INDIA

ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവം; കാൽ കഴുകി ക്ഷമാപണം നടത്തി മധ്യപ്രദേശ് മുഖ്യമന്ത്രി

യുവാവിന്റെ കാൽ കഴുകുകയും കഴുത്തിൽ മാല ചാര്‍ത്തുകയും ചെയ്യുന്ന ചിത്രങ്ങള്‍ ശിവരാജ് സിങ് ചൗഹാൻ ട്വിറ്ററിൽ പങ്കുവച്ചു

വെബ് ഡെസ്ക്

മധ്യപ്രദേശിൽ ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രം ഒഴിച്ച സംഭവത്തില്‍ യുവാവിന്റെ കാൽ കഴുകി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. ഭോപ്പാലിലെ തന്റെ ഔദ്യോഗിക വസതിയില്‍ വച്ചാണ് ശിവരാജ് സിങ് ചൗഹാൻ യുവാവിന്റെ കാൽ കഴുകിയത്. യുവാവിന്റെ കാൽ കഴുകുകയും കഴുത്തിൽ മാല ചാര്‍ത്തുകയും ചെയ്യുന്ന ചിത്രങ്ങള്‍ മുഖ്യമന്ത്രി ട്വിറ്ററിൽ പങ്കുവച്ചു.

''ആ വീഡിയോ കണ്ടപ്പോൾ വേദന തോന്നി. ഞാൻ നിങ്ങളോട് ക്ഷമ ചോദിക്കുന്നു''- മുഖ്യമന്ത്രി ദഷ്മത് റാവത്തിനോട് പറഞ്ഞു. മുഖ്യമന്ത്രി ദഷ്മതിന്റെ കാൽ കഴുകി നെറ്റിയിൽ തിലകവും കഴുത്തിൽ മാല ചാർത്തുകയും ഉപഹാരങ്ങൾ നൽകുകയും ചെയ്തു. നേരത്തെ ഭോപ്പാലിലെ സ്മാര്‍ട് സിറ്റി പാര്‍ക്കില്‍ യുവാവിനൊപ്പമെത്തിയ മുഖ്യമന്ത്രി വൃക്ഷ തൈ നട്ടിരുന്നു.

മധ്യപ്രദേശിലെ സിദ്ധിയിൽ പ്രവേശ് ശുക്ല എന്നയാൾ യുവാവിന്റെ മുഖത്തും ദേഹത്തും മൂത്രമൊഴിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതോടെ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു. മൂന്ന് മാസം മുൻപ് നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്.

സംഭവത്തിൽ മുഖ്യമന്ത്രി ദഷ്മത് റാവത്തിനോട് മാപ്പ് പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന് പ്രവേശ് ശുക്ലയെ പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ഇയാളുടെ വീടിന്റെ ഒരു ഭാഗം ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുകയും ചെയ്തിരുന്നു. അനധികൃതമായി പണിഞ്ഞതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പര്‍വേഷ് ശുക്ലയുടെ വീട് പൊളിച്ചു നീക്കിയത്.

ദേശീയ സുരക്ഷ നിയമം, എസ്സി/എസ്ടി ആക്റ്റ്, ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ മറ്റ് വകുപ്പുകളും ചുമത്തിയാണ് പര്‍വേഷ് ശുക്ലയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രവേശ് സിദ്ധിയിലെ ബിജെപി പ്രവർത്തകനാണെന്നും കേദാർ ശുക്ലയുടെ കൂട്ടാളിയാണ് എന്നും കോൺഗ്രസ് ആരോപിച്ചിരുന്നു. ബിജെപി എംഎല്‍എയായ രാജേന്ദ്ര ശുക്ലക്കൊപ്പമുള്ള പ്രതിയുടെ ചിത്രവും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ബിജെപി ഇത് നിഷേധിച്ചു.

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി