തമിഴ്നാട് മന്ത്രി വി സെന്തിൽ ബാലാജിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയതിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. വൈദ്യുതി മന്ത്രിയായ സെന്തിൽ ബാലാജിയുടെ വീട്ടിലും സെക്രട്ടറിയേറ്റിലെ ഓഫീസിലുമാണ് ഇഡി റെയ്ഡ് നടത്തിയത്.
രാഷ്ട്രീയ എതിരാളികളെ രാഷ്ട്രീയമായി നേരിടുന്നതിന് പകരം പിൻവാതിൽ വഴി ഭീഷണിപ്പെടുത്തുന്ന ബിജെപിയുടെ രാഷ്ട്രീയം അധികകാലം പ്രവർത്തിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ഭരിക്കുന്ന കേന്ദ്രം തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ അന്വേഷണ ഏജൻസികൾ വഴി നിയന്ത്രിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്തുടനീളം നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാനുണ്ടെന്നും സ്റ്റാലിൻ പറഞ്ഞു.
എവിടെയും റെയ്‌ഡുകൾ നടത്താമെന്ന് കാണിക്കാനോ ഭീഷണിപ്പെടുത്താനോ ആണ് കേന്ദ്ര ഭരണ കൂടം ആഗ്രഹിക്കുന്നത്. കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായുടെ തമിഴ് നാട് സന്ദർശനത്തിന് രണ്ട് ദിവസത്തിന് ശേഷമാണ് ഈ സംഭവ വികാസങ്ങൾ എന്നുള്ളതാണ് ശ്രദ്ധേയം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി
ഏത് തരത്തിലുള്ള അന്വേഷണത്തിനും പൂർണമായി സഹകരിക്കാൻ സെന്തിൽ ബാലാജി തയാറായിരുന്നു. പിന്നെന്തിനായിരുന്നു സെക്രട്ടേറിയറ്റ് വളപ്പിലെ മന്ത്രിയുടെ ഔദ്യോഗിക ചേംബറിൽ റെയ്ഡ് നടത്തേണ്ട ആവശ്യകത ? സെക്രട്ടേറിയറ്റിൽ റെയ്ഡ് നടത്താൻ തങ്ങൾ പ്രാപ്തരാണെന്ന് കാണിക്കാനാണോ അതോ ഭീഷണിപ്പെടുത്താനാണോ എന്നും സ്റ്റാലിൻ ചോദ്യം ഉന്നയിച്ചു.
രാഷ്ട്രീയമായി നേരിടാൻ പറ്റാത്തതിനാൽ ഇഡിയെ വച്ച് വിരട്ടാനാണ് ശ്രമം നടത്തുന്നത്. ബിജെപി വിരട്ടാൻ നോക്കിയാൽ വിജയിക്കില്ലെന്നും സ്റ്റാലിൻ വ്യക്തമാക്കി. ഭീഷണി രാഷ്ട്രീയം ജനങ്ങൾ വീക്ഷിക്കുന്നുണ്ടെന്നും എം കെ സ്റ്റാലിൻ പറഞ്ഞു. എവിടെയും റെയ്‌ഡുകൾ നടത്താമെന്ന് കാണിക്കാനോ ഭീഷണിപ്പെടുത്താനോ ആണ് കേന്ദ്ര ഭരണകൂടം ആഗ്രഹിക്കുന്നത്. കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായുടെ തമിഴ്നാട് സന്ദർശനത്തിന് രണ്ട് ദിവസനത്തിന് ശേഷമാണ് ഈ സംഭവ വികാസങ്ങൾ എന്നുള്ളതാണ് ശ്രദ്ധേയം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സെക്രട്ടേറിയേറ്റിലെ റെയ്ഡ് സഹകരണ ഫെഡറലിസത്തിന്റെ മൂല്യങ്ങൾക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു. ''2016ൽ അന്നത്തെ ചീഫ് സെക്രട്ടറി രാം മോഹൻ റാവുവിനെതിരെ സെക്രട്ടേറിയറ്റിനുള്ളിൽ ഇൻകം ടാക്‌സ് റെയ്ഡ് നടത്തിയപ്പോഴും, ഭരണകക്ഷിയായ എഐഎഡിഎംകെ അത് ചെയ്യാതിരുന്നപ്പോഴും ഞാൻ അതിനെ അപലപിച്ച് പ്രസ്താവന ഇറക്കിയിരുന്നു'', "ആരാണ് റെയ്ഡ് ചെയ്യപ്പെടുന്നത് എന്നത് പ്രശ്നമല്ല, പക്ഷേ അത് എവിടെയാണ് സംഭവിക്കുന്നത് എന്നത് പ്രധാനമാണ് '.
തമിഴ്നാട് സെക്രട്ടറിയേറ്റിൽ എക്സൈസ് - വൈദ്യുതി വകുപ്പ് മന്ത്രി സെന്തിൽ ബാലാജിയുടെ ഓഫീസിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയത്. മന്ത്രിയുടെ ചെന്നൈയിലെ ഔദ്യോഗിക വസതിയിലും ഓഫീസുകളിലും സഹോദരൻ വി അശോകിന്റെ കരൂറിലെ വീട്ടിലും പരിശോധന നടത്തിയതിന് പിന്നാലെ ഇഡി സംഘം സെക്രട്ടേറിയേറ്റിലെത്തി.
ചെന്നൈ, കരൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിലെ നാൽപ്പതിലധികം കേന്ദ്രങ്ങളിലായി ചൊവ്വാഴ്ച രാവിലെ 6.30 മുതലാണ് ഉദ്യോഗസ്ഥര്‍ പരിശോധന ആരംഭിച്ചത്. 2016ലെ തൊഴിൽ തട്ടിപ്പ്, ബാര്‍ അനുവദിച്ചതിലെ അഴിമതി തുടങ്ങിയവയാണ് സെന്തിൽ ബാലാജിക്കെതിരെ ഇഡിയുടെ അന്വേഷണപരിധിയിൽ വരുന്നത്. സെന്തിൽ ബാലാജിയ്ക്കെതിരായ ആരോപണങ്ങളിൽ കഴിഞ്ഞമാസം ആദായനികുതി വകുപ്പും പരിശോധന നടത്തിയിരുന്നു.
സെന്തിൽ ബാലാജിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് തമിഴ്നാട്ടിൽ വിവിധ സർക്കാർ കോൺട്രാക്ടർമാരുടെ വീടുകളിലും ഓഫീസുകളിലുമാണ് മേയ് മാസം അവസാനം ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്. ഇതിന് പിന്നാലെയാണ് ഇഡി അന്വേഷണം.