തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗം നിരോധിച്ച് മദ്രാസ് ഹൈക്കോടതി ഉത്തരവ്. ക്ഷേത്രത്തിനകത്ത് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനാണ് നിരോധനം. ക്ഷേത്രങ്ങളുടെ വിശുദ്ധിയും പവിത്രതയും കാത്തുസൂക്ഷിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്. ഇത് സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഹിന്ദു മത ചാരിറ്റബിൾ എൻഡോവ്‌മെന്റ് കമ്മീഷണർക്ക് ഹൈക്കോടതി നിർദേശം നൽകി.
തൂത്തുക്കുടി ജില്ലയിലെ തിരുച്ചെന്തൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനുള്ളിൽ മൊബൈൽ ഫോൺ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് എം സീതാരാമൻ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിലാണ് കോടതി ഉത്തരവ്. ഭക്തർ ഫോണ്‍ ഉപയോഗിച്ച് വിഗ്രഹങ്ങളുടെയും പൂജകളുടെയും ഫോട്ടോയും വീഡിയോയും പകര്‍ത്തുന്നതിനെതിരെയായിരുന്നു ഹർജി. താന്ത്രിക വിധി പ്രകാരം പൂജകള്‍ നടക്കുന്ന ക്ഷേത്രങ്ങളില്‍ ഇത് അനുവദനീയമല്ലെന്നായിരുന്നു വാദം. രാജ്യത്തെ വിവിധ ക്ഷേത്രങ്ങളില്‍ ഫോണുകളും ക്യാമറകളും ഉപയോഗിക്കുന്നതിനുള്ള നിരോധനവും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ജസ്‌റ്റിസ് ആർ മഹാദേവൻ, ജസ്‌റ്റിസ് ജെ സത്യനാരായണ പ്രസാദ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്. ഭക്തരുടെ ബുദ്ധിമുട്ട് ഇല്ലാതാക്കാനായി രാജ്യത്തെ ചില ക്ഷേത്രങ്ങളിൽ മൊബൈൽ ഫോൺ നിരോധനം കൊണ്ടുവരികയും വിജയകരമായി നടപ്പാക്കുകയും ചെയ്തതായി ജസ്‌റ്റിസ് ജെ സത്യനാരായണ പ്രസാദ് നിരീക്ഷിച്ചു. ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം, മധുര മീനാക്ഷി ക്ഷേത്രം, തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രം എന്നിങ്ങനെ മൊബൈൽ ഫോൺ നിരോധിച്ച ക്ഷേത്രങ്ങളിലെ സാഹചര്യമാണ് കോടതി ചൂണ്ടിക്കാട്ടിയത്. മൊബൈൽ ഫോണുകൾ പ്രത്യേക സെക്യൂരിറ്റി കൗണ്ടറുകളില്‍ സൂക്ഷിക്കാനാണ് നിര്‍ദേശം.
ഭരണഘടനയുടെ 25-ാം അനുച്ഛേദം അനുസരിച്ച്, രാജ്യത്തെ എല്ലാ വ്യക്തികൾക്കും സ്വതന്ത്രമായി ഏത് മതം വിശ്വസിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനും അവകാശമുണ്ട്. എന്നാൽ, ക്ഷേത്രപരിസരത്തിനകത്ത് ഭക്തർ എങ്ങനെ പെരുമാറണമെന്നുളളത് ക്ഷേത്രത്തിലെ പൂജാദികർമങ്ങളിൽ പാലിക്കേണ്ട ആചാരങ്ങൾക്ക് അനുസൃതമായിരിക്കുമെന്ന് കോടതി നിരീക്ഷിച്ചു. അത് ഉറപ്പ് വരുത്തേണ്ടത് ക്ഷേത്രഭാരവാഹികളുടെ കടമയാണെന്നും കോടതി വ്യക്തമാക്കി.1947-ലെ തമിഴ്‌നാട് ക്ഷേത്രപ്രവേശന നിയമം അടിസ്ഥാനമാക്കി ട്രസ്റ്റികൾക്കോ മറ്റ് ഭാരവാഹികള്‍ക്കോ ക്ഷേത്ര സംബന്ധമായ വിഷയങ്ങളിൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിനുളള അധികാരമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഭക്തരുടെ അവകാശങ്ങളും സൗകര്യങ്ങളും ഇല്ലാതാക്കുന്ന ഒരു നിയന്ത്രണങ്ങളും പാടില്ലെന്നും കോടതി ഓർമിപ്പിച്ചു.
കോടതി നിർദേശപ്രകാരം തിരുച്ചെന്തൂർ ക്ഷേത്രത്തിലെ പൂജാരികൾക്കും ഭക്തർക്കും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്താൻ നടപടി സ്വീകരിച്ചതായി ക്ഷേത്രം ഭാരവാഹികള്‍ കോടതിയെ അറിയിച്ചു. റിപ്പോർട്ട് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ കോടതിയിൽ സമർപ്പിച്ചു.