സുരക്ഷാ കാരണങ്ങള്‍ചൂണ്ടിക്കാട്ടി തമിഴ്‌നാട് പോലീസ് അനുമതി നിഷേധിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിയ്ക്ക് അനുമതി നല്‍കണമെന്ന് ഹൈക്കോടതി. പോലീസ് നടപടി ചോദ്യം ചെയ്ത് ബിജെപി തമിഴ്‌നാട് ഘടകം നല്‍കിയ ഹര്‍ജി പരിഗണിച്ച മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് എന്‍ ആനന്ദ് വെങ്കിടേഷിന്റേതാണ് നടപടി. റോഡ് ഷോ ഉപാധികളോടെ അനുവദിക്കാമെന്നാണ് കോടതിയുടെ നിര്‍ദേശം. ബിജെപി കോയമ്പത്തൂര്‍ ജില്ലാ സെക്രട്ടറിയാണ് പോലീസ് നടപടിക്ക് എതിരെ ഹൈക്കോടതിയെ സമീപിച്ചത്.
കോയമ്പത്തൂര്‍ നഗരത്തില്‍ 3.6 കിലോ മീറ്റര്‍ ദൂരം റോഡ് ഷോ നടത്താനാണ് ബിജെപി അനുമതി തേടിയത്. എന്നാല്‍ സുരക്ഷാ കാരണങ്ങള്‍, കോയമ്പത്തൂര്‍ സ്ഫോടന പശ്ചാത്തലം, പൊതുജനങ്ങള്‍ക്കുള്ള ബുദ്ധിമുട്ട് എന്നിവ ചൂണ്ടിക്കാട്ടി കോയമ്പത്തൂര്‍ ജില്ലാ പോലീസ് പരിപാടിക്ക് അനുമതി നിഷേധിക്കുകയായിരുന്നു. മാര്‍ച്ച് പതിനെട്ടിനായിരുന്നു റോഡ് ഷോ നിശ്ചയിച്ചിരുന്നത്.
1998-ല്‍ കോയമ്പത്തൂരില്‍ സ്ഫോടനം നടന്ന സ്ഥലങ്ങളില്‍ ഒന്നായ ആര്‍എസ് പുരം ആയിരുന്നു ബിജെപി റോഡ് ഷോയുടെ അവസാന വേദിയായി തിരഞ്ഞെടുത്തിരുന്നത്. ഇതുള്‍പ്പെടെ പോലീസ് പ്രശ്‌നമായി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ മാര്‍ച്ച് 18, 19 തീയതികളില്‍ പൊതു പരീക്ഷകള്‍ നടക്കുന്നുണ്ടെന്നും റോഡ് ഷോ പോലുള്ള പരിപാടികള്‍ വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും പോലീസ് ചൂണ്ടിക്കാട്ടിയിരുന്നു. കോയമ്പത്തൂരില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് റാലി നടത്താന്‍ പൊതുവേ അനുമതി നല്‍കാറില്ലെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.