്രം, ട്രാക്ടര്‍ എന്നിവയാണ് പാര്‍ട്ടിചിഹ്നമായി പരിഗണിച്ചിരിക്കുന്നതെന്നും സൂചന. ഫെബ്രുവരി 27നാണ് രാജ്യസഭാ തിരഞ്ഞെടുപ്പ്. ഇതിനാൽ ഇന്ന് വൈകിട്ട് നാലിനകം പേരും ചിഹ്നവും തിരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിക്കേണ്ടതുണ്ട്.

സംസ്ഥാന ദേശീയ തിരഞ്ഞെടുപ്പുകള്‍ക്ക് പടിവാതിൽക്കൽ എത്തിനിൽക്കെ പുതിയ പാര്‍ട്ടി പേരും ചിഹ്‌നവും ജനങ്ങളിലേക്കെത്തിക്കുകയെന്നത് ശരദ് പവാറിനു മുന്നിലുള്ള വലിയ വെല്ലുവിളിയാണ്. ഗ്രാമീണ മേഖലകളില്‍ കൂടുതലും തിരിച്ചറിയുന്നത് ശരദ് പവാറിന്‌റേതായി ക്ലോക്ക് ചിഹ്നമാകും. ഇത്തരം ആളുകളിലേക്ക് പുതിയ പാര്‍ട്ടി പേരും ചിഹ്നവുമായി ശരദ് പവാര്‍ പക്ഷത്തിന് എത്തിപ്പെടാനായില്ലെങ്കില്‍ അത് അനുകൂലമാകുന്നത് അജിത് പവാര്‍ പക്ഷത്തിനാകും.

തിരഞ്ഞെടുപ്പ് കമ്മീഷന്‌റെ ഈ തീരുമാനത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ശരദ് പവാര്‍ പക്ഷം. തിരഞ്ഞെടുപ്പ് കമ്മീഷന്‌റെ നടപടി അപ്രതീക്ഷിതമല്ലെന്നാണ് ശരദ് പവാര്‍ പക്ഷം നേതാവും എംപിയുമായ സുപ്രിയ സുലെ പ്രതികരിച്ചത്.

''ആദ്യമായാണ് ഒരു പാര്‍ട്ടിയെ അതിന്‌റെ സ്ഥാപക നേതാവില്‍നിന്ന് തട്ടിയെടുക്കുന്നത്. മഹാരാഷ്ട്രയ്‌ക്കെതിരെ വലിയ ഗൂഢാലോചനയാണ് നടക്കുന്നത്. മറാത്തികളുടെ പാര്‍ട്ടിയായ ശിവസേനയെ തകര്‍ക്കാനായിരുന്നു നേരത്തേ അവരുടെ ശ്രമം. ഇപ്പോള്‍ മറ്റൊരു മാറാത്തിയുടെ പാര്‍ട്ടിയായ എന്‍സിപിയുടെ അവകാശം മറ്റൊരാള്‍ക്ക് നല്‍കിയിരിക്കുന്നു. ശരദ് പവാറാണ് പാര്‍ട്ടിയെ വളര്‍ത്തി വലുതാക്കിയത്. ഇപ്പോഴത്തെ തീരുമാനം ശരദ് പവാറിനോടും മഹാരാഷ്ട്രയിലെ ജനങ്ങളോടുമുള്ള അനീതിയാണ്,'' സുപ്രിയ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

'ഞങ്ങളുടെ രേഖകളെല്ലാം ശരിയാണ്. പാര്‍ട്ടിയുടെ സ്ഥാപകാംഗവും സ്ഥാപക നേതാവും ശരദ് പവാറാണ്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യം മാറിയിരിക്കുന്നു. ഒരു അദൃശ്യ ശക്തിയാണ് ഇതെല്ലാം ചെയ്യുന്നത്'- രാഷ്ട്രീയ ഗൂഢാലോചന ആരോപിച്ച് അവര്‍ പറഞ്ഞു.

രണ്ട് എന്‍സിപി ഗ്രൂപ്പുകളിലെയും എംഎല്‍എമാര്‍ക്കെതിരായ അയോഗ്യത ഹര്‍ജികളില്‍ ഇതുവരെ വിധി വരാത്തതിനാല്‍ പവാര്‍ഗ്രൂപ്പ് പുതിയ പേരും ചിഹ്നവും സ്വന്തമാക്കാന്‍ ശ്രമിക്കുന്നതിനിടെ നിയമസഭാ സ്പീക്കര്‍ രാഹുല്‍ നര്‍വേക്കറിന് മുന്നില്‍ പോരാട്ടം കാത്തിരിക്കുകയാണ്. ഈ കാര്യത്തില്‍ ഫെബ്രുവരി 15നകം വിധി പ്രതീക്ഷിക്കുന്നുണ്ട്.

നേതാക്കളുടെ പ്രവര്‍ത്തനവും പൊതുധാരണയും പോലെ പ്രധാനമല്ല പാര്‍ട്ടിയുടെ പേരും ചിഹ്നവും. പ്രധാന തിരഞ്ഞെടുപ്പിന് മുന്‍പ് ഈ തിരിച്ചടി വന്നിരിക്കുന്നു എന്നതും പതിറ്റാണ്ടുകളുടെ അനുഭവം പരീക്ഷിക്കപ്പെടുന്നതുമാണ് ഇവിടെ വെല്ലുവിളി. സുപ്രീംകോടതിയെ സമീപിച്ചാലും പോരാട്ടം നീണ്ടുപോകുമെന്നതിനാല്‍ത്തന്നെ തിരഞ്ഞെടുപ്പിന് മുന്‍പ് ആശ്വാസവിധി ലഭിക്കാനും പ്രയാസമാണ്.

സഖ്യങ്ങളില്‍ എന്തൊക്കെ മാറ്റങ്ങള്‍?

ഇന്ത്യയുടെ പ്രധാന നേതാക്കളില്‍ ഒരാളാണ് ശരദ് പവാര്‍. പാര്‍ട്ടിയും ചിഹ്നവും നഷ്ടപ്പെട്ട ഉദ്ധവ് താക്കറെയും ഇന്ത്യബ്ലോക്കില്‍ തുടരുന്നുണ്ട്. മഹാരാഷ്ട്രയില്‍ ശരദ് പവാര്‍പക്ഷം ഉദ്ധവ് താക്കറെയുടെ ശിവസേനയുമായും കോണ്‍ഗ്രസുമായും സഖ്യം തുടരുമെന്ന് പ്രതീക്ഷിക്കുന്നു. വരുന്ന തിരഞ്ഞെടുപ്പ് താക്കറെയ്ക്കും പവാറിനും രാഷ്ട്രീയ മികവ് പരീക്ഷിക്കുന്നതു കൂടിയാകും. ശരദ് പവാര്‍ ക്യാമ്പിലെ നേതാക്കള്‍ അവകാശപ്പെടുന്നത് സംസ്ഥാനത്തെ് കൂടുതല്‍ ക്യാമ്പുകളും ശരദ് പവാര്‍ പക്ഷത്തിനൊപ്പമാണെന്നാണ്.

തങ്ങളുടെ നേതാവ് ശരദ് പവാര്‍ ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയര്‍ന്നുവരുമെന്നാണ് മുന്‍മന്ത്രി ജിതേന്ദ്ര അവാദ് പറഞ്ഞത്. ഭാവിപരിപാടികളെക്കുറിച്ചുള്ള ചോദ്യത്തിന് ശരദ് പവാറാണ് ഞങ്ങളുടെ പാര്‍ട്ടി, അദ്ദേഹമാണ് നമ്മുടെ ചിഹ്നം, സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങള്‍ക്കും അദ്ദേഹത്തെ അറിയാം. പവാറിനു പിന്നില്‍ ഉറച്ചുനില്‍ക്കുന്ന നിരവധി പേര്‍ ഇപ്പോഴും സംസ്ഥാനത്തുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്‌റെ മറുപടി.

അതേസമയം തിരഞ്ഞെടുപ്പ് കമ്മീഷന്‌റെ വിധി അജിത് പവാര്‍ പക്ഷത്തിനും അതിന്‌റെ ഭാഗമായ ഏക്‌നാഥ് ഷിന്‍ഡെസര്‍ക്കാരിനും ആശ്വാസം പകരുന്നതാണ്. യോഗ്യതയുടെ കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനമെടുത്തതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഷിന്‍ഡെ പറഞ്ഞു.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി