INDIA

'ക്രിമിനൽ കേസുകളുടെ വിവരങ്ങൾ നൽകണം;' സ്വയം പ്രഖ്യാപിത ആത്മീയ ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനെതിരെ മദ്രാസ് ഹൈക്കോടതി, പോലീസ് പരിശോധന

വെബ് ഡെസ്ക്

സ്വയം പ്രഖ്യാപിത ആത്മീയ ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനെതിരായ എല്ലാ ക്രിമിനൽ കേസുകളുടെയും വിവരം തമിഴ്‍നാട് സർക്കാരിനോട് മദ്രാസ് ഹൈക്കോടതി. തന്റെ രണ്ടു പെൺമക്കളെ പ്രലോഭിപ്പിച്ച് ഇഷ ഫൗണ്ടേഷനിൽ താമസിപ്പിച്ചിരിക്കുന്നുവെന്ന കോയമ്പത്തൂർ സ്വദേശി എസ് കാമരാജിന്റെ ഹേബിയസ് കോർപസ് ഹർജി പരിഗണിക്കവെയാണ് കോടതി നിർദേശം.

നല്ല വിദ്യാഭ്യാസ യോഗ്യതയുള്ള കാമരാജിന്റെ രണ്ട് പെണ്മക്കൾ ഇഷ ഫൗണ്ടേഷനിലാണ് കഴിയുന്നത്. അവരെ മനം മാറ്റിയതിലൂടെയാണ് പെണ്മക്കൾ തന്നെ വിട്ടുപോയതെന്നാണ് അദ്ദേഹം വാദിച്ചത്. ജഗ്ഗി വാസുദേവ് സ്വന്തം മകളുടെ കല്യാണം നടത്തുകയും അവരെ ജീവിതത്തിൽ നല്ല നിലയിലെത്തിക്കുകയും ചെയ്തശേഷം മറ്റുള്ളവരോട് ലൗകിക ജീവിതം ഉപേക്ഷിക്കാൻ ആവശ്യപ്പെടുകയാണെന്ന് കോടതി നിരീക്ഷിച്ചു.

ജസ്റ്റിസുമാരായ എസ് എം സുബ്രമണ്യം, വി ശിവജ്ഞാനം എന്നിവരായിരുന്നു കേസ് പരിഗണിച്ചത്. ഇഷ ഫൗണ്ടേഷനെതിരെ നിരവധി ക്രിമിനൽ പരാതികളുള്ളതിനാൽ വിഷയത്തിൽ കൂടുതൽ പരിശോധന വേണമെന്നു കോടതി പറഞ്ഞു. "ഫൗണ്ടേഷനെതിരെ ഉയർന്നുവരുന്ന ആരോപണങ്ങളുടെ ഗൗരവതരവും അവിടെ താമസിക്കുന്നവര്‍ സംസാരിച്ച രീതിയും കണക്കിലെടുക്കുമ്പോൾ, ആരോപണങ്ങളുടെ പിന്നിലെ സത്യാവസ്ഥ മനസ്സിലാക്കാൻ കുറച്ചുകൂടി ആലോചനകൾ ആവശ്യമാണ്," കോടതി അഭിപ്രായപ്പെട്ടു.

കാമരാജിന്റെ നാല്പത്തിരണ്ടും മുപ്പത്തിയൊൻപതും വയസുള്ള പെണ്മക്കൾ നിലവിൽ കോയമ്പത്തൂരിലെ ഇഷാ യോഗാ സെൻ്ററിലാണ് താമസിക്കുന്നത്. അവരെ കാണാനോ ബന്ധപ്പെടാനോ കുടുംബാംഗങ്ങളെ അനുവദിക്കുന്നില്ലെന്നാണ് കാമരാജ് ആരോപിക്കുന്നത്. ഒപ്പം ഫൗണ്ടേഷനെതിരെ നിലനിൽക്കുന്ന നിരവധി ക്രിമിനൽ കേസുകളും ലൈംഗിക പീഡനവും മോശം പെരുമാറ്റവും സംബന്ധിച്ച ആരോപണങ്ങളും അദ്ദേഹം കോടതിയിൽ ഉയർത്തിയിരുന്നു.

കോടതിയുടെ മുൻ ഉത്തരവ് അനുസരിച്ച് രണ്ട് സ്ത്രീകളും കോടതിയിൽ ഹാജരായിരുന്നു. തങ്ങൾ സ്വയം സന്നദ്ധതയോടെയാണ് ഫൗണ്ടേഷനിലെത്തിയതെന്നും ആരും നിർബന്ധിക്കുന്നില്ലെന്നും അവർ പറഞ്ഞെങ്കിലും ജഡ്ജിമാർ അവരുമായി ചേംബറിൽ സംസാരിച്ചിരുന്നു. തുടർന്നാണ് സംഭവത്തിൽ കൂടുതൽ സംശയങ്ങളുള്ളതായി കോടതി അറിയിച്ചത്.

കോടതി റിപ്പോർട്ട് തേടിയതിന് തൊട്ടുപിന്നാലെ വൻ പോലീസ് സംഘം ഇഷ ഫൗണ്ടേഷൻ്റെ ആശ്രമത്തിൽ പരിശോധന നടത്തി. എ എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ 150 പോലീസ് ഉദ്യോഗസ്ഥരുടെ സംഘമാണ് തൊണ്ടമുത്തൂരിലെ ആശ്രമത്തിൽ പരിശോധനയ്ക്ക് എത്തിയത്. ആശ്രമത്തിലെ അന്തേവാസികൾ, മുറികൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.

പശ്ചിമേഷ്യയുടെ നിയന്ത്രണം ഇസ്രയേല്‍ കയ്യടക്കിയാല്‍ എന്തു ചെയ്യും? അറബ് രാഷ്ട്രങ്ങളെ ഒന്നിപ്പിച്ച് പ്രതിരോധം ശക്തമാക്കാന്‍ ഇറാന്‍

'വൈവാഹിക ബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കരുത്, സാമൂഹിക വിഷയം'; സുപ്രീംകോടതിയില്‍ സത്യവാങ്മൂലവുമായി കേന്ദ്രം

ഇസ്രയേലിലേക്ക് വീണ്ടും ആക്രമണം, 85 ഓളം മോര്‍ട്ടാറുകളും റോക്കറ്റുകളും ലെബനില്‍ നിന്നെത്തിയെന്ന് ഐഡിഎഫ്

സദ്ഗുരു ജഗ്ഗി വാസുദേവിനും ഇഷ ഫൗണ്ടേഷനുമെതിരായ മദ്രാസ് ഹൈക്കോടതി ഉത്തരവിന് സ്‌റ്റേ; കേസ് സുപ്രീം കോടതിയിലേക്ക് മാറ്റി

നടന്‍ മോഹന്‍രാജ് അന്തരിച്ചു