INDIA

മഅദനിയുടെ യാത്ര വൈകും: കേരളത്തിൽ തങ്ങുന്ന ഇടങ്ങളിൽ പരിശോധന നടത്തിയ ശേഷം അനുമതിയെന്ന് കർണാടക പോലീസ്

കേരളത്തിലെ യാത്ര സംബന്ധിച്ച വിവരങ്ങൾ പോലീസിന് കൈമാറി

ദ ഫോർത്ത് - ബെംഗളൂരു

ജാമ്യ വ്യവസ്ഥയിൽ ഇളവ് നേടിയ അബ്‍ദുൾ നാസർ മഅദനിയുടെ കേരളത്തിലേക്കുള്ള മടക്കം വൈകും. കേരളത്തിൽ മഅദനി തങ്ങുന്ന ഇടങ്ങളിൽ കർണാടക പോലീസ് പരിശോധന നടത്തിയ ശേഷമേ മടക്ക യാത്രയ്ക്ക് അനുമതി ലഭിക്കൂ എന്നാണ് റിപ്പോർട്ട്. മഅദനിയുടെ യാത്ര സംബന്ധിച്ച വിശദ വിവരങ്ങൾ അഭിഭാഷകൻ മുഖേന കർണാടക പോലീസിന് കൈമാറി. കർണാടക പോലീസിൽ നിന്നുള്ള പ്രത്യേക സംഘം കേരളത്തിലുള്ള സ്ഥലങ്ങൾ സന്ദർശിച്ച് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തിയ ശേഷമേ യാത്രയ്ക്ക് അന്തിമ അനുമതി കൊടുക്കുകയുള്ളു.

ആരോഗ്യ നില വഷളായതിനെ തുടർന്നായിരുന്നു കേരളത്തിലേക്ക് പോകാൻ അനുമതി തേടി മഅദനി സുപ്രീംകോടതിയെ സമീപിച്ചത്

ബെംഗളൂരു സ്‌ഫോടനക്കേസിൽ 2014 ൽ ഉപാധികളോടെ ജാമ്യം ലഭിച്ച അബ്ദുൽ നാസർ മഅദനി കഴിഞ്ഞ 9 വർഷമായി ബെംഗളൂരുവിൽ വാടകയ്ക്ക് താമസിക്കുകയാണ്. ബെംഗളൂരു നഗരം വിട്ട് പോകരുതെന്നായിരുന്നു അന്ന് സുപ്രീംകോടതി മുന്നോട്ട് വച്ച ജാമ്യ ഉപാധി. എന്നാൽ ആരോഗ്യ നില വഷളായതിനെ തുടർന്നായിരുന്നു കേരളത്തിലേക്ക് പോകാൻ അനുമതി തേടി മഅദനി സുപ്രീംകോടതിയെ സമീപിച്ചത്.

തിങ്കളാഴ്ചയാണ്, ജൂലൈ 10 വരെ കേരളത്തിൽ തങ്ങാൻ ജാമ്യ വ്യവസ്ഥയിൽ ഇളവ് അനുവദിച്ചത്. ഡൽഹിയിൽ നിന്ന് കോടതി ഉത്തരവുമായി ചൊവ്വാഴ്ച അഭിഭാഷകൻ ബെംഗളൂരുവിൽ പോലീസിനെ സമീപിച്ചതോടെയാണ് സുരക്ഷാ പരിശോധന സംബന്ധിച്ച വിവരം ലഭിച്ചത്. കർണാടക പോലീസിന്റെ വൻ സുരക്ഷാ അകമ്പടിയിലാണ് മഅദനിയെ കേരളത്തിലേക്ക് വിടുക. പോലീസുകാരുടെ എണ്ണത്തിനനുസരിച്ച് ചെലവാകുന്ന തുക കർണാടകയിൽ മഅദനി കെട്ടിവയ്ക്കണം.

നേരത്തെ മക്കളുടെ വിവാഹത്തിനും മാതാവിനെ സന്ദർശിക്കാനും ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി കേരളത്തിലേക്ക് തിരിച്ചപ്പോഴും സമാനമായിരുന്നു സ്ഥിതി. സുരക്ഷാ പരിശോധന പൂർത്തിയായ ശേഷം പോലീസിന്റെ ചെലവ് സംബന്ധിച്ച വിവരങ്ങൾ മഅദനിയുടെ അഭിഭാഷകന് കൈമാറും. ഈ തുക കെട്ടിവച്ചാൽ മാത്രമേ ബാക്കി നടപടികളിലേക്ക് പോലീസ് കടക്കൂ. വിമാനത്തിലാണോ റോഡ് മാർഗമാണോ യാത്രയെന്ന് മഅദനിക്ക് തീരുമാനിക്കാം.

2008 ലെ ബാംഗ്ലൂർ സ്ഫോടന കേസിൽ 3-1ാം പ്രതിയാണ് പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനി. ആദ്യം കർണാടക പോലീസും പിന്നീട് എൻഐഎയും ഏറ്റെടുത്ത കേസിൽ വിചാരണ ഇതുവരെ പൂർത്തിയായിട്ടില്ല.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ