INDIA

സെന്തിൽ ബാലാജിയുടെ അറസ്റ്റ്; ഹേബിയസ് കോര്‍പ്പസ് ഹർജി കേള്‍ക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

ഹർജി ഇന്ന് വൈകിട്ട് 4.15ന് പുതിയ ബെഞ്ച് പരിഗണിച്ചേക്കും.

വെബ് ഡെസ്ക്

തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയെ കാണാനില്ലെന്ന് കാണിച്ച് ഭാര്യ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജി പരിഗണിക്കുന്ന ബെഞ്ചിൽ നിന്ന് മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ആർ ശക്തിവേൽ പിൻമാറി. സ്റ്റാലിന്‍ മന്ത്രിസഭയില്‍ വൈദ്യുതി- എക്‌സൈസ് വകുപ്പ് മന്ത്രിയായ സെന്തില്‍ ബാലാജിയെ ഇന്ന് പുലര്‍ച്ചെയാണ് ഇ ഡി അറസ്റ്റ് ചെയ്തത്.

യാതൊരു അറിയിപ്പും സമൻസും ഇല്ലാതെയാണ് അറസ്റ്റ് നടന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തത്. ഇന്ന് ഉച്ചയ്ക്ക് 2.15ന് ജസ്റ്റിസ് എം സുന്ദർ, ജസ്റ്റിസ് ആർ ശക്തിവേൽ എന്നിവരടങ്ങിയ ബെഞ്ചിന് കേസ് പരിഗണിക്കാനിരിക്കെയാണ് ജഡ്ജി പിന്മാറിയത്. ഹർജി ഇന്ന് വൈകിട്ട് 4.15ന് പുതിയ ബെഞ്ച് പരിഗണിച്ചേക്കും.

ജയലളിത മന്ത്രിസഭയില്‍ ഗതാഗതമന്ത്രിയായിരിക്കെ ജോലി നല്‍കുന്നതിന് കോഴ ആവശ്യപ്പെട്ടെന്ന കേസിലാണ് ഇ ഡി ബാലാജിയെ അറസ്റ്റ് ചെയ്തത്. ഇന്നലെ സെന്തില്‍ ബാലാജിയുടെ ഔദ്യോഗിക വസതിയിലും ചെന്നൈയിലെ ബംഗ്ലാവിലും കരൂരിലെയും കോയമ്പത്തൂരിലും അദ്ദേഹവുമായി ബന്ധപ്പെട്ടുള്ള സ്ഥാപനങ്ങളിലും ഇഡി പരിശോധന നടത്തിയിരുന്നു. 17 മണിക്കൂർ നീണ്ട പരിശോധനയ്ക്കും ചോദ്യംചെയ്യലിനും ശേഷം പുലർച്ചെയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആൻജിയോഗ്രാം പരിശോധനയ്ക്ക് മന്ത്രിയെ വിധേയനാക്കിയെന്നും ഹൃദയധമനികളിൽ മൂന്ന് ബ്ലോക്ക് കണ്ടെത്തിയെന്നും ഉടന്‍ ബൈപ്പാസ് സര്‍ജറിക്ക് വിധേയനാക്കണമെന്നും മെഡിക്കല്‍ ബുളളറ്റിന്‍ വ്യക്തമാക്കുന്നു.

അറസ്റ്റിനെതിരെ കടുത്തപ്രതിഷേധമാണ് ഡിഎംകെ ഉയർത്തുന്നത്. അറസ്റ്റ് നിയമവിരുദ്ധമെന്നും ബിജെപിയുടെ ഭീഷണിക്കും സമ്മര്‍ദത്തിനും വഴങ്ങില്ലെന്നും നിയമപരമായി നേരിടുമെന്നും ഉദയനിധി സ്റ്റാലിൻ പ്രതികരിച്ചു. ഭാവി പരിപാടികൾ ആസൂത്രണം ചെയ്യാൻ മുഖ്യമന്ത്രി എ കെ സ്റ്റാലിന്റെ വസതിയിൽ കൂടിയാലോചനകൾ നടക്കുകയാണ്.

2011-15 കാലയളവിലാണ് സെന്തില്‍ ബാലാജി ഗതാഗതമന്ത്രിയായത്. മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനില്‍ ജോലിക്കായി കൈക്കൂലി ആവശ്യപ്പെട്ടന്നായിരുന്നു ആരോപണം. സംസ്ഥാന സെക്രട്ടേറിറ്റിലടക്കം പരിശോധന നടത്താനുള്ള ഇ ഡി നടപടി ഇന്നലെ വ്യാപക പ്രതിഷേധത്തിന് വഴിവച്ചിരുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ ദുരുപയോഗം ചെയ്യുകയാണ് കേന്ദ്ര സർക്കാരെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചു. ഫെഡറൽ സംവിധാനത്തോടുള്ള വെല്ലുവിളിയാണ് നടപടിയെന്ന് എം കെ സ്റ്റാലിനും ഇന്നലെ പ്രതികരിച്ചിരുന്നു.

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ